SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.52 PM IST

തിരുത്തില്ലെന്നുറച്ച് കാലിക്കറ്റ് സർവകലാശാല

cou-1

ഉന്നതവിദ്യാഭാസ രംഗത്തെ പരീക്ഷകളും പരീക്ഷാഫലങ്ങളുമെല്ലാം ഏറ്റവും വേഗത്തിലാക്കണമെന്ന നിലപാടിനോട് ഒരു ഘട്ടത്തിലും കൂറുപുലർത്തില്ലെന്ന വാശിയിലാണ് കാലിക്കറ്റ് സർവകലാശാല. മലബാറിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും പഠിക്കുന്ന കാലിക്കറ്റ് സർവകലാശാലയുടെ മെല്ലെപ്പോക്ക് നിരവധി വിദ്യാർത്ഥികളെ കെണിയിലാക്കി. നിരവധി സർക്കാർ എയ്ഡഡ് സ്വാശ്രയ കോളേജുകൾ സർവകലാശാലയ്ക്ക് കീഴിലുണ്ട്. പരീക്ഷകളിൽ സർവകലാശാല കാണിക്കുന്ന വേഗതക്കുറവ് കാരണം വിദ്യാർത്ഥികളുടെ പഠനം തന്നെ പാതിവഴിയിൽ മുടങ്ങിപ്പോവുന്നത് പതിവാണ്. കാലിക്കറ്റിന്റെ സിലബസ് വളരെ മികവുറ്റതായതിനാൽ മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ പോലും സർവകലാശാലക്ക് കീഴിൽ പഠനം നടത്തുന്നുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി കാലിക്കറ്റിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ മാദ്ധ്യമങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താറുണ്ടെങ്കിലും വേണ്ട വിധത്തിലുള്ള നടപടികൾ ഇത് വരെ സർക്കാർ കൈക്കൊണ്ടിട്ടില്ല.

മൂന്ന് വർഷമെടുത്ത് പൂർത്തീകരിക്കുന്ന ബിരുദ കോഴ്സുകളുടെ സർട്ടിഫിക്കറ്റുകൾക്കായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ നെട്ടോട്ടമോടുകയാണ്. ബിരുദം പൂർത്തിയാക്കിയ ഒരു വിദ്യാർത്ഥിക്ക് ആദ്യ ഘട്ടത്തിൽ ഗ്രേഡ് കാർഡാണ് സർവകലാശാല നൽകേണ്ടത്. പിന്നീട് ലഭിക്കുന്ന പ്രൊവിഷണൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ തുടർവിദ്യാഭാസത്തിനായി അപേക്ഷിക്കാം. ഇത്തവണ ഗ്രേഡ് കാർഡ് പോലും വിദ്യാർത്ഥികൾക്ക് ലഭിച്ചത് മാസങ്ങൾക്ക് ശേഷമാണ്. കേന്ദ്ര സർവകലാശാലകളടക്കം വളരെ നേരത്തെ അപേക്ഷകൾ ക്ഷണിക്കും. എന്നാൽ അപേക്ഷയ്‌ക്കൊപ്പം ഗ്രേഡ് കാർഡും സമർപ്പിക്കണമെന്നതാണ് പല വിദ്യാർത്ഥികളെയും നിരാശരാക്കിയത്. അവസാന സെമസ്റ്ററിന്റെ ഫലവും പുറത്തുവന്ന ശേഷം 15 ദിവസത്തിനകം നൽകേണ്ട ഗ്രേഡ് കാർഡ് വിദ്യാർത്ഥികൾക്ക് ലഭിച്ചത് ഒരു മാസത്തിന് ശേഷമാണ്. ഇതോടെ പല വിദ്യാർത്ഥികളുടേയും തുടർപഠനം പ്രതിസന്ധിയിലായി. സർവകലാശാലയെ സമീപിക്കാമെന്ന് വെച്ചാൽ വിവരാന്വേഷണ ഫോൺ നമ്പറുകളെല്ലാം സദാസമയവും മൗനത്തിലാണ്. സർവകലാശാലയിൽ കയറിയിറങ്ങി അന്വേഷിച്ചാലും പ്രതീക്ഷയ്‌ക്ക് വകയില്ല.

കാത്തിരുന്ന് മടുത്തു

യഥാസമയം പരീക്ഷകൾ നടത്താത്തത് വിദ്യാർത്ഥികളെ ബാധിക്കുന്നത് വിവിധ രീതിയിലാണ്. ബിരുദ ക്ലാസുകളിലെ ഒന്ന്,രണ്ട്,മൂന്ന്,നാല് സെമസ്റ്റർ പരീക്ഷകൾ നടത്താൻ ചിലപ്പോൾ ഒാരോ വർഷം വീതം കാത്തിരിക്കേണ്ടി വരും. നിലവിൽ 2020ൽ പ്രവേശനം നടത്തിയ വിദ്യാർത്ഥികൾക്ക് 2021 നവംബറായിട്ടും ഒന്നാം സെമസ്റ്റർ പരീക്ഷ പ്രഖ്യാപിച്ചിട്ട് പോലുമില്ല. 2020ൽ പ്രവേശനം നേടിയവർ ഇപ്പോഴുള്ളത് മൂന്നാം സെമസ്റ്ററിലാണ്. മൂന്നാം സെമസ്റ്ററിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒന്നാം സെമസ്റ്ററിലെ വിഷയങ്ങൾ വീണ്ടും പരീക്ഷക്കായി പഠിച്ചെടുക്കാൻ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കൃത്യമായി പരീക്ഷ നടത്താത്തത് കാരണം നന്നായി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പോലും മാർക്കിൽ ഗണ്യമായ കുറവാണ് ഉണ്ടാകാറുള്ളത്. ഇങ്ങനെ നടത്തുന്ന പരീക്ഷയിൽ ഏതെങ്കിലും ഒരു വിഷയത്തിൽ പരാജയപ്പെട്ടാൽ പോലും വിദ്യാർത്ഥി വീണ്ടും പരീക്ഷയെഴുതാൻ ഒരു വർഷം കാത്തിരിക്കേണ്ടി വരും. മൂന്ന് വർഷം കൊണ്ട് തീർക്കേണ്ട ബിരുദത്തിന് നാലിൽ കൂടുതൽ വർഷങ്ങളെടുക്കുന്ന അവസ്ഥയാണ്. 4,5 സെമസ്റ്റർ പരീക്ഷകളാണ് വേഗത്തിൽ തീർക്കാറുള്ളത്. പരീക്ഷകളുടെ നടത്തിപ്പ് പോലെ തന്നെ പരീക്ഷാഫലങ്ങളുടെ കാര്യവും അവതാളത്തിലാണ്. 2019ൽ നടത്തിയ ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം സർവകലാശാല പ്രസിദ്ധീകരിച്ചത് 2021 ഒക്ടോബറിലാണ്. സപ്ലിമെന്ററി പരീക്ഷയെഴുതി കാത്തിരുന്നവർക്ക് തുടർ പഠനത്തിനായി നഷ്ടപ്പെട്ടത് രണ്ട് അക്കാഡമിക വർഷം. ഇത്തവണ കൊവിഡ് സാഹചര്യത്തിലും ആറാം സെമസ്റ്റർ പരീക്ഷ വേഗത്തിൽ നടത്തിയിരുന്നെങ്കിലും ഫലം വരാൻ ഏറെ വൈകിയിരുന്നു. പി.ജി കോഴ്സുകളുടേയും അവസ്ഥ ഇത് തന്നെയാണ്.

സർട്ടിഫിക്കറ്റ് കിട്ടിയാൽ കിട്ടി

ബിരുദപഠനം പൂർത്തിയാക്കിയ ശേഷം വിദ്യാർത്ഥികൾക്ക് നൽകേണ്ട സർട്ടിഫിക്കറ്റും സർവകലാശാല വർഷങ്ങൾക്ക് ശേഷമാണ് നൽകുന്നത്. കാലിക്കറ്റിലെ ഒറിജിനൽ സർട്ടിഫിക്കറ്റിന് പകരം കിട്ടിയ പ്രൊവിഷണൽ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ തുടർപഠനത്തിന് പ്രവേശനം നേടിയ വിദ്യാർത്ഥികളിപ്പോൾ പ്രതിസന്ധിയിലായി. ഒറിജിനൽ സർട്ടിഫിക്കറ്റ് നൽകാതെ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ച കാർഡുകൾ നൽകില്ലെന്ന നിലപാടിലാണ് കാലടി സംസ്കൃത സർവകലാശാലയടക്കമുള്ള കേരളത്തിലെ വിവിധ സർവകലാശാലകൾ. നോർമൽ,സ്പീഡ്,ഫാസ് ട്രാക്ക് എന്നീ സംവിധാനങ്ങളിലൂടെയാണ് കാലിക്കറ്റ് സർവകലാശാല ബിരുദ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് നൽകി വരുന്നത്. 2,000 രൂപ മുടക്കി ഫാസ് ട്രാക്കായി അപേക്ഷിച്ചാൽ ഒരാഴ്‌ച കൊണ്ട് സർട്ടിഫിക്കറ്റ് ലഭിച്ചേക്കാം. നോർമൽ വിഭാഗത്തിൽ ലഭിക്കാൻ 300 രൂപയോളം മുടക്കണം. ആറ് മാസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് പറയാറെങ്കിലും ഒരു വർഷം കഴിഞ്ഞാലും സർട്ടിഫിക്കറ്റ് സർവകലാശാല നൽകാറില്ല. 700 രൂപ മുടക്കി സ്പീഡ് പോസ്റ്റായും അപേക്ഷ സമർപ്പിക്കാനാവുമെങ്കിലും എന്ന് ലഭിക്കുമെന്നുള്ളതിൽ പ്രതീക്ഷയില്ല.

ഒാട്ടോണമസ് കോളേജുകൾ ആശ്വാസം

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിൽ മലപ്പുറം ജില്ലയിലെ എം.ഇ.എസ് മമ്പാട് കോളേജ്, കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജ്, ദേവഗിരി കോളേജ് തുടങ്ങിയവ സ്വയംഭരണ കോളേജുകളാണ്. ഇവിടെ എക്സാം നടത്തുന്നത് കോളേജായത് കൊണ്ട് കൃത്യസമയങ്ങളിൽ പരീക്ഷയും, ഫലവും പുറത്തുവരാറുണ്ട്. എങ്കിലും സർട്ടിഫിക്കറ്റ് ലഭിക്കാൻ സർവകലാശാലയെ തന്നെ ആശ്രയിക്കണം.

വേഗത്തിലാക്കിയേ പറ്റൂ

സർവകലാശാലയുടെ മെല്ലെപ്പോക്ക് നടപടി ഇനിയും അവസാനിപ്പിച്ചില്ലെങ്കിൽ വലിയൊരു വിഭാഗം വിദ്യാർത്ഥികളുടെ തുടർ പഠനമടക്കം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും. ബിരുദം കഴിഞ്ഞ് തുടർപഠനത്തിൽ ഇടവേള വരുന്നത് ഭാവിയിലെ ജോലി സാദ്ധ്യതകളിൽ വരെ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. കൂടുതൽ ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തിക്കൊണ്ട് സർവകലാശാല വിപുലീകരിക്കാൻ സർക്കാർ മുൻകൈയെടുക്കണം. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ആശങ്കകൾ പരിഹരിക്കാൻ സദാസമയവും സർവകലാശാലയിൽ ഹെൽപ്പ്ലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഒാരോ സെമസ്റ്റർ കഴിയുമ്പോഴും അതത് പരീക്ഷകൾ പ്രഖ്യാപ്പിക്കുന്നതിലൂടെ പരീക്ഷകൾ വൈകുന്ന സാഹചര്യം ഇല്ലാതാക്കാൻ സാധിക്കും. അവസാനവർഷ പരീക്ഷ കഴിയുന്ന മുറയ്ക്ക് തന്നെ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാനുള്ള നടപടികൾ ത്വരിത ഗതിയിൽ പൂർത്തിയാക്കാനും സർവകലാശാല സജ്ജമാവണം. മികവുറ്റ വിദ്യാഭാസത്തിനൊപ്പം വിദ്യാർത്ഥികളുടെ തുടർപഠനത്തിനും സർവകലാശാലകൾ തന്നെ വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതിലൂടെ കേരളത്തിലെ ഉന്നതപഠന മേഖലകൾ കൂടുതൽ മെച്ചപ്പെടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MALAPPURAM DIARY, CALICUT UNIVERSITY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.