SignIn
Kerala Kaumudi Online
Wednesday, 06 July 2022 1.23 PM IST

മതവും പിതാവിന്റെ ഉത്തരവാദിത്വവും

photo

മാതാപിതാക്കളെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ജാതിയും മതവും തടസമാകുന്നതിനെ പരിഷ്‌കൃത സമൂഹം അനുകൂലിക്കില്ല. നിർഭാഗ്യവശാൽ മതത്തെയും ജാതിയെയും തെറ്റുചെയ്യാനുള്ള പരിചയായി ചിലരെങ്കിലും ഉപയോഗിക്കുന്നുണ്ട്. എല്ലാ മതത്തിന്റെയും ആധാരവും ലക്ഷ്യവും പരമമായ സ്നേഹമാണ്. എന്നാൽ ഇതേ മതത്തിന്റെയും ജാതിയുടെയും പേരിലാണ് വലിയ ശത്രുതകളും കലഹങ്ങളും ഉണ്ടാകുന്നത് എന്നതാണ് വിരോധാഭാസം. ഇതിന് മതത്തെയല്ല കുറ്റം പറയേണ്ടത്. അത് കൈകാര്യം ചെയ്യുന്നവരുടെ സ്വാർത്ഥതാത്‌പര്യങ്ങളാണ് കാര്യങ്ങൾ വിദ്വേഷത്തിലേക്ക് നയിക്കുന്നത്. എന്തു തെറ്റുചെയ്താലും സംരക്ഷിക്കാൻ മതവും ജാതിയും കാണുമെന്ന വിചാരം പുലർത്തുന്നവരും കുറവല്ല. ഇങ്ങനെ പ്രവർത്തിക്കുന്നവരെ തിരുത്താൻ മതങ്ങളുടെ ഉത്തരവാദപ്പെട്ട പദവികൾ അലങ്കരിക്കുന്നവർ ശ്രമിക്കാറില്ലെന്ന് മാത്രമല്ല എരിതീയിൽ എണ്ണയൊഴിക്കുകയും ചെയ്യും. ഇതാണ് മതത്തിന്റെ പേരിൽ സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്നുപോലും ഒളിച്ചോടാൻ പലരെയും പ്രേരിപ്പിക്കുന്നതും. ഇത്തരം പ്രവണതകൾക്കെതിരെയുള്ള വിലപ്പെട്ട ഉത്തരവാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. പിതാവെന്ന നിലയിലുള്ള ചുമതല നിശ്ചയിക്കുന്നതിൽ മതത്തിനും ജാതിക്കും വിശ്വാസത്തിനുമൊന്നും പങ്കില്ലെന്ന് ഹൈക്കോടതി അസന്നിഗ്ദ്ധമായി വ്യക്തമാക്കി. വ്യത്യസ്‌ത മതത്തിൽപ്പെട്ട മാതാപിതാക്കൾക്കുണ്ടായ മകൾക്ക് ജീവനാംശം നൽകണമെന്ന കുടുംബകോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് പിതാവ് നൽകിയ കേസിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ശ്രദ്ധേയമായ നിരീക്ഷണം.

വിവാഹം, പഠനം എന്നിവയ്ക്കായി ചെലവായ തുകയടക്കം മകൾക്ക് ജീവനാംശമായി 16.70 ലക്ഷം രൂപ നൽകാൻ നെടുമങ്ങാട് കുടുംബകോടതി ഉത്തരവിട്ടതിന് എതിരെയാണ് അപ്പീൽ സമർപ്പിക്കപ്പെട്ടത്. ഹിന്ദു സമുദായത്തിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ പിതാവാണ് അപ്പീൽ നൽകിയത്. ഇസ്‌ലാം മതവിശ്വാസിയായിരുന്നു മാതാവ്. മകൾക്ക് മൂന്നുവയസുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. മാതാവ് പിന്നീട് വിവാഹിതയായി. മൂന്നുവയസു മുതൽ മാതാവിന്റെ മാതാപിതാക്കളായിരുന്നു ഇസ‌്‌ലാം മതവിശ്വാസപ്രകാരം കുട്ടിയെ വളർത്തിയത് . മാതാപിതാക്കളെ എതിർകക്ഷിയാക്കിയാണ് ജീവനാംശത്തിനായി മകൾ കുടുംബകോടതിയിൽ ഹർജി നൽകിയത്.

വിവാഹ ചെലവിന്റെ ഇനത്തിൽ 14.66 ലക്ഷം രൂപ നൽകാനാണ് കുടുംബകോടതി ഉത്തരവിട്ടിരുന്നത്. ഇത് ഡിവിഷൻ ബെഞ്ച് മൂന്നുലക്ഷമായി കുറച്ചു. പിതാവിന്റെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതി കൂടി കണക്കിലെടുത്താണ് കോടതി തുക കുറച്ചത്. ഇതിനു പുറമെ ജീവനാംശമായി 5000 രൂപയും വിദ്യാഭ്യാസചെലവായി 96,000 രൂപയും നൽകാനും ഉത്തരവിട്ടു. കോടതിയുടെ ഈ തീരുമാനത്തിന്റെ പ്രാധാന്യം നിയമം മാത്രം നോക്കിയല്ല ഉത്തരവ് എന്നതാണ്. കാരണം ഇരു മതത്തിൽപ്പെട്ട മാതാപിതാക്കൾക്കുണ്ടാകുന്ന കുട്ടികളുടെ ജീവനാംശം തീരുമാനിക്കുന്നതിന് നിലവിൽ നിയമമില്ല. 1984ലെ സ്‌പെഷ്യൽ മാര്യേജ് ആക്‌ടും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നു. എന്നാൽ, യു.എൻ കൺവെൻഷൻ അംഗീകരിച്ച കുട്ടികളുടെ അവകാശപ്രകാരം മാതാപിതാക്കൾക്ക് കുട്ടികളെ സംരക്ഷിക്കാനുള്ള ബാദ്ധ്യതയുണ്ടെന്ന് കോടതി വിലയിരുത്തി. ഈ അവകാശത്തെ 1992-ൽ ഇന്ത്യയും അംഗീകരിച്ചതാണെന്നും കോടതി കണക്കിലെടുത്തു. ജസ്‌റ്റിസ് മുഹമ്മദ് മുഷ്‌താഖും ജസ്‌റ്റിസ് കൗസർ എടപ്പഗത്തും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഈ വിധിയുടെ അടിസ്ഥാനത്തിൽ ഇനിയും കേസുകൾ ഉയർന്നുവരാനിടയുണ്ട്. നിലവിൽ നിയമമില്ലെന്ന പോരായ്‌മയാവും നിയമം മാത്രം നോക്കുന്നവർ ചൂണ്ടിക്കാണിക്കുക. അതിനാൽ ഇരുമതത്തിൽപ്പെട്ട മാതാപിതാക്കൾക്കുണ്ടാകുന്ന കുട്ടികളുടെ ജീവനാംശം തീരുമാനിക്കാൻ വ്യക്തമായ നിയമം കൊണ്ടുവരാൻ ജനപ്രതിനിധികൾ മുൻകൈയെടുക്കണം. അതിലേക്കു കൂടി വിരൽചൂണ്ടുന്നതാണ് ഹൈക്കോടതിവിധി. വ്യത്യസ‌്ത മതത്തിൽപ്പെട്ടവരുടെ വിവാഹം വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ സ്‌പെഷൽ മാര്യേജ് ആക്‌ടിലും മാറ്റം വരേണ്ടത് അനിവാര്യമാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.