SignIn
Kerala Kaumudi Online
Friday, 19 April 2024 3.47 PM IST

വാക്‌സിനെടുക്കാത്ത അദ്ധ്യാപകർ

sivankutty

വാക്‌സിൻ എടുക്കാതിരിക്കാൻ ഒരു വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ട്. അതേസമയം രണ്ടു വാക്സിനുകളും എടുക്കാത്തവരെ കയറ്റിവിടില്ലെന്ന് പറയാൻ സംസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും അവകാശമുണ്ട്. വാക‌്‌സിൻ എടുക്കാത്ത ഒരാൾ വീട്ടിൽനിന്ന് പുറത്തിറങ്ങുന്നില്ലെങ്കിൽ അയാളുടെ വീട്ടുകാർക്കും ബന്ധുക്കൾക്കുമല്ലാതെ സമൂഹത്തിന് മൊത്തം അപകടമാണെന്ന് പറയാനാവില്ല. മതത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മറ്റും പേരിൽ അതാകാം. പക്ഷേ എല്ലാ മതക്കാരും ഇടപഴകുന്ന പൊതുസ്ഥലങ്ങളിൽ പോകേണ്ട ആളാണെങ്കിൽ വാക്‌‌സിൻ എടുക്കുന്നതാണ് നല്ലത്. സംസ്ഥാനത്തെ സ്‌കൂളുകളിൽ കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാത്ത അയ്യായിരത്തിലധികം അദ്ധ്യാപകരുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. സ്കൂളുകൾ തുറന്ന് ഒരു മാസമായിട്ടില്ല. മാത്രമല്ല വൈകിട്ട് വരെ സ്കൂൾ സമയം നീട്ടാനിരിക്കുകയാണ്. ഇനി അങ്ങോട്ട് പരീക്ഷാക്കാലമാണ് വരുന്നത്. കുട്ടികളുടെ ആരോഗ്യത്തിൽ എല്ലാവിധ ഉത്തരവാദിത്തവും പുലർത്തേണ്ട ചുമതല അതിന്റെ നടത്തിപ്പുകാർക്കും വിദ്യാഭ്യാസ വകുപ്പിനുമുണ്ട്. സ്‌കൂൾ ഇപ്പോഴൊന്നും തുറക്കാൻ പാടില്ലെന്ന വാദങ്ങളെ അതിജീവിക്കുകയും സ്കൂൾ തുറന്ന് വലിയ കുഴപ്പമില്ലാതെ നടത്തിക്കൊണ്ട് പോവുകയുമാണ്.

സ്‌കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ എല്ലാ അദ്ധ്യാപകരും വാക്സിനെടുക്കണമെന്ന നിർദ്ദേശം സ്കൂൾ തുറപ്പിനുള്ള മാർഗരേഖയിൽ വിദ്യാഭ്യാസവകുപ്പ് ഉൾപ്പെടുത്തിയിരുന്നു. ആ മാർഗരേഖ അദ്ധ്യാപകരിൽ തന്നെ ഒരു ന്യൂനപക്ഷം ലംഘിച്ചു എന്നതാണ് മന്ത്രിയുടെ വെളിപ്പെടുത്തലോടെ മനസിലാവുന്നത്. ആരോഗ്യപരമായ കാരണങ്ങളാൽ ഒരു ചെറിയ ശതമാനം പേർക്ക് വാക്‌സിൻ എടുക്കാനാവില്ല. ആരോഗ്യ സർട്ടിഫിക്കറ്റ് കാണിച്ചാൽ അത് മനസിലാക്കാം. എന്നാൽ മതവിശ്വാസങ്ങളുടെയും മറ്റ് അന്ധവിശ്വാസങ്ങളുടെയും പേരിൽ വാക്‌സിൻ എടുക്കാൻ വിമുഖത കാണിക്കുന്ന അദ്ധ്യാപകരും അനദ്ധ്യാപക ജീവനക്കാരും ഉണ്ടെന്നാണ് മനസിലാക്കുന്നത്. ഇവർ കൊവിഡ് കാലം തീരുന്നതുവരെ ദീർഘകാല അവധിയിൽ പ്രവേശിക്കുന്നതാണ് നല്ലത്. എന്തായാലും ഇവരെ സ്കൂളിൽ പ്രവേശിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകരുത്. ഇത് കുട്ടികളുടെ ആരോഗ്യത്തെ അപകടത്തിലാക്കാൻ സാദ്ധ്യതയുള്ളതിനാൽ വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകരുടെ പേരുവിവരങ്ങൾ ആരോഗ്യ, ആഭ്യന്തരവകുപ്പ് അധികൃതർക്ക് കൈമാറണം. ഇവർ സ്കൂളിൽ വരുന്നില്ലെന്നത് ഉറപ്പാക്കേണ്ടത് ഈ വകുപ്പുകളുടെ ചുമതലയാക്കി മാറ്റുകയും വേണം.

വാക്‌സിനെടുക്കാതെ അന്യസംസ്ഥാനങ്ങളിലേക്കും അന്യരാജ്യങ്ങളിലേക്കും പോകാനാവില്ല. ഏതു മതവിശ്വാസിയാണെങ്കിലും ഇപ്പോൾ വിദേശത്തു നിന്നു വന്നാൽ ക്വാറന്റൈനിൽ പോകണം. അതിനൊന്നും ഒരു വിട്ടുവീഴ്ചയും കാണിക്കാനാകില്ല. മതാധിപത്യമുള്ള രാജ്യങ്ങൾ പോലും ഇക്കാര്യങ്ങളിൽ ഒരു വിട്ടുവീഴ്‌ചയ്ക്കും തയ്യാറായിട്ടില്ല. മനുഷ്യൻ ജീവിച്ചിരുന്നാൽ മാത്രമേ മതങ്ങൾക്കും പ്രസക്‌തിയുള്ളൂ.

വ്യാപനശേഷി കൂടിയ കൊവിഡ് വകഭേദമായ ഒമൈക്രോൺ വരവ് ഭീഷണിയായതിനിടെ അദ്ധ്യാപകരുടെ വാക്‌സിൻ വിമുഖത സ്വാഭാവികമായും ചേരിതിരിഞ്ഞുള്ള കൂടുതൽ ചർച്ചകൾക്ക് ഇടയാക്കും. ഇത് മുതലെടുക്കാനായി പല ഗ്രൂപ്പുകളും ശ്രമിക്കും. വാക്‌‌സിൻ എടുക്കുന്നില്ലെന്ന് മാത്രമല്ല സമൂഹത്തിൽ അനാവശ്യമായ ചേരിതിരിവിനും ചർച്ചകൾക്കും ഇടയാക്കുക കൂടി ചെയ്യുകയാണ് വാക്‌സിനോട് മുഖംതിരിഞ്ഞു നിൽക്കുന്ന ഈ അദ്ധ്യാപകർ. അതിനാൽ ലോകത്തെ അവസാനത്തെ കൊവിഡ് രോഗിയും രോഗമുക്തി നേടുന്നതു വരെ ഇവർ അവധിയെടുത്ത് വീട്ടിലിരിക്കുന്നതാണ് സമൂഹത്തിന് നല്ലത്. തത്‌‌കാലം ലീവ് വേക്കൻസിയിൽ വാക്സിനെടുത്തവരെ നിയമിക്കുകയും ചെയ്യാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNVACCINATED TEACHERS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.