SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.26 PM IST

ദിനേശ് ബീഡിക്ക് തമിഴ്‌ വ്യാജൻ; വർഷം 24 കോടിയുടെ വില്പന, നികുതിയിനത്തിൽ നഷ്ടം 6.75 കോടി

Increase Font Size Decrease Font Size Print Page
dinesh-beedi

തിരുവനന്തപുരം: ആറായിരം തൊഴിലാളികൾക്ക് അന്നമാകുന്ന ദിനേഷ് ബീഡിക്ക് തമിഴ് വ്യാജൻ. ഒരു വർഷം 24 കോടി രൂപയുടെ വ്യാജ ബീഡിയാണ് സംസ്ഥാനത്ത് വിൽക്കുന്നത്. പ്രതിമാസം വ്യാജൻ കൊണ്ടുപോകുന്നത് രണ്ട് കോടി രൂപ. ഇതിലൂടെ ഒരു വർഷം നികുതിയിനത്തിൽ 6.75 കോടി രൂപയാണ് സർക്കാരിന് നഷ്ടമാകുന്നത്. ദിനേഷ് ബീഡിയിൽ ഒരു വർഷം 60 കോടിയുടെ വില്പനയുണ്ട്. ഇതിൽ 18 കോടി ജി.എസ്.ടി ഇനത്തിൽ ദിനേശ് ബീഡി സഹകരണ സംഘം സർക്കാരിൽ അടയ്‌ക്കുന്നുണ്ട്.

കെട്ടിലും മട്ടിലും ദിനേശ് ബീഡിയും വ്യാജനും തമ്മിൽ വ്യത്യാസമൊന്നുമില്ല. ഇരുകൂട്ടരും ലേബൽ പ്രിന്റ് ചെയ്യുന്നത് ശിവകാശിയിലാണ്. അടുത്തിടെ പെരുമ്പാവൂരിലും താമരശേരിയിലുമായി വ്യാജന്റെ ഗോഡൗൺ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, വെള്ളറട, പൂവാർ, കണ്ണൂരിലെ തളിപ്പറമ്പ്, വയനാട്ടിലെ അമ്പലവയൽ എന്നിവിടങ്ങളിൽ നിന്ന് പൊലീസ് വ്യാജ ബീഡി പിടിച്ചെടുത്ത് കേസുമെടുത്തിരുന്നു.

 തെക്കിൽ 15 രൂപ, മലബാറിൽ 20

ബീഡികളുടെ എണ്ണവും പാക്കിംഗും വിലയുമെല്ലാം ദിനേശിന് സമാനമായതിനാൽ വ്യാജനെ തിരിച്ചറിയാൻ ഉപഭോക്താക്കൾക്കാകില്ല. തെക്കൻ കേരളത്തിൽ 12 ബീഡി അടങ്ങിയ കെട്ടിന് 15 രൂപയാണ്. അലൂമിനിയം ഫോയിൽ കൊണ്ടുള്ള പൗച്ചുകളിലാണ് വിതരണം. 2400 പൗച്ചടങ്ങിയതാണ് ഒരു കാർട്ടൻ. മലബാറിൽ 16 ബീഡിയടങ്ങിയ കെട്ടിന് 20 രൂപയും. പേപ്പർ പൗച്ചുകളിലാണ് പാക്കിംഗ്.

 44 കോടിയിൽ നിന്ന് താഴേക്ക്

1990–95ൽ 42,000 തൊഴിലാളികളാണ് ദിനേശ് ബീഡി സഹകരണ സംഘത്തിലുണ്ടായിരുന്നത്. ഇപ്പോഴത് ആറായിരമായി. ഇതിൽ 4,000 പേരാണ് ബീഡിപ്പണി ചെയ്യുന്നത്. തുടക്കത്തിൽ 50,000 രൂപയും പിന്നീട് 44 കോടി വരെയുമായിരുന്നു ലാഭം. പുകയിലയ്ക്കെതിരായ നിയമങ്ങളും ബോധവത്കരണവും കാരണം ആവശ്യക്കാർ കുറഞ്ഞു. അതിനിടയിലാണ് വ്യാജന്റെ ഒളിപ്പോര്.

'വ്യാജ ബീഡി തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ധനകാര്യമന്ത്രി, ജി.എസ്.ടി കമ്മിഷണർ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ സഹായമുണ്ടെങ്കിലേ പിടിച്ച് നിൽക്കാനാകൂ. പൊലീസ് ഇടപെടലുണ്ടെങ്കിലും ഫലപ്രദമല്ല".

- എം.കെ. ദിനേശ് ബാബു,

ചെയർമാൻ, ദിനേശ് ബീഡി

TAGS: DINESH BEEDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY