''ഒരു അച്ഛനെന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്ന നിമിഷമാണിത്. സമയം എത്ര വേഗത്തിലാണ് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്. സ്വന്തമായി ഒരു പാട്ടൊരുക്കാൻ പാകത്തിന് അവൻ വളർന്നിരിക്കുന്നു.""
മകൻ നന്ദഗോപാൽ സംഗീത രംഗത്ത് പുതിയ ചുവടുവെയ്പ്പ് നടത്തിയ സന്തോഷത്തിലാണ് സംഗീത സംവിധായകൻ എം ജയചന്ദ്രൻ. സമ്മർ എന്ന പേരിൽ നന്ദഗോപാൽ ഒരുക്കിയ ഗാനം കഴിഞ്ഞ ദിവസം മോഹൻലാൽ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. നന്ദഗോപാൽ എഴുതിയ മനോഹര വരികൾക്ക് സംഗീതം പകർന്നതും നന്ദഗോപാലാണ്. ആ ഗാനരംഗത്ത് പാടി അഭിനയിക്കുകയും ചെയ്തു. വൈകാരികമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ജയചന്ദ്രൻ മകന്റെ സംഗീത ലോകത്തേക്കുള്ള വരവറിയിരിച്ചിരിക്കുന്നത്. നന്ദഗോപാലിന്റെ ആദ്യ സംഗീതസംരംഭം ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി.സമൂഹ മാദ്ധ്യമങ്ങളിൽ സമ്മറിന് നിറഞ്ഞ സ്വീകാര്യതയാണ് ലഭിക്കുന്നത്.
അച്ഛനെ പോലെ മകനും മികച്ച സംഗീതജ്ഞനായി മാറട്ടെയെന്ന് നിരവധിപേരാണ് ആശംസിച്ചിരിക്കുന്നത്. ഇനിയും മനോഹര ഗാനങ്ങൾക്കായി കാത്തിരിക്കുകയാണെന്നും സംഗീത പ്രേമികൾ പറഞ്ഞു. എം ജയചന്ദ്രനാണ് സമ്മർ മ്യൂസിക് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ശ്രീരാഗ് രാഘവനാണ് സംവിധാനവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്.