തിരുവനന്തപുരം: യുവാക്കളെ കൂടുതൽ ആകർഷിക്കാതെയും യുവാക്കൾക്ക് പദവികൾ നൽകാതെയും മുന്നോട്ടുപോയാൽ പാർട്ടിക്ക് പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന തിരിച്ചറിവിൽ കോൺഗ്രസിനെ കൂടുതൽ ചെറുപ്പമാക്കാനുള്ള നിർദ്ദേശങ്ങൾ ഇന്ന് രാജസ്ഥാനിലെ ഉദയ്‌പൂരിൽ ആരംഭിക്കുന്ന ചിന്തൻ ശിബിരത്തിന് മുമ്പാകെ വച്ച് കെ.പി.സി.സി നേതൃത്വം. പാർട്ടി, പാർലമെന്ററി അവസരങ്ങളുടെ 50 ശതമാനം പോഷകസംഘടനകളിലൂടെ സംഘടനാമികവ് തെളിയിച്ച അമ്പത് വയസിൽ താഴെയുള്ളവർക്കാർക്ക് നീക്കിവയ്ക്കണം. സംഘടനയ്ക്ക് കൂടുതൽ ഊർജസ്വലതയും ചെറുപ്പവും കൈവരുത്താൻ ഇതുപകരിക്കും. കുടുതൽ ചെറുപ്പക്കാരെ പാർട്ടിയിലേക്ക് ആകർഷിക്കാനാവും. ഇതുൾപ്പെടെ പത്ത് നിർദ്ദേശങ്ങളാണ് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ ചർച്ചയ്ക്കായി എ.ഐ.സി.സിക്ക് സമർപ്പിച്ചത്.
കേരളത്തിൽ പരീക്ഷിച്ചതുപോലെ താഴേത്തട്ടിൽ ഓരോ ബൂത്ത് കമ്മിറ്റിക്കും കീഴിലായി 15 മുതൽ 20 വരെ കോൺഗ്രസ് കുടുംബങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അഞ്ചോ അതിലധികമോ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ (സി.യു.സി) രൂപീകരിക്കണം. സി.യു.സി തലങ്ങളിൽ പാർട്ടിപ്രവർത്തനത്തിലേക്കായി കഴിവുള്ള പ്രവർത്തകരിൽ നിന്ന് മാസം തോറും നിശ്ചിത തുക സംഭാവനയായി സ്വീകരിക്കാൻ ബൂത്ത് ട്രഷറർമാരുടെ കീഴിൽ സംവിധാനമുണ്ടാകണം. പത്താം തീയതിക്കകം നിശ്ചിത ബാങ്ക് അക്കൗണ്ടിലേക്ക് തുക അടയ്ക്കുന്ന തരത്തിലാകണം ക്രമീകരണം.
മറ്റു നിർദ്ദേശങ്ങൾ
പ്രവർത്തകർക്കും നേതാക്കൾക്കും പാർട്ടി വിദ്യാഭ്യാസമുറപ്പാക്കാൻ രാഷ്ട്രീയസ്കൂൾ
ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളേറ്റെടുത്ത് നിരന്തരം സമ്മേളനങ്ങൾ, റാലികൾ
വർഗീയ, വിഭജന രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ മതേതര ഉച്ചകോടികൾ
എൻ.ഡി.എ സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളെ തുറന്നുകാട്ടാൻ സാമ്പത്തിക ഉച്ചകോടികൾ
പാർട്ടിയുടെ ബ്ലോക്കുതല കമ്മിറ്റികൾക്കായി സ്ഥിരം ഓഫീസുകൾ. ഇവ പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുടെ ഉടമസ്ഥതയിലായിരിക്കണം. പ്രാദേശിക കമ്മിറ്റികൾ കൂറുമാറിയാലും ഓഫീസ് നഷ്ടമാകാതിരിക്കാനാണിത്
മഹാമാരികളും പ്രകൃതിദുരന്തങ്ങളും കൈകാര്യം ചെയ്യാൻ സ്ഥിരം ദുരന്തനിവാരണ, സാമൂഹ്യസേവന ടീം
ആംബുലൻസ് ഉൾപ്പെടെ ഡി.സി.സി തലങ്ങളിൽ മെഡിക്കൽ പാലിയേറ്റീവ് ടീം
ദേശീയതലത്തിൽ വർഷംതോറും ഫണ്ട് ശേഖരണ യജ്ഞം സംഘടിപ്പിക്കണം. കൃത്യമായ ഇടവേളകളിൽ ഓഡിറ്റിംഗ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |