SignIn
Kerala Kaumudi Online
Sunday, 06 July 2025 3.18 PM IST

ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത്, സെബാസ്റ്റ്യൻ പോളിന്റെ വിമർശനങ്ങൾക്ക് തെളിവുകൾ നിരത്തി ടൊവിനോ

Increase Font Size Decrease Font Size Print Page
tovino-thomas

തിരുവനന്തപുരം: ഇടത് സഹയാത്രകനും മുൻ പാർലമെന്റ് അംഗവുമായ സെബാസ്റ്റ്യൻ പോളിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ ടൊവിനോ തോമസ് രംഗത്ത്. ചില താരങ്ങൾ കന്നിവോട്ട് ചെയ്തതായി വാർത്ത കണ്ടു. മോഹൻലാലും ടൊവിനോ തോമസും അക്കൂട്ടത്തിൽ പെടുന്നു. ഇരുവർക്കും ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂർത്തിയായത്. എന്നായിരുന്നു സെബാസ്റ്റ്യൻ പോൾ ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ ഇതിന് മറുപടിയുമായി ടൊവിനെ രംഗത്തെത്തുകയായിരുന്നു.

താൻ ചെയ്തത് കന്നിവോട്ടല്ലെന്നും പ്രായപൂർത്തി ആയതിന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിനും ഞാൻ എവിടെയാണെങ്കിലും അവിടുന്ന് എന്റെ നാടായ ഇരിങ്ങാലക്കുടയിൽ വന്ന് എന്റെ വോട്ട് രേഖപ്പെടുത്താറുണ്ടെന്നും ടൊവിനോ കുറിച്ചു. ഇതിന് തെളിവായി ഗപ്പി എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സമയത്തെ കെെയിലെ മഷി പുരണ്ട ഫോട്ടോയും പങ്കുവച്ചു. ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുതെന്നും ഇത്തവണ താൻ ചെയ്തത് എന്റെ കന്നി വോട്ടല്ലെന്നും ടൊവിനോ വ്യക്തമാക്കി.

ടൊവിനോയുടെ കുറിപ്പ്

അങ്ങയോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു പറയട്ടെ , ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത് . ഇത്തവണ ഞാന്‍ ചെയ്തത് എന്റെ കന്നി വോട്ട് അല്ല . Was the first one to vote from my polling station എന്ന് ഞാന്‍ എഴുതിയത് എന്റെ പോളിംഗ് സ്റ്റേഷനില്‍ ഇന്ന് ആദ്യം വോട്ട് ചെയ്തത് ഞാന്‍ ആണ് എന്ന അര്‍ത്ഥത്തിലാണ്. അതിന്റെ അര്‍ത്ഥം അങ്ങനെ തന്നെ ആണെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു. അങ്ങയെപ്പോലെ ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാള്‍ കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ ഇങ്ങനെ ഇവിടെ കുറിക്കുന്നത് അങ്ങേക്ക് തന്നെ അപഹാസ്യമാണ്.

പിന്നെ എനിക്ക് പ്രായപൂര്‍ത്തി ആയതിന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിനും ഞാന്‍ എവിടെയാണെങ്കിലും അവിടുന്ന് എന്റെ നാടായ ഇരിങ്ങാലക്കുടയില്‍ വന്ന് എന്റെ വോട്ട് രേഖപ്പെടുത്താറുണ്ട്. ആവശ്യമെങ്കില്‍ സാറിനു അന്വേഷിക്കാന്‍ വഴികള്‍ ഉണ്ടല്ലോ. അന്വേഷിച്ചു ബോധ്യപ്പെടൂ. നന്ദി.

ഗപ്പി എന്ന സിനിമയുടെ ഷൂട്ടിനിടക്ക് നാഗര്‍കോവില്‍ നിന്ന് ഇരിങ്ങാലക്കുട വന്നാണ് വോട്ട് ചെയ്തിട്ട് പോയത്. വോട്ടിനു ശേഷം പുരട്ടിയ വിരലിലെ മഷി കാരണം ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സീനിന്റെ തുടര്‍ച്ചയെ ബാധിച്ചു എന്ന് പറഞ്ഞു സംവിധായകന്റെ പരിഹാസവും അന്ന് നേരിട്ടത് ഞാന്‍ ഓര്‍ക്കുന്നു. സിനിമ നടനായതുകൊണ്ടുള്ള ചില ആനുകൂല്യങ്ങള്‍ ആണ്. നമ്മള്‍ ചെയ്തു വെച്ചിട്ടുള്ള നല്ല കാര്യങ്ങള്‍ ആണേലും മോശം കാര്യങ്ങള്‍ ആണേലും റിയല്‍ ലൈഫിലും പ്രതിഫലിക്കപ്പെടും. അങ്ങനെ പെട്ട് പോയതാണ് ഗപ്പിയില്‍.

എന്റെ പ്രായം 30 വയസ്സ് ആണ് സര്‍, എന്റെ 30 വയസ്സിനിടക്ക് വന്ന നിയമസഭ ഇലക്ഷന്‍, ലോക്സഭ ഇലക്ഷന്‍, മുന്‍സിപാലിറ്റി ഇലക്ഷന്‍ തുടങ്ങിയവയില്‍ എല്ലാം ഞാന്‍ വോട്ട് ചെയ്തിട്ടുണ്ട്. ഇനി ജീവിതകാലം മുഴുവന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നിടത്തോളം കാലം ഞാന്‍ അത് ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും.

എന്നാൽ ടൊവിനോയുടെ കുറിപ്പ് വെെറലായതോടെ ഖേദം പ്രകടിപ്പിച്ച് സെബാസ്റ്റ്യൻ പോൾ രംഗത്തെത്തി. 'ടോവിനോയുടെ കുറിപ്പ് തെറ്റായി മനസിലാക്കി പ്രതികരിച്ചതിൽ ഖേദിക്കുന്നു. ജനാധിപത്യത്തോടുള്ള ഈ യുവനടന്റെ പ്രതിബദ്ധത വിശദമാക്കാൻ ഈ തെറ്റ് അവസരമായി. വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ എന്റെ കുറിപ്പിൽനിന്ന് ടൊവിനോയുടെ പേര് ഒഴിവാക്കുന്നു'. സെബാസ്റ്റ്യൻ പോൾ ഫേസ്ബുക്കിൽ കുറിച്ചു.

tovino-thomas

TAGS: LOKSABHA POLL 2019, ELECTION 2019, , TOVINO THOMAS, SEBASTIAN PAUL, FACEBOOK POST, VOTING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.