SignIn
Kerala Kaumudi Online
Friday, 20 May 2022 10.22 PM IST

മാന്ത്രികന്റെ തൊപ്പിയഴിച്ച് മുതുകാട്, ഇനിയുള്ള ജീവിതം ഭിന്നശേഷി കുട്ടികളുടെ ക്ഷേമത്തിന്

gopinath-


തിരുവനന്തപുരം: ഇനിമുതൽ പണം വാങ്ങിയുള്ള മാജിക് ഷോകൾ താൻ അവതരിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട് തന്റെ നാലരപ്പതിറ്റാണ്ട് നീണ്ട പ്രൊഫഷണൽ മാജിക് ജീവിതത്തിന് തിരശീലയിട്ടു. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു വിരമിക്കൽ പ്രഖ്യാപനം. ഇനിയുള്ള തന്റെ ജീവിതം ഭിന്നശേഷി കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി അർപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.മാജിക് പൂർണതയിൽ എത്തണമെങ്കിൽ വേണ്ടത് ദീർഘനാളത്തെ ഗവേഷണവും കഠിനപരിശ്രമവുമാണ്. കഴിഞ്ഞ രണ്ടുവർഷമായി ഭിന്നശേഷി കുട്ടികൾക്കായി പ്രവർത്തിക്കുകയാണ്. മാജിക്കിനെ പോലെ മുഴുവൻസമയ ശ്രദ്ധ വേണ്ടതാണ് ഇതും. രണ്ടുംകൂടി മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമാണ്. അതിനാലാണ് മാജിക്കിനോട് വിടപറയാൻ തീരുമാനിച്ചത്-മുതുകാട് കേരളകൗമുദിയോട് പറഞ്ഞു. ഭിന്നശേഷി കുട്ടികളുടെ ശാക്തീകരണത്തിനായി ഡിഫറന്റ് ആർട്ട് സെന്റർ പോലെ ഒരു കേന്ദ്രമാണ് മനസിലുള്ളത്. സ്‌പോർട്സ്​ സെന്റർ,​ ഭിന്നശേഷിക്കാരെ പാരലിമ്പിക്‌സിന് തയ്യാറാക്കുക,​ സൗജന്യ തെറാപ്പി നൽകുക,​ ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക് തൊഴിൽ നൽകുക,​ കാഴ്ചശക്തി ഇല്ലാത്തവർക്കായി തിയേറ്റർ സ്ഥാപിക്കുക തുടങ്ങിയവ ലക്ഷ്യമിടുന്നുണ്ടെന്നും മുതുകാട് പറഞ്ഞു.

1964 ഏപ്രിൽ 10ന് മലപ്പുറം കവളമുക്കട്ടയിൽ കർഷകനായ കവണഞ്ചേരി കുഞ്ഞുണ്ണിനായരുടേയും മുതുകാട്‌ ദേവകിഅമ്മയുടെയും നാല് മക്കളിൽ ഇളയവനായി ജനിച്ച മുതുകാട് ഏഴാമത്തെ വയസ് മുതൽ മാജിക് പഠനം തുടങ്ങി. നിലമ്പൂരിലെ മാജിക്കുകാരനായ ആർ.കെ. മലയത്തിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ വഴിത്തിരിവ്. അദ്ദേഹത്തോടൊപ്പം പലവേദികളിലും മാജിക് അവതരിപ്പിച്ചു. 10ാം വയസിലായിരുന്നു ആദ്യപരിപാടി. പിന്നീട് പഠനത്തോടൊപ്പം മാജിക്കും തുടർന്നു. 54 രാജ്യങ്ങളിലായി ഒമ്പതിനായിരത്തോളം വേദികളിൽ മാജിക് അവതരിപ്പിച്ചു. 2014ൽ ലോകത്തെ ആദ്യ മാജിക് തീം പാർക്കായ മാജിക് പ്ളാനറ്റ് കഴക്കൂട്ടം കിൻഫ്രയിൽ സ്ഥാപിച്ചതും മുതുകാടാണ്.

ലോകമാന്ത്രിക സംഘടനയായ ഇന്റർനാഷണൽ ബ്രദർഹുഡ് ഒഫ് മെജിഷ്യൻസിന്റ വിശിഷ്ടാംഗീകാരം,​ കേരള സംഗീത നാടക അക്കാഡമി പുരസ്‌കാരം, സംസ്ഥാന സർക്കാരിന്റെ പ്രതിഭാ പ്രണാമം, മെർലിൻ ഇന്റർനാഷണൽ അവാർഡ്,​ യൂണിസെഫിന്റെ സെലിബ്രിറ്റി അഡ്വക്കേറ്റ് പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. വിസ്‌മയഭാരത യാത്ര, ഗാന്ധിമന്ത്ര, വിസ്മയസ്വരാജ്, മിഷൻ ഇന്ത്യ എന്നീ യാത്രകൾ നടത്തിയ അദ്ദേഹം ആ അനുഭവങ്ങൾ കോർത്തിണക്കി 'ഇന്ത്യ എന്റെ പ്രണയ വിസ്‌മയം' എന്ന പുസ്തകം രചിച്ചു. 'ഓർമ്മകളുടെ മാന്ത്രികസ്‌പർശം' ആണ് ആത്മകഥ. മാജിക് മാജിക്,​ മാജിക് എന്ത് എങ്ങനെ?​ വാഴകുന്നം ഇന്ദ്രജാല കഥകൾ,​ ഗണിതരാമന്റെ കുസൃതികൾ,​ ഈ കഥയിലുമുണ്ടൊരു മാജിക്‌ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കൃതികൾ. കവിതയാണ് ഭാര്യ. വിസ്മയ് മുതുകാട് ഏകമകനാണ്.

''ഇത് ഹൃദയഭേദകമാണ്. എങ്കിലും അനിവാര്യമാണ്.

-ഗോപിനാഥ് മുതുകാട്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MUTHUKADU
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.