മാനന്തവാടി: ചെള്ളുപനി ബാധിച്ച് പൂതാടി ചങ്ങലമൂല കോളനിയിലെ ബാലന്റെ ഭാര്യ ബിന്ദു (28) മരിച്ചു. കടുത്ത പനിയോടെ ജില്ല ആശുപത്രിയിൽ ചികിത്സതേടിയ ബിന്ദുവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നു. ചങ്ങലമൂല കോളനിയിലും പരിസരത്തും 24 പേർക്ക് പനി ബാധിച്ചതിൽ 6 പേർക്ക് ചെള്ളുപനി സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകർ ഗൃഹസന്ദർശനം നടത്തി പനി സർവേയും ബോധവത്കരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക നിർദ്ദേശിച്ചു.
കഴിഞ്ഞവർഷം ജില്ലയിൽ 43 പേർക്ക് ചെള്ളുപനി ബാധിക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. ഈ വർഷം ഇതുവരെ 51 കേസുകൾ റിപ്പോർട്ട് ചെയ്യുകയും 2 പേർ മരിക്കുകയും ചെയ്തു. ചെള്ളുപനി റിപ്പോർട്ട് ചെയ്ത പ്രദേശത്തുളള എല്ലാ പനികേസുകൾക്കും ഡോക്‌സിസൈക്ലിൻ നൽകിവരുന്നതായി ഡി.എം.ഒ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |