തിരുവനന്തപുരം : ജയസൂര്യയ്ക്ക് പിന്നാലെ കടമറ്റത്ത് കത്തനാരായി ബാബു ആന്റണി എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. എ.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ എബ്രഹാം വർഗീസ് നിർമ്മിക്കുന്ന ചിത്രം ടി.എസ്. സുരേഷ് ബാബുവാണ് സംവിധാനം ചെയ്യുന്നത്. ഷാജി നെടുംകല്ലേലും പ്രദീപ് ജി നായരുമാണ് കടമറ്റത്ത് കത്തനാരിന്റെ രചന. 3 ഡിയിലാണ് ചിത്രം ഒരുക്കുന്നത്. യു.കെ. സെന്തിൽ കുമാറാണ് ഛായാഗ്രഹണം. കപിൽ കൃഷ്ണ എഡിറ്റിംഗും ബോബൻ കലാസംവിധാനവും നിർവഹിക്കുന്നു.
നേരത്തെ ജയസൂര്യയെ നായകനാക്കി റോജിൻ തോമസും കടമറ്റത്ത് കത്തനാർ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു, 75 കോടി രൂപ ചെലവിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. ആര്‍ രാമാനന്ദിന്റേതാണ് തിരക്കഥ. ഇന്ത്യയില്‍ ആദ്യമായി വിര്‍ച്ച്വല്‍ റിയാലിറ്റി എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ലയണ്‍ കിംഗ്, ജംഗിള്‍ ബുക്ക് തുടങ്ങിയ ഹോളിവുഡ് സിനിമകളിലാണ് ഈ വിദ്യ മുമ്പു പരീക്ഷിച്ചിട്ടുള്ളത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിട്ടുണ്ട്.
മുൻപ് മോഹൻലാലിനെ നായകനാക്കി പ്രിയദർശനും മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. പിന്നീട് മമ്മൂട്ടി ചിത്രത്തിൽ നിന്ന് സന്തോഷ് ശിവൻ പിൻമാറിയിരുന്നു. മോഹൻലാൽ നായകനായ മരക്കാർ, അറബിക്കടലിന്റെ സിംഹം ഡിസംബർ രണ്ടിന് തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |