SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.37 AM IST

ഇനി മൂന്നു നാൾ നിർണ്ണായകം, ദിലീപിനും അന്വേഷണ സംഘത്തിനും

dilip-case

കൊച്ചി: അന്വേഷണോദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ഇന്നു മുതൽ മൂന്നു നാൾ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും ദിലീപ് ഉൾപ്പെടെ പ്രതികൾക്കും നിർണായകം. ഗൂഢാലോചന നടത്തിയെന്ന ആരോപണം ഗൗരവമുള്ളതാണെന്നും ചില തെളിവുകൾ അലോസരപ്പെടുത്തുന്നതാണെന്നും പറഞ്ഞ കോടതി പക്ഷേ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടോയെന്ന സംശയവും പ്രകടിപ്പിച്ചിരുന്നു. പിന്നീടാണ് മൂന്നുനാൾ രാവിലെ ഒമ്പതു മുതൽ രാത്രി എട്ടുവരെ ഇവരെ ചോദ്യം ചെയ്യാൻ അനുവദിച്ചത്.

മൂന്നു നാൾ കൊണ്ട് അന്വേഷണ സംഘം കണ്ടെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാകും വ്യാഴാഴ്ച മുൻകൂർ ജാമ്യ ഹർജികളിൽ ഹൈക്കോടതി വിധി പറയുക. കൂടുതൽ തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിനു കഴിഞ്ഞാൽ ഇക്കാര്യം വ്യക്തമാക്കി മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളും. തുടർന്ന് അറസ്റ്റ് ഉണ്ടാകും. ദിലീപ് ഉൾപ്പെടെ ജയിലിൽ പോകേണ്ടി വരും. കാര്യമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഹർജി ഹൈക്കോടതി അനുവദിക്കും. പ്രതികളെ ജാമ്യത്തിൽ വിടാൻ നിർദ്ദേശിക്കുകയും ചെയ്യും. കേസിൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിന് പൂർണ്ണ സ്വാതന്ത്ര്യം കോടതി അനുവദിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യംചെയ്യാനുള്ള ടീമിലുണ്ടാകരുത്, പീഡനം പാടില്ല തുടങ്ങിയ നിബന്ധനകൾ പ്രതിഭാഗം ഉന്നയിച്ചെങ്കിലും കോടതി അനുവദിച്ചില്ല. നിയമപരമായി അന്വേഷണം നടത്താനും ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തിന് അവകാശമുണ്ടെന്നും തെറ്റായ നടപടികൾ ഉണ്ടായാൽ അതു കോടതി നോക്കുമെന്നും സിംഗിൾബെഞ്ച് പറഞ്ഞു.

æ അഞ്ചു മണിക്കൂർ പ്രത്യേക സിറ്റിംഗ്

ശനിയാഴ്ചയായിട്ടും ഇന്നലെ അഞ്ചു മണിക്കൂർ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് ഹർജികളിൽ വാദം കേട്ടത്. ഇരുഭാഗത്തിന്റെയും ആവശ്യം കണക്കിലെടുത്ത് കോടതി മുറിയിൽ ഹാജരായി വാദം കേൾക്കുകയായിരുന്നു. ഇതോടൊപ്പം ഹൈബ്രിഡ് സംവിധാനത്തിലൂടെ കോടതി നടപടികൾ ഓൺലൈനിലും ലഭ്യമാക്കി. രാവിലെ 10.15 നു തുടങ്ങിയ വാദം ഉച്ച കഴിഞ്ഞും നീണ്ടു. അഭിഭാഷകരടക്കം മുന്നൂറോളം പേരാണ് ഓൺലൈനിൽ കോടതി നടപടികൾ വീക്ഷിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 3 DAYS IMPORTANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA