ആലപ്പുഴ: ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ് പദവി എം.വി. ശ്രേയാംസ് കുമാർ ഒഴിഞ്ഞില്ലെങ്കിൽ സംസ്ഥാന കൗൺസിൽ വിളിച്ച് പുതിയ കമ്മിറ്റി പ്രഖ്യാപിക്കുമെന്ന് ജനറൽ സെക്രട്ടറി ഷേക് പി. ഹാരിസ് ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശ്രേയാംസിനെ അംഗീകരിച്ച് മുന്നോട്ടു പോകാൻ കഴിയില്ല. 48 മണിക്കൂറിനകം മന്ത്രിസ്ഥാനം രാജിവച്ച് മാതൃക കാണിച്ച പിതാവ് വീരേന്ദ്രകുമാറിന്റെ പാതയല്ല ശ്രേയാംസ് പിന്തുടരുന്നത്. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലാ പ്രസിഡന്റുമാരും ഇടുക്കി വൈസ് പ്രസിഡന്റും ഇപ്പോൾ തങ്ങൾക്കൊപ്പമാണെന്നും കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രസിഡന്റുമാരും അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഷേക് അവകാശപ്പെട്ടു.
കേന്ദ്ര കമ്മിറ്റിയിൽ വിഷയം അവതരിപ്പിച്ച് ഒമ്പത് മാസമായിട്ടും ശരത് യാദവ് നടപടി എടുത്തിട്ടില്ല. എൽ.ഡി.എഫിൽ അർഹമായ പരിഗണന ലഭിച്ചിട്ടുമില്ല.
എം.പി സ്ഥാനത്തിന്റെ കാലാവധി കഴിഞ്ഞ് ജനതാദൾ എസുമായി എൽ.ജെ.ഡിയെ ലയിപ്പിക്കാനാണ് ശ്രേയാംസ് കുമാറിന്റെ തീരുമാനം. എന്നാൽ, തങ്ങൾക്ക് ലയനത്തിൽ താത്പര്യമില്ലെന്നും ഒറ്റയ്ക്ക് നിൽക്കുമെന്നും ഷേക് പി. ഹാരിസ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് നസീർ പുന്നയ്ക്കലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.