SignIn
Kerala Kaumudi Online
Thursday, 10 July 2025 9.39 AM IST

നദിപോലെ എഴുതിയ ഒരാൾ

Increase Font Size Decrease Font Size Print Page

kilimanoor-ramakanthan

കുറച്ചെഴുതി പതഞ്ഞു നടന്ന പല കവികളെക്കാൾ പത്തിരട്ടി എഴുതിയ കിളിമാനൂർ രമാകാന്തനെ ഇന്ന് ഓർക്കുന്നവരൊക്കെത്ത അദ്ദേഹത്തിന്റെ ഭാഷാ ലാളിത്യത്തിൽ ആകൃഷ്ടരായവരാണ്. ആധുനിക കാലത്ത് കിളിമാനൂരിന്റെ യശസ് കടൽ കടത്തി അങ്ങ് ദാന്തെയുടെ നാടുവരെ കൊണ്ടുചെന്നത് രമാകാന്തനല്ലാതെ പിന്നെയാര്? പെട്ടെന്ന് ഹൃദിസ്ഥമാക്കാൻ കഴിയുന്ന വരികളാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. ഒഴുകിപ്പരക്കുന്ന നദിപോലെ. ഇടതടവില്ലാതെ വായിച്ച് പോകാം. ഇത്തരം വരികൾ തന്നെയാണ് അദ്ദേഹത്തിന്റെ കവിത മുഴുവൻ!
1938 ആഗസ്റ്റ് രണ്ടിന് ജനിച്ച് 71 വർഷം ജീവിച്ച് 2009 നവംബർ 30ന് തിരുവനന്തപുരത്ത് പേട്ടയിൽ അന്തരിക്കുമ്പോൾ അതേ പ്രായത്തിൽ മറ്റൊരു കവിയും എഴുതാത്തത്ര വരികളാണ് എഴുതിക്കൂട്ടിയത്. കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ച ദാന്തെയുടെ ഡിവൈൻ കോമഡിയുടെ മലയാള പരിഭാഷ മാത്രം മതിയല്ലോ കിളിമാനൂർ രമാകാന്തന് നിലനില്‌ക്കാൻ. ആയിരത്തിൽപ്പരം പുറങ്ങളുണ്ട്. കുഞ്ഞിക്കുട്ടൻ തമ്പുരാനെ വിടുക, ഇങ്ങനെയൊരു പുസ്തകം മറ്റാരെങ്കിലും എഴുതിയിട്ടുണ്ടോ?
കവി കെ. സച്ചിദാനന്ദൻ ആ വിവർത്തനം തിരിച്ചറിഞ്ഞു. അല്ലെങ്കിൽ ആയിരക്കണക്കിന് പുറങ്ങൾ തർജമ ചെയ്ത ആ ഇതിഹാസം വെളിച്ചം കാണുമായിരുന്നോ? അതും കേന്ദ്രസാഹിത്യ അക്കാഡമിയിലൂടെ! അതിന്റെ പേരിലാണ് കേരള സാഹിത്യ അക്കാഡമി പോലും 2004ൽ അദ്ദേഹത്തിന് അവാർഡ് നൽകിയത്.
സൗമ്യപ്രകൃതനാണ്. ഇഷ്ടമില്ലെങ്കിൽ മറുത്തു പറയാതെ ചിരിക്കും. അത്രതന്നെ മൃദുഭാഷി! ഇദ്ദേഹമെങ്ങനെ അദ്ധ്യാപകനായി എന്ന് സംശയിച്ചേക്കും. വെറ്റയും മുറുക്കി സിഗററ്റും വലിച്ചങ്ങനെയിരിക്കും. 2006ൽ ദാന്തേയുടെ നാട്ടിൽ പോയി വന്നിട്ട് യാത്രാവിവരണം എഴുതി. കുടുംബസമേതമാണ് പോയത്. ദാന്തേ മഹോത്സവത്തിൽ പങ്കെടുത്ത ഏക ഇന്ത്യൻ വിവർത്തനകവി. അദ്ദേഹത്തിന് പ്രത്യേക സ്വീകരണവും അവിടെ നൽകി.
