ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതിലൂടെ കോൺഗ്രസ് നഷ്‌ടമാക്കിയത് സുവർണ അവസരമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ. എന്നാൽ വിവിധ കാരണങ്ങൾ പരിഗണിച്ചാണ് പ്രിയങ്കാ ഗാന്ധി മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് നേതൃത്വം വിശദീകരിക്കുന്നു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ശരിയല്ലെന്നാണ് കോൺഗ്രസ് യോഗത്തിൽ യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി നിലപാടെടുത്തതെങ്കിലും പാർട്ടിയിൽ രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് പ്രിയങ്കയെ മാറ്റിനിറുത്തിയതെന്നാണ് സൂചന. കോൺഗ്രസ് തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കുന്ന രാഹുൽ ഗാന്ധിയേക്കാൾ ജനപിന്തുണ പ്രിയങ്കയ്ക്ക് ഉണ്ടാകുമെന്നും ഇത് പ്രതിപക്ഷ പാർട്ടികളിൽ അടക്കം ആശയക്കുഴപ്പം സൃഷ്‌ടിക്കുമെന്നും പാർട്ടി കരുതുന്നു. ഇത്തരത്തിൽ പ്രിയങ്കയുടെ സ്ഥാനാർത്ഥിയാക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചത് അഞ്ച് കാരണങ്ങൾ മൂലമാണെന്നാണ് വിലയിരുത്തൽ.
പാർട്ടിയിലെ രണ്ട് അധികാര കേന്ദ്രങ്ങൾ
ചരിത്രത്തിൽ ഒരിക്കലും ഗാന്ധി കുടുംബത്തിൽ നിന്നും കോൺഗ്രസ് പാർട്ടിയിൽ രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടായിട്ടില്ല. രാഹുൽ ഗാന്ധി പാർട്ടി അദ്ധ്യക്ഷനായിരിക്കുമ്പോൾ തന്നെ പ്രിയങ്കാ ഗാന്ധിയെ എ.ഐ.സി.സി ജനറൽ സെക്രട്ടറിയാക്കിയത് തന്നെ അസാധാരണ സംഭവമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഈ അവസ്ഥയിൽ ബി.ജെ.പിയിലെ ഏറ്റവും ശക്തനായ നേതാവിനെതിരെ മത്സരിക്കുന്നത് പ്രിയങ്കയെ കൂടുതൽ ശക്തയാക്കും. ഇതോടെ പാർട്ടിയിൽ രണ്ട് അധികാര കേന്ദ്രങ്ങൾ ഉയർന്ന് വരുമെന്നും ഇത് ഭാവിയിൽ അധികാര വടംവലിയിലേക്ക് നയിക്കുമെന്നും നേതൃത്വം കരുതുന്നു.
ആദ്യ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടേണ്ട
കോൺഗ്രസ് പാർട്ടിയിൽ ഏറെ നാളായി ഉന്നയിക്കപ്പെട്ട ആവശ്യത്തിനൊടുവിലാണ് പ്രിയങ്കാ ഗാന്ധി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ശരിയല്ലെന്നാണ് കോൺഗ്രസിനുള്ളിലെ നിലപാട്. മാത്രവുമല്ല ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുന്നത് അത്ര നല്ലതല്ലെന്നും കോൺഗ്രസ് കരുതുന്നു. ജയം വിഷയമല്ലെന്ന് പ്രിയങ്ക പാർട്ടിയിൽ നിലപാടെടുത്തെങ്കിലും ആദ്യ മത്സരത്തിലെ തോൽവി ഭാവി രാഷ്ട്രീയത്തിന് തിരിച്ചടിയാകുമെന്നാണ് പാർട്ടി വിലയിരുത്തൽ.
പ്രതിപക്ഷ പാർട്ടികൾ കൂടെ നിൽക്കുമെന്ന് ഉറപ്പില്ല
വാരണാസി മണ്ഡലത്തിൽ കോൺഗ്രസ് പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ എസ്.പി, ബി.എസ്.പി, ആം ആദ്മി തുടങ്ങിയ പാർട്ടികൾ പിന്തുണയ്‌ക്കുമെന്നാണ് പാർട്ടി കരുതിയത്. എന്നാൽ കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി നൽകി കഴിഞ്ഞ ദിവസം വാരണാസിയിൽ എസ്.പി - ബി.എസ്.പി സഖ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കോൺഗ്രസ് സഖ്യ ചർച്ചകൾ നടത്തിയെങ്കിലും പ്രതിപക്ഷ പാർട്ടികൾ അയഞ്ഞില്ല.
അമേത്തി?
ഇത്തവണ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. ഇതിൽ അമേത്തിയിലും വയനാടും ജയിച്ചാൽ രാഹുൽ വയനാട് നിലനിറുത്തി അമേത്തിയിൽ പ്രിയങ്കയെ മത്സരിപ്പിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ സൂചന നൽകുന്നുണ്ട്. ഇക്കാര്യത്തിൽ നേതാക്കൾ ഉറപ്പിച്ചൊന്നും പറയുന്നില്ലെങ്കിൽ പോലും ഇതിനുള്ള സാധ്യത തള്ളാനാകില്ലെന്നാണ് വിവരം.
മോദി ഫാക്‌ടർ
പ്രതിപക്ഷ പാർട്ടികൾ പിന്മാറിയതോടെ നരേന്ദ്ര മോദിയെന്ന അതികായനോട് ഒറ്റയ്‌ക്ക് മത്സരിക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യം കോൺഗ്രസ് മനസിലാക്കിയെന്ന് വേണം കരുതാൻ. 2014ൽ മൂന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച് കയറിയ മോദിയോട് എതിരിടണമെങ്കിൽ ഇപ്പോഴത്തെ ആയുധങ്ങൾ പോരെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. നരേന്ദ്ര മോദിക്കെതിരെ വികാരം നിലനിൽക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ മറ്റ് പ്രതിപക്ഷ പാർട്ടികൾ കൂടെ നിൽക്കുമെന്ന് ഉറപ്പിക്കാനും കഴിയില്ല. എണ്ണയിട്ട യന്ത്രം പോലെ മോദിക്ക് വേണ്ടി പ്രവർത്തിക്കാൻ ആർ.എസ്.എസും സംഘപരിവാർ സംഘടനകളും ഉള്ളപ്പോൾ മത്സരം പോലുമുണ്ടാകില്ലെന്നും കോൺഗ്രസ് കരുതുന്നു. ഒപ്പം വാരണാസിയിൽ മാത്രം ശ്രദ്ധിക്കേണ്ടി വരുമ്പോൾ മറ്റ് മണ്ഡലങ്ങളിലെ പ്രചാരണത്തിന് വീഴ്‌ചയുണ്ടാകുമോയെന്നും കോൺഗ്രസ് ഭയപ്പെടുന്നുണ്ട്.
അതേസമയം, സമീപ കാലത്ത് കൈവന്ന ഏറ്റവും വലിയ അവസരമാണ് കോൺഗ്രസ് ഇപ്പോൾ കൈവിട്ടതെന്ന് കരുതുന്നവരും ഏറെയാണ്. നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുന്നത് ജയിക്കാൻ അല്ലെങ്കിൽ കൂടി ദേശീയ തരത്തിൽ വൻ സന്ദേശം നൽകാൻ ഇതിലൂടെ സാധിക്കുമായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. കോൺഗ്രസിനേക്കാൾ തങ്ങളാണ് ബി.ജെ.പിയെ കൂടുതൽ എതിർക്കുന്നതെന്ന സന്ദേശം നൽകാൻ അപ്രതീക്ഷിത സ്ഥാനാർത്ഥി പ്രഖ്യാപനത്തിലൂടെ എസ്.പി ബി.എസ്.പി മഹാസഖ്യത്തിന് കഴിഞ്ഞു. പ്രതിപക്ഷത്തെ ശക്തനായ നേതാവിനെതിരെ തോൽക്കുന്നത് തിരിച്ചടിയാകുമെന്ന് കരുതി മത്സരത്തിന് ഇറങ്ങാതിരിക്കുന്നത് ചരിത്രപരമായ മണ്ടത്തരമാണ്. വാരണാസിയിൽ ബി.ജെ.പിക്കെതിരെ ദുർബല സ്ഥാനാർത്ഥിയെ നിറുത്തി അവരെ സഹായിക്കുന്നുവെന്ന പ്രചാരണം ഇനി ശക്തമാകാനും ഇടയുണ്ട്. പുതുമുഖ പാർട്ടിക്കോ പുതുനേതാവിനോ എതിരെ വമ്പിച്ച പ്രചാരണം നടത്തിയപ്പോഴെല്ലാം നിറംമങ്ങിപ്പോയ ചരിത്രമാണു ബിജെപിയുടേത്. അതിനാൽ പ്രിയങ്കയ്ക്കെതിരെ ശക്തമായ പ്രചാരണം നയിക്കാൻ ബി.ജെ.പി രണ്ടാമതൊന്ന് ആലോചിക്കുമെന്നും കരുതിയിരുന്നു. എന്നാൽ കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കത്തിലൂടെ ഇനി മോദിക്കും തന്റെ മണ്ഡലത്തിൽ അധികം ശ്രദ്ധിക്കാതെ ഇന്ത്യ മുഴുവൻ കറങ്ങിനടക്കാം.
എന്നാൽ അപ്രതീക്ഷിത തീരുമാനങ്ങളിലൂടെ എന്നും രാഷ്ട്രീയ ലോകത്തെ ഞെട്ടിച്ചിട്ടുള്ള കോൺഗ്രസ് വയനാട്ടിൽ ടി.സിദ്ധീഖിനെ മാറ്രി രാഹുൽ ഗാന്ധിയെ ഇറക്കിയത് പോലെ പ്രിയങ്കാ ഗാന്ധിയ്‌ക്ക് മാസ് എൻട്രി ഒരുക്കുമോ എന്ന് സംശയിക്കുന്നവരുമുണ്ട്. പക്ഷേ ഈ സ്വപ്‌നത്തിന് ആയുസ് കുറവാണെന്നതാണ് സത്യം. ഏപ്രിൽ 29 വരെയാണ് മണ്ഡലത്തിൽ പത്രിക സമർപ്പിക്കാനുള്ള അവസരം. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വൻ റോഡ് ഷോയുടെ അകമ്പടിയോടെ പത്രിക സമർപ്പിക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |