ന്യൂഡൽഹി:രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിക്കുകയും അദ്ദേഹത്തിന്റെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് വാദിക്കുകയും ചെയ്‌ത ബി.ജെ.പി ലോക്‌സഭാ സ്ഥാനാർത്ഥി പ്രഗ്യാ സിംഗിനെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഗാന്ധിജിയെ അപമാനിച്ച പ്രഗ്യയോട് പൊറുക്കാനാവില്ലെന്ന് വ്യക്തമാക്കിയ മോദി ഇക്കാര്യത്തിൽ പാർട്ടി ശക്തമായ നടപടിയെടുക്കുമെന്നും അറിയിച്ചു. വിഷയത്തിൽ മോദിയുടെ മൗനം രാജ്യത്തിന് അപമാനമാണെന്നും പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മോദിയുടെ പ്രതികരണം.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രഗ്യാ സിംഗ് താക്കൂർ ഗോഡ്‌സെ തികഞ്ഞ രാജ്യസ്‌നേഹിയാണെന്ന് പറഞ്ഞത് വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ തന്റെ പരാമർശങ്ങൾക്ക് ഇതിന് പിന്നാലെ പ്രഗ്യ മാപ്പ് പറഞ്ഞു. ഇതിനിടയിൽ ഗോഡ്‌സെയെ പ്രകീർത്തിച്ച് കൊണ്ട് കേന്ദ്രമന്ത്രി അനന്തകുമാർ ഹെഗ്‌ഡെയും ബി.ജെ.പി എം.പി നളീൻ കുമാർ കട്ടീലും രംഗത്തെത്തിയത് പുതിയ വിവാദങ്ങൾക്ക് കാരണമായി. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് അനന്തകുമാർ വിശദീകരിക്കുന്നുണ്ടെങ്കിലും തികഞ്ഞ രാജ്യദ്രോഹം പ്രവർത്തിച്ച മന്ത്രിയെ പുറത്താക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. രാജ്യത്തെ രക്തസാക്ഷികളെ അപമാനിക്കുകയാണ് ബി.ജെ.പിയുടെ ശൈലി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മഹാന്മാർക്കെതിരെ ബി.ജെ.പി ഒളിപ്പോര് നടത്തുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. പ്രഗ്യാ സിംഗിന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്നും കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഗാന്ധിയെ അവഹേളിച്ച് ചിലർ നടത്തിയ പ്രസ്‌താവനകൾ പാർട്ടിയുടേത് അല്ലെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പ്രതികരിച്ചു. ഇക്കാര്യത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി പ്രഗ്യാ സിംഗ് താക്കൂർ, കേന്ദ്രമന്ത്രി അനന്തകുമാർ ഹെഗ്‌ഡെ, നളിൻ കുമാർ കട്ടീൽ എന്നിവരോട് 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |