SignIn
Kerala Kaumudi Online
Friday, 26 April 2024 11.11 AM IST

അസാമിലൊരു മലയാളി വിജയഗാഥ

lakshmipriya

കളക്ടർമാർ പലതരക്കാരുണ്ട്. ഓഫീസിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നവരും, സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നവരും . രണ്ടാമത്തെ വിഭാഗക്കാർക്കാണ് നിലവിലെ വ്യവസ്ഥിതിയിലെ പോരായ്മകൾക്ക് പരിഹാരം കാണാനും പ്രകടമായ മാറ്റം കൊണ്ടുവരാനും കഴിയുക .അർപ്പണമനോഭാവത്തോടെ സേവനം ചെയ്യുന്നവരായിരിക്കും അക്കൂട്ടർ.അങ്ങനെയൊരു കളക്ടറെക്കുറിച്ചാണ് ഇവിടെപ്പറയുന്നത്. ആള് മലയാളിയാണ്. പേര് എം.എസ്.ലക്ഷ്മി പ്രിയ .തിരുവനന്തപുരം മെഡിക്കൽകോളേജിൽ നിന്ന് എം.ബി.ബി.എസ് ( 2004 ബാച്ച്) പാസായ ശേഷമാണ് സിവിൽസർവീസിലേക്ക് വരുന്നത്.

മെഡിക്കൽകോളേജിൽ പാവപ്പെട്ട രോഗികളുടെ ജീവിതാനുഭവങ്ങൾ കണ്ടു തുടങ്ങിയ കാലം മുതൽക്കെ പൊതുസേവനത്തിനിറങ്ങണമെന്ന് ലക്ഷ്മിപ്രിയ തീരുമാനിച്ചിരുന്നു.ആദ്യം ആഡിറ്റ് ആൻഡ് അക്കൗണ്ട് സർവ്വീസിലായിരുന്നു.അവിടെവച്ച് ജീവിതപങ്കാളിയെ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിയായ വിശ്വജീത് യാദവ്. തുടർന്നാണ് അസാം കേഡറിൽ ഐ.എ.എസിൽ ( 2014 ബാച്ച് ) പ്രവേശിച്ചത്. കഴിഞ്ഞ ഒന്നരവർഷമായി അസാമിലെ ബൊംഗയ് ഗാവ് ജില്ലയുടെ കളക്ടറാണ് ലക്ഷ്മി.

ഗുവാഹട്ടിയിൽ നിന്നും മൂന്നുമണിക്കൂർ യാത്രചെയ്തെത്താവുന്ന ജില്ല. ജനസംഖ്യ പത്തുലക്ഷം.ബ്രഹ്മപുത്ര കരകവിയുമ്പോൾ വെള്ളപ്പൊക്കം ഉണ്ടാകുന്ന ജില്ല. ബൊംഗയ് ഗാവിപ്പോൾ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തിന്റെ മാത്രമല്ല ദേശീയ ശ്രദ്ധതന്നെ ആകർഷിക്കുകയാണ്. എല്ലാം ടീം വർക്കിന്റെ ഫലമാണെന്ന് ലക്ഷ്മിപ്രിയ പറയുമെങ്കിലും കളക്ടർ എന്ന നിലയിൽ അവർ ആസൂത്രണത്തോടെ നടത്തുന്ന ഓരോ പ്രവർത്തനങ്ങളും ജില്ലയിൽ പ്രകടമായ മാറ്റം കൊണ്ടുവരുന്നുവെന്നാണ് പൊതു അഭിപ്രായം.അസാം മുഖ്യമന്ത്രി ഡോ.ഹേമന്ത ബിശ്വശർമ്മ ബൊംഗയ് ഗാവിലെ പ്രവർത്തനങ്ങളെ നേരിട്ട് അഭിനന്ദിക്കുകയും മറ്റു ജില്ലകൾക്കും അനുകരിക്കാവുന്ന മാതൃകയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

2018 മുതൽ കേന്ദ്ര സർക്കാർ സെപ്റ്റംബർ മാസത്തിൽ പോഷൺ അഭിയാൻ എന്ന പേരിൽ പോഷാകാഹാര മാസാചരണം നടത്താറുണ്ട്. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ സെപ്റ്റംബറിൽ ലക്ഷ്മിപ്രിയ ബൊംഗയ് ഗാവ് ജില്ലയിൽ പോഷാകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ കണക്കെടുത്തപ്പോൾ 2416 കുട്ടികൾ ഈ അവസ്ഥയിലുള്ളവരാണെന്നും അതിൽ 246 പേർ ഗുരുതരമായ സ്ഥിതിയിലാണെന്നും കണ്ടെത്തി.ജില്ലയിൽ 1116 അങ്കണവാടികളാണുള്ളത്.സാധാരണ കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള തൂക്കമില്ലെങ്കിൽ പോഷാകാഹാരക്കുറവ് അനുഭവപ്പെടുന്നതായി കണക്കാക്കുകയാണ് പതിവ്.എന്നാൽ ലക്ഷ്മിപ്രിയ ലോകാരോഗ്യ സംഘടനയുടെ വളർച്ചാ ചാർട്ടിനെ മാതൃകയായെടുക്കുകയും അതിൽ തന്റേതായ ചില പരിഷ്ക്കാരങ്ങളോടെ അങ്കണവാടികൾക്ക് നൽകുകയും ചെയ്തു.കുട്ടികളിലെ പോഷാകാഹരക്കുറവ്

രേഖപ്പെടുത്താൻ ഒരു ടേബിളും നൽകി.അതിലൂടെയാണ് കൃത്യമായ വിലയിരുത്തൽ നടത്തിയത്. ഗുരുതരമായ പോഷകാഹാരക്കുറവുള്ള കുട്ടികളെ ന്യൂട്രീഷൻ റീഹാബിലിറ്റേഷൻ സെന്ററിൽ കൊണ്ടുവന്ന് ചികിത്സിക്കുക പാവപ്പെട്ട കുടുംബങ്ങളുടെ ജീവിതമാർഗം മുടങ്ങാൻ ഇടയാക്കുമെന്നതിനാൽ വീട്ടിൽത്തന്നെ പരിഹാരമാർഗം കണ്ടെത്തുന്നതിനുള്ള വഴിയാണ് സമ്പൂർണ്ണ എന്ന് പേരിട്ട പദ്ധതിയിലൂടെ സ്വീകരിച്ചത്. അമ്മമാരെ അങ്കണവാടികളിലൂടെ ബോധവത്ക്കരിച്ചു. അവർക്കൊപ്പം തങ്ങളുടെ അതേ സാമൂഹിക നിലവാരത്തിലുള്ളതും എന്നാൽ പോഷകവൈകല്യമില്ലാത്ത കുട്ടികളുടെ അമ്മമാരെ ജോടികളാക്കി( ബഡ്ഢി ). തന്നോടൊപ്പമുള്ള ഒരമ്മയ്ക്ക് കഴിയുന്ന കാര്യം തങ്ങൾക്കെന്തുകൊണ്ട് കഴിയുന്നില്ലെന്ന ചിന്ത പോഷക വൈകല്യമുള്ള കുട്ടികളുടെ അമ്മമാരിൽ വളർത്തിയെടുത്തു.സമൂഹത്തിന്റെ പിന്തുണയോടെ പോഷകാഹാരങ്ങളും ലഭ്യമാക്കി.വീടുകളിൽ കുട്ടികൾക്ക് നൽകുന്ന പോഷാകാഹാരങ്ങൾ രേഖപ്പെടുത്താൻ ചാർട്ടും നൽകി. നമ്മുടെ കുടുംബശ്രീപോലെ ആസാം സ്റ്റേറ്റ് റൂറൽ ലൈവ്ലി ഹുഡ് മിഷനിലൂടെ സ്ത്രീകളെ ശാക്തീകരിച്ചു. ആ പദ്ധതി വലിയ വിജയമായി.മൂന്നുമാസം കഴിഞ്ഞതോടെ പ്രകടമായ മാറ്റം വന്നു ഒരുവർഷം കഴിഞ്ഞ് വീണ്ടും വിലയിരുത്തിയപ്പോൾ 92 ശതമാനം കുട്ടികളിലും പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നു.പദ്ധതി വിജയകരമായി തുടരുന്നതിനാൽ സർക്കാർ ഇന്നവേഷൻ ഫണ്ടും അവാർ‌ഡും നൽകി. പ്രോജക്ട് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ സന്ദേശത്തോടെ ഉടൻ റിലീസ് ചെയ്യും.