രമാകാന്തന്റെ ഭാര്യ കെ. ഇന്ദിര ഒരു നോവലും എഴുതി. ഇറ്റലിയിലെ വാനമ്പാടി. പരിധിയാണത് പ്രസിദ്ധപ്പെടുത്തിയത്. രണ്ട് ഖണ്ഡകാവ്യങ്ങളുണ്ട് രാജാ രവിവർമ്മയുടെ ജീവിതകഥ പറയുന്ന ജീവിതമുദ്രയും ബൂട്ടാസിങ്ങും. 2000ൽ ഒരു മഹാകാവ്യം പുറത്തുവന്നു. ഗുരുപഥം. ഇലയിടുന്നതിനു മുമ്പേ ഊട്ടുപുരയിൽ തള്ളിക്കേറുന്ന പ്രകൃതമല്ല അദ്ദേഹത്തിന്റേത്. മാറി നിൽക്കും. ഇടിച്ചു കയറി അണ്ണന്മാരെല്ലാം ഉണ്ടിട്ടുപോവും. അവസാന പന്തിയിൽപ്പോലും കയറാതെ നിന്നത് കൊണ്ടാവും പലർക്കും അവാർഡ് കൊടുത്തിട്ടും കിളിമാനൂർ രമാകാന്തനെ കാണാതെ പോയത്. അതിലൊരു പരാതിയും പരിഭവവും അദ്ദേഹത്തിനില്ലായിരുന്നു. മുപ്പതു കൃതികൾ എഴുതി പ്രസിദ്ധീകരിച്ചു. ഇനിയും നാലഞ്ച് ബൃഹദ് കൃതികൾ പ്രസിദ്ധീകരണവും കാത്ത് കിടപ്പുണ്ട്. പോൾ വലേറിയുടെ ദിഗേൾ എന്ന കാവ്യനാടകം. ലോർക്കയുടെ അഞ്ഞൂറ് കവിതകൾ . ഇതൊക്കെ അപ്രകാശിതമായിക്കിടക്കുന്നു.
1984 ഫെബ്രുവരി രണ്ടിന് സംഭവിച്ച മകന്റെ മരണം കവിയെ വല്ലാതെ തളർത്തി. മൂത്തമകൻ 15 കാരൻ ശിബി ജനുവരി 31ന് എഴുതിവച്ച ചരമക്കുറിപ്പ് ഇങ്ങനെയായിരുന്നു. ജീവിതം ഒരു ദുരന്തകാവ്യമാണ്. ജീവിതത്തിനൊരു നിർവചനം തരാൻ ആർക്കെങ്കിലും കഴിയുമോ? നക്ഷത്രങ്ങൾ അനുകൂലമാണെങ്കിൽ എന്നെക്കൂടി കൊണ്ടുപോകാനെത്തുന്ന ദൈവത്തോടൊപ്പം ഫെബ്രുവരി മാസം രണ്ടിന് ഞാൻ പോകും. ആറുമാസത്തിനകം എല്ലാവരും എന്നെ മറക്കും. പറഞ്ഞ തീയതി തന്നെ ശിബി ആത്മഹത്യ ചെയ്തു. വിസ്മയിപ്പിക്കുന്നൊരു ചരമക്കുറിപ്പാണിത്. കവിയുടെ മകൻ കവിത കുറിച്ച് ആത്മഹത്യ ചെയ്യുക . ആ ഒരൊറ്റക്കുറിപ്പിലൂടെ ദാർശനികനായ ഒരു കവിയെ മകനിലൂടെ നിങ്ങൾ കാണുന്നില്ലേ?
ഇന്ന് 2021 നവംബർ 30 കിളിമാനൂർ രമാകാന്തൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് പന്ത്രണ്ടുവർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പുതുക്കാനുള്ള ദിനം.

TAGS: KILIMANOOR REMAKANTHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.