ആലപ്പുഴ: ലോക്ക് ഡൗണിൽ അന്നമൂട്ടിയ ചക്കയും മാങ്ങയും ഈ സീസണിൽ പൂക്കാൻ മറന്നു!. മഴ മാറി മാനം തെളിഞ്ഞെങ്കിലേ ഇനി പ്ളാവും മാവുമൊക്കെ പൂവിട്ട് കായ്കൾ വിരിയൂ. ഇത്തവണ പൂത്ത പ്ലാവുകളിൽ ഒന്നോ രണ്ടോയെണ്ണമാണ് ചക്കയായി വീണത്.
ഇടവിട്ട് പെയ്യുന്ന മഴയാണ് കേരളത്തിന്റെ പ്രിയപ്പെട്ട കാർഷിക ഫലങ്ങൾക്ക് തിരിച്ചടിയായത്. ജനുവരി മുതൽ മേയ് വരെ അടുക്കളകളെ സുഭിക്ഷമാക്കിയ ചക്കയെ ഈ ഗതിയിലെത്തിച്ചത് തുടർച്ചയായ മഴയാണെന്ന് കാർഷിക വിദഗ്ദ്ധർ പറയുന്നു. കേരളത്തിലെ ചക്കയ്ക്കും ചക്ക വിഭവങ്ങൾക്കും വിദേശ രാജ്യങ്ങളിൽ നല്ല ഡിമാന്റാണ്.
കൂടാതെ മാങ്ങയും പേരയ്ക്കയും വാളൻപുളിയും ജാതിയും കപ്പയുമെല്ലാം ഇക്കൂട്ടത്തിൽപ്പെടും. 2018 ലെ പ്രളയത്തിന് ശേഷമാണ് ഫലവൃഷങ്ങൾ കാലം തെറ്റി പൂക്കുന്നതും കായ്ഫലം കുറഞ്ഞും തുടങ്ങിയത്.
കഴിഞ്ഞ തവണത്തെ ചക്ക വരട്ടിയതും ചക്കപ്പൊടിയും അടമാങ്ങയും ഉപ്പിലിട്ടതും ഇപ്പോഴും വീടുകളിൽ സ്റ്റോക്കാണ്.
വേനൽക്കാല വിഭവങ്ങളെല്ലാം ഇത്തവണ നമുക്ക് അന്യമാകുമെന്നാണ് കാർഷിക രംഗത്തുള്ളവർ പറയുന്നത്. മഴയിൽ ജില്ലയിൽ മാത്രം കോടികളുടെ കൃഷിനാശമാണുണ്ടായത്.
വില്ലനായത് തോരാമഴ
1. ഈ വർഷം ഫെബ്രുവരി മുതൽ മഴ
2. നവംബർ തീരാറായിട്ടും വെയിൽ തെളിഞ്ഞില്ല
3. ഫലവൃക്ഷങ്ങൾ പൂക്കുന്നത് നവംബർ - ഡിസംബർ മാസങ്ങളിൽ
4. പാലക്കാട്ടും ഇത്തവണ മാവുകൾ പൂത്തില്ല
5. കഴിഞ്ഞ സീസൺ അവസാനം വെള്ളം ഇറങ്ങി ചക്ക നശിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |