കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. വളരെ പ്രധാനപ്പെട്ട കേസാണെന്നും വിശദമായ വാദം നേരിട്ട് കേൾക്കണമെന്നും കോടതി പറഞ്ഞു. നാളെ രാവിലെ 10. 15 ന് കേസ് പരിഗണിക്കും. സ്പെഷ്യൽ സിറ്റിംഗിലാണ് കോടതി വാദം കേൾക്കുന്നത്. ദിലീപ് ഉൾപ്പെടെ ആറ് പേരുടെ ഹർജിയാണ് മാറ്റിയത്. ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുള്ള പ്രതികൾ ഹർജി നൽകിയിട്ടുണ്ട്.
ദിലീപിന് ജാമ്യം നൽകരുതെന്ന് കാട്ടി കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ലൈംഗിക പീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് ചരിത്രത്തിൽ തന്നെ ആദ്യമാണെന്നും സമൂഹത്തിൽ വലിയ സ്വാധീനമുള്ള ദിലീപിന് മുൻകൂർ ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പ്രോസിക്യൂഷൻ പറഞ്ഞിട്ടുണ്ട്.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിനെതിരെ പുതിയൊരു വകുപ്പ് കൂടി ക്രൈംബ്രാഞ്ച് സംഘം ചേർത്തിട്ടുണ്ട്. കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചനയാണ് അധികമായി ചുമത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റമായിരുന്നു ദിലീപിനെതിരെ നേരത്തെ ചുമത്തിയിരുന്നത്. ബാലചന്ദ്രകുമാറിന്റെയും പരാതിക്കാരനായ ഡിവൈഎസ്‌പി ബൈജു പൗലോസിന്റെയും മൊഴിയെടുത്തതിന് പിന്നാലെയാണ് വകുപ്പുകളിൽ മാറ്റം വരുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |