SignIn
Kerala Kaumudi Online
Friday, 10 May 2024 11.55 PM IST

കൊവിഡിന് ശേഷം ജോലിയിൽ നിന്ന് നല്ലൊരു വിഭാഗവും രാജിവച്ചൊഴിയുന്നു, 'മഹാരാജി' ഇന്ത്യയിലും ഉടൻ സംഭവിക്കാൻ പോകുന്നു

resignation

അടുത്തകാലംവരെ തൊഴിൽ രംഗത്ത് നമുക്കെല്ലാം പരിചിതമായിരുന്നത് ഏതെങ്കിലും ഒരു ജോലി തരപ്പെടുത്താൻ വെമ്പൽ കൊള്ളുന്നവരുടെ ദൈന്യതകളെക്കുറിച്ചുള്ള ചിത്രമായിരുന്നു. ഇപ്പോൾ ജോലിയുടെ മേഖലകളിൽ സംജാതമായിക്കൊണ്ടിരിക്കുന്നത് തികച്ചും വ്യത്യസ്തമായൊരു പ്രതിഭാസമാണ്. ജോലി ചെയ്തുകൊണ്ടിരിക്കുന്നവരിൽ നല്ലൊരു വിഭാഗം രാജിവെച്ചൊഴിയുന്ന അപൂർവകാഴ്ചയാണത്. കൊവിഡിനെ തുടർന്ന് വൈറ്റ്കോളർ തൊഴിലിന്റെ തട്ടകങ്ങളിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഈ പുത്തൻ പ്രവണതയെ 'മഹാരാജി' (Great resignation) എന്നാണ് ടെക്സാസ് ബിസിനസ് സ്കൂളിലെ പ്രൊഫസറായ ആൻറണി ക്ളോറ്റ്സ് വിളിച്ചത്. ലോകത്തെ മറ്റു ചില രാജ്യങ്ങളിൽ ഉണ്ടായ മഹാരാജിക്ക് സമാനമായ തോതിലല്ലെങ്കിലും നമ്മുടെ രാജ്യത്തും ഈ പുതിയ പ്രതിഭാസത്തിന് കനം വെച്ചു വരികയാണെന്നാണ് റിപ്പോർട്ടുകൾ.

മൈക്രോസോഫ്റ്റ് ഈ വർഷം ആഗോളതലത്തിൽ നടത്തിയ സർവേയിൽ കണ്ടെത്തിയത് ലോകത്ത് പണിയെടുക്കുന്നവരുടെ 41ശതമാനം ഇപ്പോൾ ഏർപ്പെട്ടിരിക്കുന്ന തൊഴിൽ വിട്ടുപോകുന്നതിനെക്കുറിച്ച് ഗൗരവകരമായി ആലോചിക്കുന്നുവെന്നാണ്. അമേരിക്കയിൽ ഇത്തരത്തിൽ ചിന്തിക്കുന്നവരുടെ അനുപാതം 95ശതമാനം വരുമെന്നും സർവേ വെളിപ്പെടുത്തുന്നു. ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഉപേക്ഷിക്കാൻ പദ്ധതിയിടുന്നവരുടെ എണ്ണം മാത്രമല്ല, യഥാർത്ഥത്തിൽ ജോലി രാജിവെച്ച് ഒഴിയുന്നവരുടെ സംഖ്യയും ഉയർന്ന നിലയിലാണെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. അമേരിക്കയിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ രാജിവച്ചു പുറത്തു പോയവരുടെ എണ്ണം 43 ലക്ഷമാണ്. കൂടുതൽ രാജി ഉണ്ടായത് ഏപ്രിലിലായിരുന്നു. രണ്ടുകോടി ജീവനക്കാരാണ് ആ മാസത്തിൽ ചെയ്തുകൊണ്ടിരുന്ന ജോലി ഉപേക്ഷിച്ചുപോയത്. ജർമ്മനിയിലെ കമ്പനികളിലെ മൂന്നിലൊന്നും വിദഗ്ധ ജീവനക്കാരുടെ കുറവ് കാരണം പ്രയാസത്തിലാണ്. വൈദദ്ധ്യമാർന്ന ജോലികളുടെ നാല് ലക്ഷം വേക്കൻസികളാണ് അവിടെ ഒഴിഞ്ഞുകിടക്കുന്നത്. ഒ.ഇ.സി.ഡി. എന്ന രാഷ്ട്ര സമുച്ചയത്തിൽപ്പെട്ട 38 രാജ്യങ്ങളിലെ രണ്ടുകോടി ജീവനക്കാർ മഹാമാരിക്ക് ശേഷം തങ്ങളുടെ തൊഴിലിടങ്ങളിലേക്ക് മടങ്ങിയെത്തിയിട്ടില്ല. വിയറ്റ്നാമും തൊഴിലെടുത്ത് കൊണ്ടിരുന്നവർ തിരിച്ചെത്താത്ത പ്രശ്നം കാരണം വലയുന്ന രാജ്യമാണ്. കരീബിയൻ രാജ്യങ്ങളിലും സ്ഥിതി ഭിന്നമല്ല. ചൈനയും വിദഗ്ധ തൊഴിലാളികളുടെ ദൗർലഭ്യം നേരിടുന്നു.

കൊവിഡാനന്തര കാലത്ത് ഇന്ത്യയിലെ ടെക് കമ്പനികളിലും മടങ്ങിയെത്താത്ത പ്രശ്നം നിലനില്‌ക്കുന്നു. ഈ രംഗത്തെ ജീവനക്കാരുടെ ശോഷണം കഴിഞ്ഞ വർഷത്തെക്കാൾ 21 ശതമാനം ഉയർന്ന നിലയിലാണ്. മഹാരാജി പ്രതിഭാസത്തിലേക്ക് ജീവനക്കാരെ നയിച്ച പ്രേരകശക്തികൾ പലതാകാം. തൊഴിൽ രഹിതർക്കുള്ള സഹായം, സാമൂഹ്യ സുരക്ഷിതത്വ സൗകര്യങ്ങൾ, ജോലിയെടുക്കുന്ന സ്ഥാപനങ്ങളിലെ കുറഞ്ഞ വേതനവും മറ്റു ആനുകൂല്യങ്ങളും, താമസസ്ഥലത്തിന്റെ കാര്യത്തിൽ കൊവിഡ് കാലത്തുണ്ടായ മാറ്റങ്ങൾ, വർക്ക് ഫ്രം ഹോംമിന്റെയും ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെയും സാദ്ധ്യതകൾ എന്നിങ്ങനെ പല കാരണങ്ങളും പഴയ തൊഴിൽ ഉപേക്ഷിക്കാൻ പ്രേരകങ്ങളാകാം. പക്ഷേ ഇക്കാര്യങ്ങളൊക്കെ പുതിയ പ്രതിഭാസത്തെ ഭാഗികമായി മാത്രമേ വിശദീകരിക്കുന്നുള്ളൂ. ഏറ്റവും മുഖ്യമായ ഘടകം മഹാമാരിക്കാലത്ത് ജീവനക്കാർക്ക് തൊഴിലിനെക്കുറിച്ച് പെട്ടെന്നുണ്ടായ തിരിച്ചറിവാണെന്നാണ് ആൻറണി ക്ളോറ്റ്സിന്റെ കണ്ടെത്തൽ. അദ്ദേഹം ഈ മാറ്റത്തെ 'മഹാമാരിയുടെ വെളിപാട്' എന്നാണ് വിശേഷിപ്പിക്കുന്നത്. ക്ളോറ്റ്സിന്റെ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിക്കുന്ന സാമൂഹ്യ ശാസ്ത്രജ്ഞരുടെ എണ്ണം ഏറെയാണ്.

അനിശ്ചിതത്വം നിറഞ്ഞതാണ് ജീവിതമെന്നും, എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നുള്ള ബോധ്യത്തിൻറെ സമയം കൂടിയാണ് കൊവിഡ്കാലം. ഹ്രസ്വമായ ജീവിതം തൊഴിലിനു വേണ്ടി മാത്രം ഹോമിച്ചു തീർക്കുന്നത് ബുദ്ധിശൂന്യമാണെന്നും ഇഹലോകവാസം സുന്ദരവും സുരഭിലവുമാക്കുന്ന മറ്റു പല കാര്യങ്ങളുമുണ്ടെന്നുള്ള വലിയ പാഠം ചൊല്ലിക്കൊടുത്ത വെളിപാട് പുസ്തകമായിരുന്നു മഹാമാരി. കുടുംബവും മറ്റു ബന്ധങ്ങളും മനുഷ്യജീവിതത്തെ സമ്പുഷ്ടമാക്കുന്നുവെന്നും, ഇവയൊക്കെ ജോലിയുടെ ലഹരിയിൽ ത്യജിക്കുന്നത് വിവേകമല്ലെന്നുള്ള തിരിച്ചറിവുമുണ്ടായി. കഴിഞ്ഞ രണ്ടുവർഷം മുമ്പുള്ള അവസ്ഥ ഇതായിരുന്നില്ല. അക്കാലത്ത് ചൈന ആസ്ഥാനമാക്കിയുള്ള ടെക് കമ്പനി കൂട്ടങ്ങളുടെ തലവനായ ജാക്മാ യും മറ്റ് ബിസിനസ് ഭീമന്മാരും ഉയർത്തിക്കൊണ്ടുവന്ന തൊഴിൽ സംസ്കാരം ഓർക്കുന്നത് നന്നായിരിക്കും. '996' എന്ന കോഡിൽ അറിയപ്പെട്ട തൊഴിൽക്രമമായിരുന്നു അത്. രാവിലെ ഒൻപത് 9 മണിക്ക് ജോലി ആരംഭിച്ച് രാത്രി 9 മണിക്ക് അവസാനിക്കുന്ന ഒരു പ്രവൃത്തി സമയത്തെ ആണ് ഈ കോഡിലെ ആദ്യത്തെ രണ്ട് അക്കങ്ങൾ സൂചിപ്പിക്കുന്നത്. അവസാന അക്കമായ '6' ഒരാഴ്ചയിലെ പ്രവൃത്തിദിനങ്ങളുടെ എണ്ണമാണ്. അതായത് ആഴ്ചയിൽ 72 മണിക്കൂർ പണിയെടുക്കേണ്ടി വരുന്ന തൊഴിൽനയമാണിത്. കൊവിഡ് കാലം പണിയെടുക്കുന്നവർക്ക് സമ്മാനിച്ച വെളിപാടുകളുടെ പശ്ചാത്തലത്തിൽ ലോകം '944' എന്നതൊഴിൽ ക്രമത്തിലേക്ക് നീങ്ങാനിടയുണ്ട്. രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്ന ഒരു തൊഴിൽ ദിനവും ആഴ്ചയിൽ 4 പ്രവൃത്തി ദിവസങ്ങളുമുള്ള തൊഴിൽക്രമം ജീവനക്കാർക്ക് ഒരു കംഫർട്ട് സോണിൽ പണിയെടുക്കാനുള്ള സാഹചര്യം ഒരുക്കുമെന്നു മാത്രമല്ല കൂടുതൽ പേർക്ക് ജോലിസാദ്ധ്യതക്കുള്ള വാതിലും ഇതുവഴി തുറക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, MAHARAJI, HUGE RESIGNATION, EMPLOYEES, COVID JOB
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.