SignIn
Kerala Kaumudi Online
Wednesday, 23 September 2026 9.57 AM IST

കെ.വി. തോമസിനോട് അവജ്ഞ : വി.ഡി. സതീശൻ

v

 പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമിച്ചയാൾ

ഉദയ്‌പൂർ: അച്ചടക്ക ലംഘനത്തിന് കോൺഗ്രസ് പുറത്താക്കിയ കെ.വി. തോമസിനോട് പ്രവർത്തകർക്കും സമൂഹത്തിനും അവജ്ഞയും പുച്ഛവുമാണെന്നും അദ്ദേഹത്തെ സി.പി.എം സ്വീകരിച്ചതിനാൽ തൃക്കാക്കരയിൽ യു.ഡി.എഫിന് കൂടുതൽ വോട്ടുകൾ കിട്ടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

സി.പി.എം നേതാക്കൾ കെ.വി. തോമസിനെ സ്വീകരിക്കുമ്പോൾ അവരുടെ അണികൾക്കും ഇതേ അവജ്ഞയും പുച്ഛവുമാകും. ഒരാളെ പുറത്താക്കാതിരിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ കെ.വി. തോമസ് പാർട്ടി വിടാൻ തീരുമാനിച്ചതാണ്. അന്ന് സി.പി.എമ്മുമായുള്ള ധാരണ ശരിയായില്ല. അതിന് ശേഷവും അവസരം നോക്കി നിന്നു.

കെ.വി. തോമസിന് എന്നും പാർട്ടി വിരുദ്ധ നിലപാടായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ ലിനോ ജേക്കബിനെയും എറണാകുളം മണ്ഡലത്തിൽ ടി.ജെ. വിനോദിനെയും തോൽപ്പിക്കാൻ ശ്രമിച്ചു. അദ്ദേഹം ഒഴികെ ആര് മത്സരിച്ചാലും തോൽപിക്കാൻ ശ്രമിക്കും. കെ.വി. തോമസിന് ഇനി എന്താണ് പാർട്ടി കൊടുക്കാനുള്ളത്? ഇനി സി.പി.എം അദ്ദേഹത്തെ സഹിക്കട്ടെ. അദ്ദേഹത്തെ സന്തോഷത്തോടെ യാത്രയാക്കുകയാണ്.

പരനാറി, കുലംകുത്തി പ്രയോഗങ്ങളിൽ അഗ്രഗണ്യനായ മുഖ്യമന്ത്രി കുലംകുത്തികളെ മാലയിട്ട് സ്വീകരിക്കുകയാണ്. പി.ടി. തോമസ് മരിച്ചത് തെറ്റ് തിരുത്താനുള്ള അവസരമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യമാണ്. സ്ഥാനത്തിന് ചേരാത്ത പ്രയോഗമാണത്. സർക്കാരിനെ ശക്തമായി ആക്രമിച്ചതിലുള്ള വിരോധത്തിലാണ് ഇങ്ങനെ പറഞ്ഞതെന്നും വി.ഡി. സതീശൻ പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തികനില ഭദ്രമാണെന്ന് മുഖ്യമന്ത്രി പറയുമ്പോഴും അടുത്തമാസം ശമ്പളം കൊടുക്കാൻ പണമില്ലെന്നാണ് ധനകാര്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിക്ക് ചുറ്റും ഉപചാപക സംഘമുണ്ട്. ക്രമസമാധാനനില ഭദ്രമാണെന്ന് മുഖ്യമന്ത്രിക്കല്ലാതെ മറ്റാർക്ക് പറയാനാകും. തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിക്ക് ജനങ്ങളോട് ഒന്നും പറയാനില്ല. ഒരു വർഷത്തെ ഭരണം കൊണ്ട് എല്ലാ മേഖലകളും താറുമാറായി.

ഭാവികാര്യങ്ങൾ
ഉപതിരഞ്ഞെടുപ്പിനുശേഷം: കെ.വി. തോമസ്


കൊച്ചി: സി.പി.എമ്മിൽ ചേരുന്നതുൾപ്പെടെ ഭാവികാര്യങ്ങൾ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കുമെന്ന് പ്രൊഫ. കെ.വി. തോമസ്. തൃക്കാക്കരയിൽ എൽ.ഡി.എഫിന്റെ വിജയത്തിനായി പ്രവർത്തിക്കും. എൽ.ഡി.എഫുമായി വികസനകാര്യങ്ങളിൽ സഹകരിക്കും. സി.പി.എമ്മിൽ ചേരുന്നതിന് നടപടിക്രമങ്ങളുണ്ട്. എൻ.സി.പിയിൽ ചേരാൻ എളുപ്പമാണ്. തത്കാലം സ്വതന്ത്രനായി പ്രവർത്തിക്കും. കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി തന്നെ ആരും അറിയിച്ചിട്ടില്ല. ഇ- മെയിൽപോലും ലഭിച്ചിട്ടില്ല. എ.ഐ.സി.സി അംഗമായ തന്നെ പുറത്താക്കാൻ എ.ഐ.സി.സി നിർദ്ദേശിച്ചതിന്റെ രേഖയും പുറത്തുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തൃക്കാക്കരയിൽ അദ്ദേഹത്തെ പ്രചാരണത്തിൽ പരമാവധി പങ്കെടുപ്പിക്കാനാണ് സി.പി.എം തീരുമാനം. ലത്തീൻ ഉൾപ്പെടെ ക്രൈസ്തവ മേലദ്ധ്യക്ഷന്മാരുമായുള്ള തോമസിന്റെ ബന്ധംകൂടി കണക്കിലെടുത്ത് ആ മേഖലയിലെ വോട്ടുകൾ കൂടുതൽ സമാഹരിക്കാൻ കഴിയുമെന്നാണ് ഇടതു പ്രതീക്ഷ.

എന്നാൽ, തോമസ് പോയത് ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയാവാതിരിക്കാൻ അദ്ദേഹത്തിനെതിരെ പ്രചാരണം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. എക്കാലത്തും പാർട്ടിക്കെതിരെ പ്രവർത്തിക്കുകയും കോൺഗ്രസ് സ്ഥാനാർത്ഥികളെ തോല്പിക്കുകയും ചെയ്തയാളെന്ന ആരോപണം നേതാക്കൾ ഉയർത്തിക്കഴിഞ്ഞു.

എറണാകുളം നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോല്പിക്കാൻ കെ.വി. തോമസ് ശ്രമിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഇത്രയുംകാലം സഹിച്ച തോമസിനെ സന്തോഷത്തോടെ യാത്രയാക്കുന്നുവെന്നും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KV THOMAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA