കണ്ണൂർ: കാസർകോട് മണ്ഡലത്തിലും കണ്ണൂരിലുമൊക്കെ ചിലയിടങ്ങളിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന ആരോപണം ശക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ്. ഇതിനെ നിയമപരമായി നേരിടാനുള്ള നീക്കവും പാർട്ടി നടത്തുന്നുണ്ട്. അതേസമയം, കള്ളവോട്ട് എന്നത് എതിരാളികളുടെ വെറും ആരോപണമായി കണ്ട് അവഗണിക്കാനാണ് സി.പി.എം ശ്രമം. നിയമം അനുവദിക്കുന്ന കാര്യങ്ങൾ മാത്രമേ ആരോപണമുണ്ടായ ബൂത്തുകളിൽ നടന്നിട്ടുള്ളൂവെന്നും പാർട്ടി വാദിക്കുന്നു. ശാരീരിക അവശത അനുഭവിക്കുന്ന മറ്റൊരു വ്യക്തിയെ ബൂത്തിൽ വോട്ടുചെയ്യാൻ സഹായിക്കാൻ നിയമം അനുവദിക്കുന്നുണ്ട്. ഇതാണ് ചെയ്തത്. ഇതിൽ ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും വ്യക്തമാക്കുന്ന സി.പി.എം ഇക്കാര്യത്തിൽ എതിരാളികളുടെ പരാജയം മറച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ ആരോപണങ്ങളെ അവഗണിക്കുകയാണ്. ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് 'കേരളകൗമുദി ഫ്ളാഷി'നോട് വ്യക്തമാക്കുകയാണ് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരനും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനും.
യുദ്ധ മുഖത്താണ് കോൺഗ്രസ്
ഈ തിരഞ്ഞെടുപ്പോടെ കള്ളവോട്ട് എന്ന സി.പി.എമ്മിന്റെ ജനാധിപത്യ വിരുദ്ധ പ്രാകൃത നടപടി അവസാനിക്കണം. അതിനുള്ള യുദ്ധ മുഖത്താണ് കോൺഗ്രസ്. ആയുധങ്ങൾ കിട്ടുന്നതോടെ യുദ്ധം ആരംഭിക്കും. കള്ളവോട്ട് സംബന്ധിച്ച ദൃശ്യങ്ങൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അപേക്ഷ നൽകിയിട്ടുണ്ട്. ദൃശ്യങ്ങൾ ഉടൻ ലഭ്യമാക്കണമെന്നും പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്നതോടെ, ഏതറ്റംവരെ പോകേണ്ടി വന്നാലും കോൺഗ്രസ്, കള്ളവോട്ടെന്ന വിപത്തിനെതിരെ പോരാട്ടം നടത്തും. നിയമ നടപടികൾ സ്വീകരിക്കുന്നതിനുവേണ്ടി എറണാകുളത്തെ രണ്ട് സീനിയർ അഭിഭാഷകർ ഉൾപ്പെടെ മൂന്ന് അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എഴുപത് കൊല്ലമായി സി.പി.എം, കണ്ണൂർ- കാസർകോട് ജില്ലകളിൽ വിജയം നേടിയത് കള്ളവോട്ടിലൂടെയാണ്. ജനാധിപത്യ സംവിധാനത്തിൽ പൗരന്റെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയില്ലെന്ന് പറഞ്ഞാൽ പിന്നെന്ത് ജനാധിപത്യമാണ് ഉള്ളത്. കള്ളവോട്ട് വിഷയം പൊതുസമൂഹത്തിൽ അവതരിപ്പിക്കും. ഇത് ഇല്ലാതാക്കാൻ പൊതുസമൂഹത്തിന് കഴിയും.
കെ. സുധാകരൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ്
കോൺഗ്രസിന്റേത് അവസരവാദ നിലപാട്
കെ.എസ്.യു നേതാവ് അഭിജിത് എന്താണോ ചെയ്തത് അതുതന്നെയാണ് സലീനയും ചെയ്തത്. ശാരീരിക അവശതയുള്ളയാളെ സഹായിച്ചുകൊണ്ട് ഓപ്പൺ വോട്ട് ചെയ്തുവെന്നാണ് അഭിജിത്തിന്റെ വാക്കുകൾ. അഭിജിത്തിന് അത് ചെയ്യാം, സലീന ചെയ്യാൻ പാടില്ല എന്ന് പറയുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത്. ഇത് അവസരവാദ നിലപാടാണ്. കള്ളവോട്ടില്ലെന്ന് തെളിയിച്ചാൽ രാജ്മോഹൻ ഉണ്ണിത്താൻ രാഷ്ട്രീയം വിടുമെന്ന വെല്ലുവിളി തമാശയായി മാത്രമേ കാണുന്നുള്ളു. കള്ളവോട്ടുകൾ ചെയ്യാൻ ആഹ്വാനം ചെയ്തതിനെ തുടർന്ന് ഹൊസ്ദുർഗ് കോടതിയിൽ നിയമ നടപടി നേരിടുന്ന കെ. സുധാകരനും രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ അതേ വെല്ലുവിളി നടത്തിയിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചിട്ടും സുധാകരൻ രാജിവച്ചോ? 1999ൽ മുല്ലപ്പള്ളി രാമചന്ദ്രനും സമാനമായ വെല്ലുവിളി കണ്ണൂരിൽ നടത്തിയിരുന്നു. മുല്ലപ്പള്ളിയുടേയും സുധാകരന്റെയും മാതൃക വെല്ലുവിളിയുടെ കാര്യത്തിൽ തനിക്കും സ്വീകരിക്കാമെന്ന തോന്നലായിരിക്കാം ഉണ്ണിത്താന്. എടക്കാട് മണ്ഡലത്തിലെ കള്ളവോട്ട് സംബന്ധിച്ച് കോടതി സുധാകരന്റെ വാദങ്ങൾ തള്ളി, ഒ. ഭരതന് തിരഞ്ഞെടുപ്പ് ചെലവ് ഉൾപ്പെടെ നൽകണമെന്ന് ഉത്തരവിട്ടിരുന്നു. സിറ്റിംഗ് എം.എൽ.എയായ ഒ. ഭരതൻ കോടതിയുടെ ഇടക്കാല വിധിയുടെ അടിസ്ഥാനത്തിൽ മാറിനിൽക്കുകയും സുധാകരനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സുധാകരൻ കൈപ്പറ്റിയ ശമ്പളമടക്കം ഭരതന് നൽകണമെന്നായിരുന്നു പിന്നീട് കോടതി വിധി. അന്നും സുധാകരൻ രാഷ്ട്രീയ പണി നിറുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴും തുടരുന്നുണ്ട്. കോൺഗ്രസിന്റെ പാരമ്പര്യമായ വെല്ലുവിളിയാണ് രാഷ്ട്രീയ പണി നിറുത്തുമെന്നത്. പക്ഷേ, അവർ പണി നിറുത്തില്ല. അവരുടെ പണി തുരപ്പൻ പണിയാണ്. അവർ കോൺഗ്രസാണ് എന്ന് അറിയുന്നതുകൊണ്ട് ജനം അത് വിശ്വസിക്കുന്നുമില്ല.
എം.വി. ജയരാജൻ, കണ്ണൂർ ജില്ലാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |