കൊച്ചി: ഇതാണ് 'തൂശൻ' പ്ലേറ്റ്. ഇതിൽ ഭക്ഷണം കഴിക്കാം. പിന്നെ പ്ലേറ്റും റസ്‌ക് പോലെ കടിച്ചുമുറിച്ച് കറുമുറെ തിന്നാം. വേണ്ടെങ്കിൽ കളയാം. മണ്ണിൽ അലിഞ്ഞു ചേർന്നോളും. പൊടിച്ച് ചെടികൾക്ക് വളമായിടാം. കന്നുകാലികൾക്കും കോഴിക്കും മീനിനും തീറ്റയാക്കാം. പ്ലാസ്റ്റിക് പാത്രങ്ങൾ പോലെ മണ്ണിനും പരിസ്ഥിതിക്കും ദോഷമുണ്ടാക്കില്ല...
ഗോതമ്പിന്റെ തവിട് വേവിച്ചാണ് പ്ലേറ്റ് നിർമ്മിക്കുന്നത്. ഹസ്‌ക് ടു റസ്‌ക് - ഗ്രീൻ ഡ്രീം...തവിടിൽ നിന്ന് റസ്‌കിലേക്ക്...കാക്കനാട് ഗോകുലത്തിൽ വിനയകുമാർ ബാലകൃഷ്ണന്റെയും ഭാര്യ ഇന്ദിര നായരുടെയും ഹരിത സ്വപ്‌നമാണ് തൂശൻ ഗോതമ്പ് പ്ലേറ്റ്...
പിന്നിൽ പരിസ്ഥിതി സ്നേഹം
ഇന്ദിര മുൻ ബാങ്ക് ഉദ്യോഗസ്ഥ. വിനയ് കുമാർ മൗറീഷ്യസിൽ ഉദ്യോഗസ്ഥനായിരുന്നു. 2002ലാണ് ഇവർ തിരുവനന്തപുരം കരമനയിൽ നിന്ന് കാക്കനാട് താമസമാക്കിയത്. അന്നത്തെ സുന്ദര ഗ്രാമം പിന്നീട് പ്ലാസ്റ്റിക് വസ്തുക്കൾ മൂലം വൃത്തിഹീനമായി. ഇതിന് പരിഹാരം തേടി തലപുകച്ച് നടക്കുമ്പോഴാണ് ദുബായിൽ ഒരിടത്ത് വിനയകുമാർ ഗോതമ്പ് പ്ലേറ്റ് കണ്ടത്. പോളണ്ടിലെ കമ്പനിയാണ് നിർമ്മാണം. അവരുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
പിന്നാലെ ജോലി രാജിവച്ച് നാട്ടിലെത്തി. അന്വേഷണവും ഗവേഷണവും മൂന്ന് വർഷം നീണ്ടു. ഐ.ഐ.ടി കാൺപൂർ, കേരള കാർഷിക സർവകലാശാല, ഇൻഡിഗ്രാം ലാബ്സ്, സി.എസ്.ഐ.ആർ എന്നിവരുടെ സാങ്കേതിക സഹായം ലഭ്യമാക്കി. അങ്കമാലിയിൽ ഫാക്ടറി സ്ഥാപിച്ചു. സ്ഥലത്തെ ഒരു മില്ലിൽ നിന്ന് ഗോതമ്പ് തവിട് കിലോ 25 രൂപയ്‌ക്ക് വാങ്ങി. ഇപ്പോൾ ദിവസം 1,000 പ്ലേറ്റുകൾ നിർമ്മിക്കുന്നു. മലയാളിക്ക് വൈകാരിക ബന്ധമുള്ള തൂശനിലയിലെ തൂശൻ എടുത്ത് പ്ലേറ്റിന് പേരിട്ടു. കഴിഞ്ഞ തിരുവോണത്തിന് തൂശൻ പ്ലേറ്റിൽ സദ്യ വിളമ്പി.
ഗോതമ്പിന്റെ രുചിയാണ് പ്ളേറ്റിന്
ഓർഡർ നൽകിയാൽ ഉപ്പോ മധുരമോ ചേർത്ത് നൽകും.
പ്ലാസ്റ്റിക് പ്ലേറ്റിനേക്കാൾ ദൃഢം
ഡിന്നർ പ്ലേറ്റും സ്നാക് പ്ലേറ്റുമാണ് ഇപ്പോഴുള്ളത്
സ്പൂണും ഫോർക്കും ഉടൻ എത്തിക്കും
അരിപ്പൊടി സ്ട്രോയും ഉണ്ട്. വില 5 രൂപ
ഡിന്നർ പ്ലേറ്റ് (150 ഗ്രാം): 20 രൂപ
സ്നാക് പ്ലേറ്റ് ( 30 ഗ്രാം) : 10 രൂപ
"ധാരാളം ഓർഡറുണ്ട്. നിർമ്മാണശേഷി വർദ്ധിപ്പിക്കും. ആമസോണിലും മറ്റ് ഓൺലൈൻ സ്റ്റോറുകളിലും ഉടൻ ലഭ്യമാക്കും"
ഇന്ദിര നായർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |