തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ പാർപ്പിട പദ്ധതിയായ ലൈഫിൽ പുതിയ ഗുണഭോക്താക്കളുടെ കരടു പട്ടിക പുതുക്കിയ തീയതിയായ മാർച്ച് 15നും പ്രസിദ്ധീകരിക്കാനാകില്ല. അപേക്ഷകൾ പരിശോധിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ കുറവുകാരണം ഇത് നാലാം തവണയാണ് നിശ്ചയിച്ച സമയത്ത് പട്ടിക പ്രസിദ്ധീകരിക്കാൻ കഴിയാതെ നീളുന്നത്. പ്രാഥമിക പരിശോധന പൂർത്തിയാക്കിയ അപേക്ഷകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ സൂപ്പർചെക്ക് നടത്താൻ കഴിഞ്ഞമാസം 25ന് തദ്ദേശവകുപ്പ് ഉത്തരവിറക്കിയെങ്കിലും ജില്ലകളിൽ നടപടികൾ ആരംഭിച്ചിട്ടില്ല. കളക്ടർമാരാണ് ഇതിനായി ആവശ്യാനുസരണം വിവിധ വകുപ്പുകളിൽ നിന്ന് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത്. എന്നാൽ മാർച്ചിൽ ഫണ്ടു വിനിയോഗം ഉൾപ്പെടെ പൂർത്തിയാക്കാനുള്ളതിനാൽ ഉദ്യോഗസ്ഥരെ വിട്ടുനൽകാൻ വകുപ്പുകൾ വിസമ്മതിക്കുന്നതാണ് ഇപ്പോഴത്തെ തടസം.
അപേക്ഷകർ കൂടുതലുള്ള ജില്ലകളിലൊന്നായ തിരുവനന്തപുരത്ത് 500 ജീവനക്കാരെ നിയോഗിച്ചെങ്കിലും വകുപ്പുകളുടെ എതിർപ്പിനെ തുടർന്ന് 250 ആയി കുറച്ചു. മറ്റു ജില്ലകളിലും സമാനമായ സ്ഥിതിയാണ്. പരിശീലനം നടത്തുന്ന ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ലൈഫ് മിഷന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്താൻ അക്കൗണ്ട് സജ്ജമാക്കി നൽകുന്നതിലും നടപടിയായില്ല. അതുലഭിച്ചാലെ ഉദ്യോഗസ്ഥർക്ക് പ്രത്യേകം യൂസർ ഐ.ഡിയും പാസ് വേഡും ലഭ്യമാക്കാനാകൂ. 9.2 ലക്ഷം പേരാണ് അപേക്ഷ നൽകിയെതങ്കിലും പ്രാഥമിക പരിശോധന കഴിഞ്ഞതോടെ ഇത് പകുതിയോളമായി കുറഞ്ഞു.
നീണ്ടുനീണ്ട്..
കരടു പട്ടിക പ്രസിദ്ധീകരിക്കാൻ ഡിസംബർ ഒന്നിനായിരുന്നു ആദ്യം നിശ്ചയിച്ച സമയം. എന്നാൽ, ഇതിനായി
കൃഷിവകുപ്പിന്റെ അനുമതിയില്ലാതെ കൃഷി അസിസ്റ്റന്റുമാരെ തദ്ദേശവകുപ്പ് നിയോഗിച്ചത് തർക്കത്തിന് കാരണമായി. ഇതോടെ ഡിസംബർ 19 എന്ന് പുതുക്കി നിശ്ചയിച്ചു. പിന്നീടത് ഫെബ്രുവരി 28ലേക്ക് മാറ്റി. എന്നാൽ കൊവിഡ് മൂന്നാംതരംഗം കാരണം ജീവനക്കാർക്ക് പരിശോധനയിൽ സജീവമാകാൻ കഴിഞ്ഞില്ല. തുടർന്നാണ് മാർച്ച് 15 എന്ന് നിശ്ചയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |