SignIn
Kerala Kaumudi Online
Friday, 19 April 2024 2.45 PM IST

ചരിത്രവിധി

supreme-court

ബ്രിട്ടീഷുകാർ രാജ്യം വിട്ടിട്ട് എഴുപത്തഞ്ചുവർഷം കഴിഞ്ഞെങ്കിലും ശിക്ഷാനിയമത്തിൽ കറുത്ത പൊട്ടുപോലെ തുടരുന്ന 124 - എ വകുപ്പ് മരവിപ്പിച്ചുകൊണ്ട് സുപ്രീംകോടതി ചരിത്രവിധി എഴുതിയിരിക്കുകയാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തി ആരെയും പിടിച്ച് ജയിലിലടയ്ക്കാൻ ഭരണകൂടങ്ങൾക്ക് അധികാരം നൽകുന്ന ഇൗ വിവാദനിയമം പുനഃപരിശോധിക്കുന്നതുവരെ കേന്ദ്രവും സംസ്ഥാനങ്ങളും ആർക്കെതിരെയും പ്രയോഗിക്കരുതെന്നാണ് കല്പന. നിലവിൽ രാജ്യത്തെ ജയിലുകളിൽ പതിമൂവായിരത്തിലധികം പേരാണ് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് കഴിയുന്നത്. പലരും വർഷങ്ങളായി വിചാരണ കാത്തുകഴിയുന്നവരാണ്. 124 - എ വകുപ്പ് പ്രകാരം ഇനി ആരെയും അറസ്റ്റ് ചെയ്യരുതെന്നാണ് നിർദ്ദേശം. രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് ഇപ്പോൾ ജയിലുകളിൽ കഴിയുന്നവർക്ക് ജാമ്യത്തിനായി ബന്ധപ്പെട്ട കോടതികളെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യമെമ്പാടുമുള്ള പൗരാവകാശ പ്രവർത്തകർക്കും സംഘടനകൾക്കും ജനാധിപത്യവാദികൾക്കും മാത്രമല്ല സകലർക്കും ആഹ്ളാദം പകരുന്ന ചരിത്രവിധിയാണിത്.

ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെടുന്ന കറുത്ത നിയമങ്ങളിൽ പ്രഥമസ്ഥാനത്ത് വരുന്നത് രാജ്യദ്രോഹനിയമം തന്നെയാകും. പൗരസ്വാതന്ത്ര്യത്തിനും സ്വതന്ത്രചിന്തയ്ക്കും കൂച്ചുവിലങ്ങിടാനുള്ള കാലത്തിന് നിരക്കാത്ത നിയമമെന്ന നിലയ്ക്കാണ് 124 - എ വകുപ്പ് ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഇന്നും ഇടംപിടിച്ചിട്ടുള്ളത്. വിമർശകരെ നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പക്കലുള്ള ഏറ്റവും മൂർച്ചയേറിയ ആയുധമാണത്. ഒന്നര നൂറ്റാണ്ടുമുൻപ് ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമം എടുത്തുകളയാനല്ല കൂടുതൽ മൂർച്ചകൂട്ടാനാണ് സ്വാതന്ത്ര്യാനന്തരകാലത്ത് ശ്രമമുണ്ടായത്. വിവാദനിയമം പുനഃപരിശോധിക്കാമെന്ന നിലപാട് ഇക്കഴിഞ്ഞ തിങ്കളാഴ്ച കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് അതുവരെ ഇൗ വകുപ്പുപ്രകാരം എടുത്തിട്ടുള്ള കേസുകൾ എന്തുകൊണ്ട് മരവിപ്പിച്ചുകൂടാ എന്ന് കോടതി ആരാഞ്ഞിരുന്നു. അനുകൂലമായി കേന്ദ്രവും പ്രതികരിച്ചതോടെയാണ് ജനാധിപത്യവാദികൾക്ക് ആശ്വാസം പകരുന്ന ഉത്തരവ് കോടതിയിൽ നിന്നുണ്ടായത്.

പൗരാവകാശങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും കടുത്ത ഭീഷണി ഉൾക്കൊള്ളുന്നതിനാലാണ് 124 - എ വകുപ്പിനെ മനുഷ്യാവകാശ പ്രവർത്തകർ ഭയക്കുന്നത്. ഇൗ വകുപ്പുപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടാൽ നീതിപീഠങ്ങൾക്കുപോലും പരിമിതികളുണ്ട്. അത്രയ്ക്ക് കഠിന വ്യവസ്ഥകളുള്ളതാണ് നിയമം. കുറ്റം എത്ര വലുതാണെങ്കിലും നേരിടാൻതക്ക ശക്തമായ നിയമങ്ങൾ വേറെയുമുള്ളതിനാൽ രാജ്യദ്രോഹ വകുപ്പുതന്നെ വേണമെന്ന് ശഠിക്കുന്നതിന് പിന്നിൽ പലപ്പോഴും ദുഷ്ടലാക്കുണ്ട്. സ്വാതന്ത്ര്യപ്രാപ്തിയോടെ തന്നെ ബ്രിട്ടീഷുകാരുടെ ഇൗ കിരാതനിയമവും കടൽ കടത്തേണ്ടതായിരുന്നു. നിയമത്തിന്റെ കഠോരതകൾ അനുഭവിച്ചവർതന്നെ ഭരണാധികാരികളായി വന്നിട്ടും അതിന് നടപടി എടുത്തില്ല. മാത്രമല്ല, പിന്നീട് അധികാരം ലഭിച്ചവർ ഉപവകുപ്പുകൾ ചേർത്ത് നിയമം കൂടുതൽ മൂർച്ച വരുത്തുകയാണ് ചെയ്തത്.

കേരളത്തിൽ പോലുമുണ്ട് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഇരുപതോളം കേസുകൾ. പോസ്റ്റർ പതിച്ചതിനുവരെയുണ്ട് രാജ്യദ്രോഹ കേസ്. മാവോയിസ്റ്റ് വേട്ടയുടെ പിന്നാമ്പുറ കഥകളും പലർക്കും അറിവുള്ളതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SECTION 124A CASES
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.