SignIn
Kerala Kaumudi Online
Thursday, 02 December 2021 6.49 AM IST

'നോക്കുകൂലി ' ആ വാക്ക് ഇനി കേൾക്കരുത്

nokkukooli

നോക്കുകൂലിക്കെതിരെ ഒരു തുറന്ന പോരാട്ടം തന്നെയാണ് ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ നടത്തിയത്. തന്റെ മുന്നിലെത്തിയ നോക്കുകൂലി കേസുകളിൽ ശക്തമായ നിരീക്ഷണത്തിന് പുറമേ ആ വാക്കു തന്നെ കേൾക്കരുതെന്ന ശക്തമായ താക്കീതും തൊഴിലാളി യൂണിയനുകൾക്ക് അദ്ദേഹം നൽകി. ഹൈക്കോടതി ശക്തമായ നിലപാടെടുത്തതോടെ സർക്കാരും നോക്കുകൂലിക്കെതിരെ ബോധവത്‌‌കരണവും കുറ്റക്കാരുടെ രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള തീരുമാനവുമായി രംഗത്തെത്തി. കോടതിയുടെ മുന്നിലുള്ള കേസുകൾ തീർപ്പായില്ലെങ്കിലും നോക്കുകൂലിയുമായി ബന്ധപ്പെട്ട് ഒരു അന്തിമവിധി പറയാനാണ് കോടതി ശ്രമിക്കുന്നതെന്ന് വ്യക്തം. എന്നും കേരളത്തിന് പേരുദോഷം കേൾപ്പിക്കുന്ന നോക്കുകൂലി തുടച്ചു നീക്കിയേ മതിയാകൂ. അതിനായി കുറ്റക്കാർക്കെതിരെ ശക്തവും മാതൃകാപരവുമായ നടപടിയെടുക്കുകയാണ് വേണ്ടത്.

നോക്കുകൂലിയെ കേരളത്തിൽ നിന്ന് വേരോടെ പിഴുതെറിയണമെന്നും ആ വാക്ക് ഇനി കേൾക്കരുതെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. നോക്കുകൂലി ചോദിച്ചാൽ കൊടിയുടെ നിറം നോക്കാതെ പൊലീസ് കർശന നടപടി സ്വീകരിക്കണം. കേരളം അക്രമോത്സുകമായ ട്രേഡ് യൂണിയനിസമുള്ള സംസ്ഥാനമാണെന്ന പ്രതിച്ഛായ മാറണം. ട്രേഡ് യൂണിയനുകൾ ഇല്ലെങ്കിൽ ചൂഷണം നടക്കാം. എന്നാൽ, യൂണിയനുകൾ നിലകൊള്ളേണ്ടത് നിയമപരമായ അവകാശങ്ങൾക്കാണ്. അടിപിടിയുണ്ടാക്കാനല്ല യൂണിയൻ രൂപീകരണം. മറ്റ് സംസ്ഥാനങ്ങൾ നിക്ഷേപകരെ ആകർഷിക്കാൻ ഏതുതലം വരെ പോകുന്നുവെന്ന് നോക്കണം. കോടതിയുടെ ഈ നിരീക്ഷണങ്ങൾ നടപ്പാകണമെങ്കിൽ സർക്കാർ ധീരമായി മുന്നോട്ടു വരണം. യൂണിയനുകളെ അഴിച്ചുവിടുന്ന രീതിക്ക് ഇനിയെങ്കിലും ഒരവസാനമുണ്ടാകണം. നോക്കുകൂലി ചോദിക്കുകയും കൊടുത്തില്ലെങ്കിൽ അക്രമിക്കുകയും ചെയ്യുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കണം. ഇക്കാര്യത്തിൽ കൊടിയുടെ നിറം നോക്കിയോ ബാഹ്യസമ്മർദ്ദമോ ഇല്ലാതെ നടപടിയെടുക്കാൻ പൊലീസിന് കഴിയണം.

നോക്കുകൂലി വിഷയത്തിൽ ത്രിതല സംവിധാനം ഏർപ്പെടുത്തിയെന്നാണ് സർക്കാരിന്റെ അവകാശവാദം. നോക്കുകൂലിയോ ബന്ധപ്പെട്ട വിഷയങ്ങളോ റിപ്പോർട്ട് ചെയ്യാൻ ടോൾ ഫ്രീ നമ്പർ ആരംഭിച്ചത് നല്ലകാര്യം തന്നെ. പരാതി രജിസ്‌റ്റർ ചെയ്‌താൽ അസി. ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, ജില്ലാ ലേബർ ഓഫീസർ എന്നിവർ ഇടപെട്ട് പരിഹാരം കാണും. രജിസ്‌റ്റർ ചെയ്‌ത തൊഴിലാളികൾക്ക് എതിരെയുള്ള പരാതികളിൽ ജോബ് കാർഡ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്‌റ്റർ ചെയ്യുമെന്നും സർക്കാർ വിശദീകരിക്കുന്നു. ഈ സംവിധാനങ്ങൾ നേരത്തെ നിലവിൽ വന്നതാണെങ്കിലും എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന ചോദ്യം പ്രസക്‌തമാണ്. തെറ്റുകാണിക്കുന്ന യൂണിയൻ അംഗങ്ങളെ പിന്താങ്ങാൻ രാഷ്‌ട്രീയ പാർട്ടികളും ശ്രമിക്കരുത്. രാഷ്‌ട്രീയ പിന്തുണയില്ലെന്ന് വ്യക്തമായാൽ തൊഴിലാളികൾ അതിക്രമങ്ങൾക്ക് മുതിരില്ലെന്ന് പഴകാല സംഭവങ്ങൾ ഓർമ്മിപ്പിക്കുന്നു.

കോടതിയിൽ കേസ് നടക്കുമ്പോഴും നോക്കുകൂലി ചോദിക്കുകയും നൽകാത്തവരെ മർദ്ദിക്കുകയും ചെയ്‌ത സംഭവങ്ങൾ റിപ്പോർട്ടു ചെയ്‌തു. സർക്കാർ കോടതിയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാനുള്ള ഇച്‌ഛാശക്തിയാണ് ഇനി വേണ്ടത്. നാണക്കേടുണ്ടാക്കുന്ന നടപടികളുമായി തൊഴിലാളികൾ പോയാൽ കർശന നടപടികൾ സ്വീകരിച്ച് സർക്കാർ മാതൃകയാകണം. നോക്കുകൂലി ഇല്ലാതാക്കിയാൽ വ്യാവസായിക അന്തരീക്ഷം മാറുമെന്ന കാര്യത്തിൽ തർക്കമില്ല.

കേരളത്തെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനാണ് സർക്കാർ ഉൾപ്പെടെ ശ്രമിക്കുന്നതെന്ന് യൂണിയനുകൾ മനസിലാക്കണമെന്ന് കോടതി ഓർമ്മപ്പെടുത്തുന്നു. നിക്ഷേപങ്ങൾ വരുമ്പോൾ തൊഴിലവസരങ്ങൾ കൂടുമെന്ന് തിരിച്ചറിയണം. വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടാവരുത്. അക്രമമല്ല പ്രശ്‌നങ്ങൾക്കുള്ള പരിഹാരം. ആക്രമണ സ്വഭാവമുള്ള തൊഴിലാളി യൂണിയനുകളാണ് കേരളത്തിലുള്ളതെന്ന ചീത്തപ്പേര് മാറ്റിയെടുക്കാൻ ഒന്നും ചെയ്യുന്നില്ല.

ഹെഡ്‌ലോഡ് വർക്കേഴ്‌സ് ആക്ട് നടപ്പാക്കിയാൽ ഇതു മാറും. സ്വന്തം ജനങ്ങൾക്കു നേരെയല്ല വിപ്‌ളവം നയിക്കേണ്ടത്. തിരുവനന്തപുരത്ത് വി.എസ്.എസ്.സിയിലേക്ക് വന്ന വാഹനം തടഞ്ഞ സംഭവം രാജ്യത്താകെ കേരളത്തിന്റെ പേരു മോശമാക്കി. തൊഴിൽ നിഷേധിക്കപ്പെട്ടാൽ തൊഴിലാളികൾ ക്ഷേമബോർഡിനെ സമീപിക്കണം. ഇങ്ങനെ സമീപിച്ചാൽ ബോർഡ് പരിഹാരം കാണണം. അവകാശങ്ങൾ നേടിയെടുക്കാൻ യൂണിയനുകൾ അനിവാര്യമാണ്. എന്നാൽ അക്രമസ്വഭാവമുള്ള യൂണിയനുകൾ വേണ്ട. നിയമത്തിൽ വിശ്വസിക്കുകയും അതു പാലിക്കുകയും വേണമെന്ന ഹൈക്കോടതിയുടെ നിരീക്ഷണം ഗൗരവതരവും പ്രസക്തവുമാണെന്നതിൽ തർക്കമില്ല.

നോക്കുകൂലിയെന്നതു ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന ഏർപ്പാടാണെന്നും ഇതിനെതിരെ കർശന നടപടി എടുക്കണമെന്നുമാണ് ഹൈക്കോടതിയുടെ അഭിപ്രായം. 'നോ നോക്കുകൂലി' പദ്ധതി നടപ്പാക്കുകയാണെന്നും ഇതിന്റെ ഭാഗമായി ജില്ലാ തലങ്ങളിൽ യൂണിയൻ അംഗങ്ങളും തൊഴിൽവകുപ്പ് ഉദ്യോഗസ്ഥരുമുൾപ്പെടെ പങ്കെടുക്കുന്ന യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി കഴിഞ്ഞു. തൊഴിൽമന്ത്രി ഉൾപ്പെടെ പങ്കെടുക്കുന്ന യൂണിയൻ നേതാക്കളുടെ യോഗം വിളിക്കും. തൊഴിലാളികളെ ബോധവത്കരിക്കാനായി ക്ളാസ് സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി. എന്നാൽ നടപടിയെടുക്കാൻ പൊലീസിനാണ് ബോധവത്കരണം നടത്തേണ്ടതെന്ന് കോടതി വാക്കാൽ പറഞ്ഞതും ശ്രദ്ധേയമാണ്. നോക്കുകൂലിക്കെതിരെ കർശനമായ നടപടി വേണം.

അല്ലെങ്കിൽ നമ്മുടെ വ്യവസായ വ്യാപാര അന്തരീക്ഷം ഒരിക്കലും മെച്ചപ്പെടില്ല. സംരക്ഷിക്കാൻ ആളുണ്ടെന്ന് യൂണിയൻകാർക്ക് ഉറപ്പുള്ളതിനാലാണ് നോക്കുകൂലി ആവർത്തിക്കപ്പെടുന്നത്. തിരുവനന്തപുരത്ത് നോക്കുകൂലി നൽകിയില്ലെന്ന പേരിൽ ഒരാളുടെ കൈ തല്ലിയൊടിച്ച സംഭവം ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇവരെ അറസ്റ്റ് ചെയ്‌തെന്നു സർക്കാർ വ്യക്തമാക്കിയപ്പോൾ ഇവർക്ക് ജാമ്യം ലഭിച്ചോയെന്ന് വാക്കാൽ ചോദിച്ച സിംഗിൾബെഞ്ച് പ്രതികൾ ജാമ്യത്തിലിറങ്ങിയാൽ മാലയിട്ടു സ്വീകരിക്കാൻ ആളുണ്ടാവുമെന്നും പറഞ്ഞു.

കോടതിയും സർക്കാരും എന്തു പറഞ്ഞാലും നടപടിയെടുക്കാൻ പൊലീസ് ധീരമായി മുന്നോട്ടു വന്നാലെ നോക്കുകൂലിയെന്ന വാക്കു തന്നെ അപ്രസക്തമാകൂ. പൊലീസിന് ഒരു സമ്മർദ്ദവുമില്ലാതെ നടപടിയെടുക്കാൻ കഴിയണം. കേസ് രജിസ്‌റ്റർ ചെയ്‌താൽ പ്രതികൾക്കായി പൊലീസ് സ്‌റ്റേഷൻ കയറിയിറങ്ങുന്ന നേതാക്കളുടെ നിരയ്‌ക്കും അവസാനമുണ്ടാകണം. നോക്കുകൂലി ഇല്ലാതാക്കുകയെന്നത് സമൂഹത്തിലെ അനിവാര്യ മാറ്റമാണെന്ന് ഉൾക്കൊണ്ട് എല്ലാവരും കൈകോർക്കുകയാണ് വേണ്ടത്. നല്ല നാളേയ്‌ക്കുള്ള ധീരമായ ഉദ്യമമായി മാറുകതന്നെ വേണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NOKKU KOOLI
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.