സമൂഹത്തിന്റെ പങ്കാളിത്തവും സ്ത്രീ ശാക്തീകരണവുമാണ് ഏതൊരു പദ്ധതിയെയും വിജയിപ്പിക്കുകയെന്നാണ് തന്റെ വിശ്വാസമെന്ന് മുസോറി അക്കാഡമിയുടെ നോർത്ത് ഈസ്റ്റിലെ മികച്ച പ്രൊബേഷണർക്കുള്ള ഡോ.എൽ.വി.റെഡ്ഢി അവാർഡ് നേടിയിട്ടുള്ള ലക്ഷ്മിപ്രിയ പറയുന്നു.മുഖ്യമന്ത്രിയിൽ നിന്നടക്കം പൂർണ്ണ സഹകരണവും പ്രോത്സാഹനവുമാണ് ലഭിക്കുന്നത്. ജില്ലയിലെ മാതൃശിശു മരണനിരക്ക് കുറയ്ക്കുന്നതിലും,കൊവിഡിനെ പ്രതിരോധിക്കുന്നതിലും വംശനാശം നേരിടുന്ന ഗോൾഡൻ ലങ്കൂർ മൃഗത്തെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിക്കും വലിയ പ്രശംസയാണ് ലഭിച്ചത്.

തിരുവനന്തപുരം എസ്.എം.വി സ്കൂൾ ഹെഡ്മാസ്റ്ററായി വിരമിച്ച എ.കെ.സദാനന്ദൻ ചെട്ടിയാരുടെയും എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് വിരമിച്ച കെ.കെ.ശോഭനയുടെയും മകളാണ് ലക്ഷ്മി.അനുജൻ അതുൽനാഥ് ഗുവാഹട്ടിയിൽ എൻജിനീയറാണ്. രണ്ട് വയസുള്ള എം.എസ്.മഹാലക്ഷ്മി മകളാണ് .

ലക്ഷ്മിപ്രിയക്ക് സംഗീതത്തിൽ ഉറച്ച പാരമ്പര്യമുണ്ട് .25 വർഷത്തിലധികം കർണാടിക് സംഗീതം പഠിച്ചു.പടനിലം മോഹനനും ,നെയ്യാറ്റിൻകര വാസുദേവനും അനന്തലക്ഷ്മി വെങ്കിട്ടരാമനുമായിരുന്നു ഗുരുക്കൾ. അച്ഛന് എം.എസ്.സുബ്ബുലക്ഷ്മിയോടുള്ള ആരാധനയാലാണ് എം.എസ്. എന്ന ഇനിഷ്യൽ ഇട്ടത്. ആദ്യം എം.എസ്.സുബ്ബുലക്ഷ്മി എന്നായിരുന്നു പേരിട്ടതെങ്കിലും പിന്നീട് ലക്ഷ്മിപ്രിയ എന്നാക്കുകയായിരുന്നു. എം.എസിന്റെ വ്യാഖ്യാനം ചോദിച്ചാൽ എം മണിരംഗ് എന്ന രാഗമാണെന്നും വീടിനിട്ട പേരാണെന്നും എസ്.അമ്മ ശോഭനയുടേതാണെന്നും ലക്ഷ്മിപ്രിയ പറയും .വീട്ടിൽ വെങ്കിടേശ സുപ്രഭാതം കേട്ടാണ് ദിവസം തുടങ്ങാറുള്ളത്. നൂറുകണക്കിന് വേദികളിൽ കച്ചേരി നടത്തിയിട്ടുള്ള ലക്ഷ്മിപ്രിയ രാഷ്ട്രപതി ഭവനിലും പാടിയിട്ടുണ്ട്. അസാം സംഗീതവും കർണാടക സംഗീതവും ചേർന്ന് അസാമിൽ ശങ്കർ കലാക്ഷേത്ര തയ്യാറാക്കിയ ഫ്യൂഷനിൽ കർണാടിക് ഭാഗം ആലപിച്ചത് ലക്ഷ്മിയായിരുന്നു. ജോലിത്തിരക്കുകൾക്കിടയിലും ലക്ഷ്മി സംഗീതം കൈവിട്ടിട്ടില്ല.അനുജനാണ് മൃദംഗം വായിക്കുന്നത് .തിരുവനന്തപുരത്ത് പൗഡിക്കോണത്താണ് വീട്. അച്ഛനും അമ്മയും ഇപ്പോൾ ലക്ഷ്മിക്കൊപ്പമുണ്ട്. സ്വച്ഛ് ഭാരത് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന് ഈ മാസം 20 ന് ഡൽഹിയിൽ ലക്ഷ്മിപ്രിയ ദേശീയ അവാർഡ് ഏറ്റുവാങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAALAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.