തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങളും കാറ്റഗറികളും നിശ്ചയിച്ചത് സർക്കാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതിലൊന്നും പാർട്ടി ഇടപെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സിപിഎം സമ്മേളനങ്ങൾ നടക്കുന്ന ജില്ലകളെ കൊവിഡ് നിയന്ത്രണങ്ങളുള്ള കാറ്റഗറിയിൽ നിന്നും ഒഴിവാക്കിയെന്ന് വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടിയേരിയുടെ വിശദീകരണം. സിപിഎമ്മുകാർക്ക് തന്നെ രോഗം പടർത്തണം എന്ന ആഗ്രഹം പാർട്ടിക്കുണ്ടാകുമോയെന്നും അദ്ദേഹം ചോദിച്ചു.
എത്രയോ ആളുകൾക്ക് രോഗം വന്നു. അതൊക്കെ സിപിഎം സമ്മേളനത്തിൽ പങ്കെടുത്തിട്ടാണോ? മമ്മൂട്ടിക്ക് കൊവിഡ് വന്നത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണെന്നും അദ്ദേഹം ചോദിച്ചു. സിപിഎം ജില്ലാ സമ്മേളനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നത്. പങ്കെടുക്കാവുന്ന പ്രതിനിധികളുടെ എണ്ണം വെട്ടിച്ചുരുക്കിയിട്ടുണ്ട്. 400 പ്രതിനിധികൾ പങ്കെടുക്കേണ്ടിടത്ത് 180 പ്രതിനിധികളാക്കി ചുരുക്കിയെന്നും കോടിയേരി പറഞ്ഞു. സമ്മേളനം നടക്കുന്ന കാസർകോടും തൃശൂരും കൊവിഡ് പ്രശ്ന ബാധിത കാറ്റഗറിയിലില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |