SignIn
Kerala Kaumudi Online
Thursday, 02 December 2021 5.35 AM IST

ജയ് ഭീം എവിടെയാണ് വന്നു കൊള്ളുന്നത്?

jai-bhim

തമിഴ്നാട്ടിലെ ഇരുള സമുദായം നേരിടുന്ന അവഗണനയുടെയും മനുഷ്യാവകാശ നിഷേധത്തിന്റെയും യാതനയുടെയും കഥയും, അവയ്‌ക്കെതിരെ യാഥാർത്ഥ ജീവിതത്തിലെ ഒരഭിഭാഷകന്റെ പോരാട്ട കഥയും ഇഴചേർന്നപ്പോൾ സത്യത്തിന്റെ തീക്ഷ്ണത കൊണ്ട് ജയ് ഭീം
എന്ന ചിത്രം ചരിത്രം സൃഷ്ടിച്ചു. ഭരണകൂട ഭീകരതയുടെയും പൊലീസ് അനീതിയുടെയും നേർചിത്രം നമ്മളിതിൽ കാണുന്നു. കള്ളക്കേസുകൊണ്ടു വേട്ടയാടപ്പെടുന്ന ജീവിതങ്ങൾക്ക് നീതി എത്ര അപ്രാപ്യമാണെന്ന പരമാർത്ഥത്തിലേക്കു ചിത്രം നമ്മുടെ മിഴി തുറപ്പിക്കുന്നു.
യാതനകളുടെയും അനീതിയുടെയും ഇരുണ്ട ലോകത്തു പ്രതീക്ഷയുടെ ചന്ദ്രോദയമാകുന്നത് ജസ്റ്റിസ് ചന്ദ്രുവിന്റെ യഥാർത്ഥ ജീവിതത്തിലെ നിശ്ചയദാർഢ്യമാണ്. പരിഷ്‌കാരമില്ലെങ്കിലും സംസ്‌കാരം കൊണ്ട് അനുഗൃഹീതരാണ് എന്നും ഇരുളിൽ കഴിയാൻ വിധിക്കപ്പെട്ട ഇരുളർ എന്ന് കൂടി സിനിമ സ്ഥാപിക്കുന്നു. പിടിച്ച പാമ്പിനെ അടിച്ചു കൊല്ലാൻ പറയുന്ന പരിഷ്‌കൃതനോട്, പാമ്പിനെ കാട്ടിലുപേക്ഷിക്കാം എന്നാണ് ഇരുളന്റെ മറുപടി.

ജാതി ഒരു സമൂഹത്തെ എത്രകണ്ടു ദൂഷിതമാക്കുന്നു എന്ന ധീരമായ പ്രമേയത്തിന്റെ ആത്മാർത്ഥമായ പരിചരണം കൊണ്ട് ശ്രദ്ധേയമായ ചിത്രം, ഒളിച്ചോടാൻ കഴിയാത്ത കുറെ വെളിപാടുകൾ നടത്തുന്നു. തമിഴ്നാട് മാത്രമല്ല രാജ്യം മുഴുവൻ ചിന്തിക്കേണ്ട പരമാർത്ഥങ്ങൾ. ജാതി ഇത്രയും വലിയ പ്രശ്നമാണോ എന്ന് ഒരു സാധാരണ മലയാളി ചോദിച്ചു പോകുന്നത് സ്വാഭാവികം. ജാതിഭേദവും മതദ്വേഷവുമില്ലാത്ത മാതൃകാസ്ഥാനമായില്ലെങ്കിലും എത്രയോ ഭേദമാണ് കേരളം ! അതാണ് മലയാളിയുടെ പൊതുബോദ്ധ്യം എന്നാണ് ഞാൻ കരുതിയിരുന്നത്. മൂന്നു വർഷം മുൻപ് കോഴിക്കോട് നടന്ന ഒരു സാഹിത്യോത്സവത്തിൽ തമിഴകത്തു നിന്നുള്ള രണ്ടു കവികളോടൊപ്പം ചർച്ചയിൽ പങ്കെടുത്ത ദിവസം ഓർത്തുപോകുന്നു. സാമാന്യം പ്രശസ്തരായ ഈ രണ്ടു (സ്ത്രീ) കവികൾ തങ്ങൾ പ്രസാധനരംഗത്തു അനുഭവിക്കുന്ന ജാതി വിവേചനത്തെക്കുറിച്ചു തീക്ഷ്ണമായി സംസാരിച്ചു. ദളിത് എഴുത്തുകാരുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ഇപ്പോഴും വിസമ്മതിക്കുന്ന എഡിറ്റർമാരും പ്രസാധകരുമുണ്ടെന്ന വെളിപ്പെടുത്തൽ എന്നെ അന്ധാളിപ്പിച്ചു. കേരളം എന്തായാലും അക്കാര്യത്തിൽ വളരെ വ്യത്യസ്തമാണെന്നും, എഴുത്തുകാർക്കിടയിൽ ഇവിടെ ജാതിവിചാരമില്ലെന്നും ഞാൻ ഇടയ്ക്കുകയറി പറഞ്ഞു. പറയാതിരിക്കാൻ മലയാളിയെന്ന എന്റെ അഭിമാനബോധം അനുവദിച്ചില്ല. വിശദീകരണം പൂർത്തിയാക്കിയില്ല അതിനു മുൻപേ സദസ്യരിൽ നിന്ന് രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലഞ്ചു
പേർ എഴുന്നേറ്റു നിന്ന് എന്നോട് വിയോജിച്ചു. ഞാൻ ദന്തഗോപുരത്തിൽ കഴിയുകയാണെന്നും അതുകൊണ്ടു ഈ പരമാർത്ഥങ്ങൾ അറിയാത്തതാണെന്നും അവർ തീർപ്പു കല്‌പിച്ചു. ഞാൻ തർക്കിക്കാനൊന്നും പോയില്ല. ജാതീയമായ വിവേചനം കേരളത്തിലെ എഴുത്തുകാർക്കിടയിൽ ഉണ്ടോ എന്ന് അന്ന് മുതൽ ഞാൻ നിശബ്ദനായി അന്വേഷിക്കുകയാണ്. ഏതായാലും കോഴിക്കോട്ടെ സാഹിത്യോത്സവത്തിൽ നടത്തിയ നിരീക്ഷണം മാറ്റാൻ ഞാൻ ഒരുക്കമല്ല.
ജാതിപരിഗണനകളും വിവേചനങ്ങളും തമിഴ്നാട്ടിലെപ്പോലെ എന്തായാലും കേരളത്തിലില്ല. കേരളത്തിനുള്ളിൽ ജാതി വിചാരങ്ങൾ ഉയർന്നു കേൾക്കുന്നുണ്ടെങ്കിൽ അവ അവകാശങ്ങൾ സ്ഥാപിച്ചു കിട്ടുന്നതിനു വേണ്ടിയാണ്. അവകാശ നിഷേധം അനുവദിക്കില്ലെന്ന മുന്നറിയിപ്പാണ്. അവകാശങ്ങളെക്കുറിച്ചുള്ള ബോധം ഇന്ത്യയിലെ മറ്റേതു പ്രദേശത്തെക്കാളും രൂഢമൂലമാണ് കേരളത്തിൽ എന്ന് തീർച്ചയായും നമുക്കഭിമാനിക്കാം. ഇതിനോട് ചേർത്ത് കാണണം, 'ജയ് ഭീം' സിനിമയിലെ ആദ്യ രംഗം. ജയിൽപ്പുള്ളികളെ ജാതി ചോദിച്ചറിഞ്ഞ് വിവേചനം നടത്തി
അപമാനിക്കുന്ന ആ രംഗം ഇന്ത്യൻ ജനാധിപത്യത്തിന്റെ ആതുരതയുടെ ദയനീയമായ പ്രതിച്ഛായയാണ്. തമിഴ്നാട്ടിൽ മാത്രമല്ല, ബിഹാറിലും മദ്ധ്യപ്രദേശിലും, ജാർഖണ്ഡിലും ഛത്തീസ്ഘട്ടിലും രാജസ്ഥാനിലും ഉത്തർപ്രദേശിലുമെല്ലാം ജാതി അതിന്റെ വിഷഫണമുയർത്തി നില്‌ക്കുകയാണിപ്പോഴും. ഇപ്പോഴും എന്നാൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് ‌വർഷം കഴിഞ്ഞിട്ടും. സാങ്കേതിക വിദ്യയും മറ്റു ആശയസംഹിതകളും അഭൂതപൂർവമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന പുതിയ കാലത്താണ്, ദുരഭിമാനക്കൊലയും, ജാതിയുടെ അടിസ്ഥാനതയിലുള്ള സ്ത്രീപീഡനങ്ങളും ചുട്ടുകരിക്കലും,
അപമാനവീകരിക്കലും , പൊതുകിണറിൽ നിന്ന് വെള്ളമെടുത്താൽ ശിക്ഷിക്കലും, ജാതിയുടെ പേരിലുള്ള സകലമാന അകലങ്ങളും വൈകല്യങ്ങളും നമ്മുടെ രാജ്യത്ത് നിർബാധം കൊടികുത്തി വാഴുന്നത്. കീഴാളരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ഭരണകൂടവും പൊലീസും
വേട്ടക്കാരുടെ പിണിയാളുകളാവുന്നു. അരക്ഷിതരായ ജനങ്ങളുടെമേൽ ആധിയുടെ ആധിപത്യമായി ജനാധിപത്യം മൊഴിമാറ്റം ചെയ്യപ്പെടുന്നു. പൊലീസിന്റെ മുഷ്‌ക് ഇപ്പോഴും ദളിതർക്കും ആദിവാസികൾക്കും മേൽ നിർബാധം പ്രയോഗിക്കപ്പെടുന്നു. എത്രയെത്ര ജയ് ഭീം കഥകൾ രേഖപ്പെടുത്താതെ, വാർത്തയാവാതെ, നടന്നുകൊണ്ടേയിരിക്കുന്നു ! ലോകത്തിലെ ഏറ്റവും പുരോഗമനാത്മകവും ഉദാത്തവും ഉദാരവുമായ ഒരു ഭരണഘടനയുടെ സംരക്ഷണത്തിൽ ഭാരതമെന്ന മതേതര റിപ്പബ്ലിക്കിൽ കഴിയുന്ന പൗരരാണിവരെല്ലാം. ജാതിയുടെയും മതത്തിന്റെയും മറ്റു പരിഗണനകളുടെയും പേരിൽ ഒരു ഭാരതീയനെയും വിവേചിക്കാൻ ഭരണഘടന അനുവദിക്കുന്നില്ല. അങ്ങനെയുള്ള ഒരു രാജ്യത്താണ് മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കുന്നവരെ ഭരണകൂടം തീവ്രവാദികളാക്കുന്നത്. ജാതിയും മതവും മനുഷ്യരുടെ അവാകാശസീമകളെ നിർണയിക്കുന്നത്. ഇന്ത്യൻ സമൂഹ മനസിൽ നിന്ന് ജാതി ഉന്മൂലനം ചെയ്യണമെന്ന് ഡോ. അംബേദ്കർ പറഞ്ഞതിന്റെ പൊരുളിതാണ്. പിറന്ന ജാതിയുടെ അടിസ്ഥാനത്തിൽ നിർണയിക്കപ്പെടുന്ന ചാതുർവർണ്യം ദോഷകരവും അപ്രായോഗികവും ദയനീയ പരാജയവുമാണെന്നു അംബേദ്കർ വിശ്വസിച്ചു. ജാതി ഉന്മൂലനം എന്ന പ്രസിദ്ധ കൃതി അദ്ദേഹം ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്. ഹിന്ദുമതം ഒരു ജാതിരഹിത സമൂഹമായി മാറുമ്പോഴേ അതിനു സ്വരാജ് (സ്വാതന്ത്ര്യം) പരിരക്ഷിക്കാനുള്ള കെല്‌‌പുണ്ടാവൂ. ജാതി മതാന്ധരടിച്ചു തമ്മിലന്തപ്പെടും തനയർ, എന്തിനയേ സ്വരാജ്യം? എന്ന മഹാകവി കുമാരനാശാന്റെ പ്രസിദ്ധമായ ആശങ്കയുടെയും സ്രോതസ് ജാതിചിന്തയെന്ന നിന്ദ്യയാഥാർത്ഥ്യം തന്നെയാണ്.

ഭരണഘടന വാഗ്ദാനം ചെയ്യുന്ന സമത്വം തട്ടിപ്പറിക്കുന്നതാരാണ് ? ജാതിയുടെ അടിസ്ഥാനത്തിൽ നീതി നിഷേധിക്കപ്പെടുന്ന അവസ്ഥ നിലവിൽ വന്നെങ്കിൽ അത് ആര് കണ്ണടച്ചിട്ടാണ്? എഴുപത്തിയഞ്ച് വർഷത്തിന്
ശേഷവും നമ്മുടെ പൊലീസുകാർ ജാതിനോക്കി മനുഷ്യരെ ശിക്ഷിക്കുന്നത് തടയാൻ കഴിയാതെ പോയത് എന്തുകൊണ്ടാണ് ? ജാതിചിന്ത വിവേചനത്തിനും ചൂഷണത്തിനുമുള്ള ന്യായീകരണമാവുന്ന അവസ്ഥയ്ക്ക് വിരാമമിടാൻ നമുക്ക് സാധിക്കണമെങ്കിൽ മനസ് മതേതരമാകണം. ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം എവിടെക്കണ്ടാലും പ്രതികരിക്കാൻ നമുക്കാവണം. ജാതിചിന്തയെന്ന മന്തുകാലുമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പ്രകാശവഴിയിലൂടെ നടക്കാമെന്നു നിനയ്ക്കുന്നവർ കാലത്തിന്റെ ഘടികാരം പിന്നിലേക്ക് തിരിക്കാമെന്ന് പാഴ്ക്കിനാവ് കാണുന്നവരാണ് . ഇടശ്ശേരി പറഞ്ഞത് പോലെ അവയെ നമുക്ക് കുഴിവെട്ടി മൂടാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NIRAKATHIR, JAI BHIM
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.