SignIn
Kerala Kaumudi Online
Tuesday, 08 July 2025 2.42 PM IST

സംസ്ഥാനത്ത് സമ്പൂർണ അടച്ചിടൽ ഇല്ല,​ ജനുവരി 23, 30 തീയതികളിൽ അവശ്യ സർവീസുകൾ മാത്രം , ജില്ലകൾ മൂന്ന് കാറ്റഗറിയായി തിരിച്ച് നിയന്ത്രണം

Increase Font Size Decrease Font Size Print Page

lock-down

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ അടച്ചിടൽ ഉണ്ടാകില്ലെന്ന് കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി . വാരാന്ത്യ ലോക്ക്‌ഡൗണും ഒഴിവാക്കും. പകരം ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നിലവിലെ കൊവിഡ് സാഹചര്യത്തിൽ ജനുവരി 23, 30 തീയതികളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു.

സർക്കാർ / സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ടു വയസിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, കാൻസർ രോഗികൾ, തീവ്ര രോഗബാധിതർ എന്നിവർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുവദിക്കുന്നതാണ്. ഇവർ ഡോക്‌ടർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

വ്യാപാരസ്ഥാപനങ്ങൾ, മാളുകൾ, ബീച്ചുകൾ, തീം പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കൊവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. ഇവിടങ്ങളിൽ നിശ്ചിത മീറ്ററിനകത്ത് സാനിറ്റൈസർ ലഭ്യമാക്കണം.

ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ടിൽനിന്ന് 22 കോടി രൂപ ജില്ലകൾക്ക് അനുവദിച്ചിട്ടുണ്ട്. നിലവിലെ കൊവിഡ് സാഹചര്യത്തിൽ ആശുപത്രികളിൽ അഡ്‌മിറ്റ്‌ ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യവകുപ്പ് ജില്ലാ ദുരന്തനിവാരണ അതോറിട്ടികൾക്ക് എല്ലാ വ്യാഴാഴ്ചകളിലും നൽകേണ്ടതാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തി ദുരന്തനിവാരണ അതോറിട്ടി ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിക്കും. എല്ലാ വെള്ളിയാഴ്ചകളിലും ദുരന്തനിവാരണ അതോറിറ്റി ഇത് പ്രഖ്യാപിക്കും.

എ കാറ്റഗറിയിൽ സാമൂഹ്യ, സാംസ്കാരിക, മത-സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാവുന്നതാണ്.

ബി. കാറ്റഗറിയിൽ സാമൂഹ്യ, സാംസ്കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

സി കാറ്റഗറിയിൽ സാമൂഹ്യ, സാംസ്കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തിയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല.

ഇന്നത്തെ നില പ്രകാരം എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് എ കാറ്റഗറിയിൽ വരുന്നത്. പാലക്കാട്, ഇടുക്കി തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകളാണ് ബി കാറ്റഗറിയിൽ. സി കാറ്റഗറിയിൽ വരുന്ന ജില്ലകൾ ഇപ്പോൾ ഇല്ല.

പുതിയ വകഭേദമായ ഒമിക്രോൺ അതി വേഗതയിലാണ് വ്യാപിക്കുന്നതെന്നതിനാൽ സംസ്ഥാനത്താകെ നല്ല ജാഗ്രത ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗബാധിതർ കൂടുതലും വീടുകളിലാണുള്ളത്. അതിനാൽ ടെലിമെഡിസിൻ വ്യാപകമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിൽ പ്രധാന പങ്കു വഹിക്കാനാകും. വീടുകളിൽ കഴിയുന്നവർക്ക് ഗൃഹ പരിചരണം ഉറപ്പുവരുത്താൻ ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. വാർഡ്തല സമിതികൾ വീടുകൾ കേന്ദ്രീകരിച്ച് രോഗികളുടെ സൗകര്യങ്ങൾ ഉറപ്പാക്കണം.

മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിന് കൃത്യമായ മാനദണ്ഡം നിശ്ചയിക്കണം. റഫർ ചെയ്യുന്ന ഗുരുതര രോഗാവസ്ഥയിലുള്ളവരെ മാത്രം പ്രവേശിപ്പിച്ചാൽ മതിയാകും. അവിടെ ഗുരുതര അവസ്ഥയിൽ എത്തുന്നവരെ മുതിർന്ന ഡോക്ടർമാർ കൂടി പരിശോധിക്കുന്ന നില ഉണ്ടാകണം.

നേരത്തെ കൊവിഡ് ബ്രിഗേഡിൽ സേവനമനുഷ്ഠിച്ചവരെ ആവശ്യാനുസരണം നിയമിക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി.

സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പു വരുത്തണം. അവിടെ രോഗികളെ പ്രവേശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 108 ആംബുലൻസുകളുടെ ഉപയോഗം പരമാവധി ഉറപ്പു വരുത്തണം.

പ്രാഥമിക സമ്പർക്ക പട്ടികയിൽപെട്ടവർക്ക് നൽകുന്ന ഏഴു ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കേണ്ടതില്ല എന്ന് യോഗം തീരുമാനിച്ചു.

സ്പെഷൽ സ്കൂളുകൾ അടച്ചിടേണ്ടതില്ല. അവിടെ ക്ലസ്റ്റർ രൂപപ്പെട്ടാൽ മാത്രം അടയ്ക്കും.

കൊവിഡിതര രോഗികളുടെ കാര്യത്തിൽ കൃത്യമായ ക്രമീകരണം ഉണ്ടാക്കണം. സെക്രട്ടറിയേറ്റിൽ കോവിഡ് വാർ റും പ്രവർത്തിക്കും. ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമ്പോൾ അധ്യാപകർ സ്കൂളിൽ തന്നെ ഉണ്ടാകണം. അധ്യയനവർഷത്തിന്റെ അവസാനഘട്ടമായതിനാൽ ഇത് പ്രധാനമാണ്. ജില്ലകളുടെ ആവശ്യമനുസരിച്ച് കരുതൽ വാസകേന്ദ്രങ്ങൾ ആരംഭിക്കാവുന്നതാണ്. മരുന്നുകൾക്കും ടെസ്റ്റിംഗ് കിറ്റുകൾക്കും ദൗർലഭ്യം ഉണ്ടാവരുത് .

ക്ലസ്റ്ററുകൾ രൂപപ്പെടുന്ന സ്ഥലങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റ്മാരെ നിയോഗിക്കാം. നിർമ്മാണപ്രവർത്തനങ്ങൾ സാമൂഹ്യ അകലം പാലിച്ച് നടത്താം.

ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ രോഗം പകരാതിരിക്കാൻ കൊവിഡ് മാനദണ്ഡമനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തണം. എന്നാൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന് തടസ്സം നിൽക്കേണ്ടതില്ല.

ജില്ലകളിൽ അതത് മേഖലകളുടെ സവിശേഷ സാഹചര്യങ്ങൾക്കനുസൃതമായി നിയന്ത്രണങ്ങൾ വരുത്താൻ ജില്ലാ കലക്ടർമാർക്ക് അധികാരം നൽകി. ചീഫ് സെക്രട്ടറിയുമായി ആലോചിച്ച് കളക്ടർമാർക്ക് ഇക്കാര്യം തീരുമാനിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

TAGS: COVID, WEEKLY LOCKDOWN, SCHOOL CLASS, ONLINE CLASS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.