മലപ്പുറം: വയനാട് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് നേരെ മലപ്പുറം വണ്ടൂരിൽ രണ്ടു തവണ ആക്രമണമുണ്ടായി. ഇന്നലെ വൈകിട്ട് അഞ്ചിനും രാത്രി ഏഴരയ്ക്കുമായിരുന്നു ആക്രമണം. ആദ്യ ആക്രമണത്തിൽ തുഷാർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചില്ലുകൾ തകർന്നു. രണ്ടാമത് മാരകായുധങ്ങളുമായി നടത്തിയ ആക്രമണത്തിൽ 15 പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുഷാറിന് പരിക്കില്ല.
കോൺഗ്രസ്, മുസ്ലിംലീഗ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നും കാരണം വ്യക്തമല്ലെന്നും പ്രകോപനങ്ങളൊന്നും തങ്ങളുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നും എൻ.ഡി.എ നേതാക്കൾ പറഞ്ഞു.
വൈകിട്ട് അഞ്ചോടെ കാളികാവ് കല്ലാമൂലയിലായിരുന്നു ആദ്യ ആക്രമണം. സ്ഥാനാർത്ഥിയുടെ വാഹന വ്യൂഹം കടന്നുപോകുമ്പോൾ സ്ഥലത്ത് യു.ഡി.എഫിന്റെ സമ്മേളനം നടക്കുന്നുണ്ടായിരുന്നു. ഇവിടെ തടിച്ചുകൂടിയ കോൺഗ്രസ്, മുസ്ലിംലീഗ് പ്രവർത്തകർ വാഹനത്തിന് മുന്നിലേക്ക് ചാടിവീണ് യാത്ര തടഞ്ഞു. 25 മിനിട്ടോളം ഇവർ വാഹനം തടഞ്ഞിട്ട് ബഹളം വയ്ക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഘർഷത്തിനിടെ തുഷാർ സഞ്ചരിച്ച വാഹനത്തിന്റെ ചില്ലുകൾ തകരുകയായിരുന്നു.
എ.പി. അനിൽകുമാറിന്റെ സാന്നിദ്ധ്യത്തിലാണ് ആക്രമണം നടന്നതെന്നും ഇത് തടയാൻ യു.ഡി.എഫ് നേതാക്കൾ ശ്രമിച്ചില്ലെന്നും തുഷാറിനൊപ്പമുണ്ടായിരുന്ന ബി.ഡി.ജെ.എസ് പ്രവർത്തകർ ആരോപിച്ചു.
വൈകിട്ട് ഏഴരയോടെ വണ്ടൂർ ടൗണിനടുത്ത് പൂങ്ങോട് വച്ചായിരുന്നു രണ്ടാമത്തെ ആക്രമണം. കയറ്റം കയറുന്നതിനിടെ ഒരു സംഘം മാരകായുധങ്ങളുമായി വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടി വീഴുകയായിരുന്നു. തുഷാറിന്റെ വാഹനത്തിന് മുന്നിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന പ്രവർത്തകർക്കു നേരെയാണ് ഇവർ ആക്രമണം അഴിച്ചുവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |