കൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിന് കൈമാറിയ ശരത് ജി. നായർ ഒളിവിലല്ലെന്ന് കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (സി.സി.ഒ.എ). ശരത് ആലുവയിലെ വീട്ടിലുണ്ടെന്ന് സുഹൃത്തുക്കൾ കൂടിയായ അസോസിയേഷൻ ഭാരവാഹികൾ എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.
റെയ്ഡ് നടക്കുമ്പാൾ ശരത് ഒളിവിൽ പോയതല്ല, ഊട്ടിയിലെ ഹോട്ടലിലായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ആക്കിയിട്ടില്ല. കാൾ ഡൈവെർട്ട് ചെയ്തിട്ടിരിക്കുകയായിരുന്നു. ദിലീപ് സിനിമാതാരം ആകുന്നതിന് മുമ്പേ ബിസിനസ് തുടങ്ങിയ ആളാണ് ശരത്. ദിലീപുമായി ബന്ധപ്പെട്ട് ബിസിനസ് ലോകത്തേക്ക് വന്നതല്ല. ശരത്തിന്റെ ബിസിനസുകളെ വേട്ടയാടരുത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് ശരത് മാദ്ധ്യമങ്ങളെ കാണാത്തത്. ശരത് പറഞ്ഞിട്ടല്ല തങ്ങൾ എത്തിയതെന്നും അവർ വിശദീകരിച്ചു. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ബിനു ജോൺ, ജില്ലാ സെക്രട്ടറി അനൂപ് മഹാദേവ, ജിജോ അഗസ്റ്റിൻ, വർഗീസ് വി.സി എന്നിവർ പങ്കെടുത്തു.