SignIn
Kerala Kaumudi Online
Sunday, 06 July 2025 6.49 PM IST

ഇടതു സർക്കാരിന്റെ ഒരുവർഷം

Increase Font Size Decrease Font Size Print Page

photo

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ട് ഒരുവർഷം തികയുന്നു. ഒരു സർക്കാരിന്റെ പ്രവർത്തനത്തെ വിലയിരുത്താൻ ഒരുവർഷം മതിയായ കാലയളവല്ല. സർക്കാരിന്റെ സഞ്ചാരദിശ വ്യക്തമാക്കുന്ന അടയാളങ്ങൾ നല്കാൻ ഒരു വർഷത്തിനാവും. കൊവിഡിന്റെ പിടിയിൽ അമർന്നിരുന്ന നാളുകളിലാണ് ഇടതുസർക്കാർ തുടർഭരണം നേടി അധികാരത്തിലേറിയത്. ജനങ്ങൾക്ക് നല്കിയ കിറ്റുകളാണ് തുടർഭരണം സാദ്ധ്യമാക്കിയതെന്ന് പരിഹസിക്കാനും മറ്റുമാണ് പ്രതിപക്ഷത്തുള്ള പല പ്രധാനനേതാക്കളും തുനിഞ്ഞത്. കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യമുന്നണി യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്നില്ലെന്നാണ് ഇതിൽനിന്ന് ആദ്യം മനസിലാക്കേണ്ടത്. കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട് കഷ്ടത്തിലായ ജനങ്ങൾക്ക് ഗുണനിലവാരമുള്ള കിറ്റ് നൽകിയത് ചെറിയ കാര്യമല്ല. വർത്തമാനകാല ജീവിതത്തിൽ തങ്ങൾക്ക് സർക്കാരിൽനിന്ന് നേരിട്ട് എന്ത് ഗുണം ലഭിക്കുമെന്നതിനാണ് ഓരോ വ്യക്തിയും പ്രാധാന്യം നൽകുന്നത്. സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവർ പോലും കിറ്റുകൾ സന്തോഷത്തോടെ വാങ്ങാനെത്തിയെന്ന വസ്തുതയും കാണാതിരുന്നുകൂടാ. കൊവിഡിന്റെ വ്യാപനത്തിൽ ഒന്നിനും ആർക്കും ഒരുറപ്പും ഇല്ലാത്ത സാഹചര്യത്തിൽ പറയുന്നതുപോലെ പ്രവർത്തിക്കാൻ കെല്പുള്ള ഭരണകൂടത്തെയാവും ജനം ആഗ്രഹിക്കുക. നിപ്പ, ഓഖി, രണ്ട് പ്രളയങ്ങൾ, കൊവിഡ് എന്നിവയെയാണ് ഒന്നാം പിണറായി സർക്കാർ അഭിമുഖീകരിച്ചത്. ഏതൊരു സർക്കാരും അടിപതറിപ്പോകാൻ ഇത്രയും വെല്ലുവിളികൾ ധാരാളമാണ്. എന്നാൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അന്നത്തെ സർക്കാർ ഒത്തൊരുമയോടെയും ഉറപ്പോടെയും ജനങ്ങളെ ചേർത്തുപിടിച്ച് ആത്മവിശ്വാസത്തോടെ വെല്ലുവിളികളെ നേരിട്ടു. ജീവജാലങ്ങൾക്ക് പോലും കരുതൽ നൽകുന്ന സർക്കാരാണ് നിലവിലുള്ളതെന്ന ബോദ്ധ്യം ഓരോ വ്യക്തിയിലും ഉണർത്താൻ കഴിഞ്ഞതിനൊപ്പം വികസനത്തിന്റെ പാതയിലൂടെ പുതിയ കുതിപ്പിന് തുടക്കമിടാനും കഴിഞ്ഞു. ആ സർക്കാരിന്റെ അവസാന കാലത്ത് വന്ന സ്വർണക്കടത്ത് കേസും ഇ.ഡിയുടെ ഇടപെടലും മറ്റ് പുകമറകളുമൊന്നും വിലപ്പോകാഞ്ഞത് കാതലുള്ള സർക്കാരാണെന്ന് ജനത്തിന് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം അനാവശ്യ ധാർഷ്ട്യങ്ങൾ മാറ്റിവച്ച് പൊതുവികാരത്തെ ഉൾക്കൊള്ളാനും അതനുസരിച്ച് മാറാനും ഇടതുസർക്കാർ തയ്യാറായി. ഇതെല്ലാം കണക്കിലെടുത്താണ് ജനം രണ്ടാംവരവിന് വീഥിയൊരുക്കിയത്. ആദ്യ വർഷത്തിന്റെ ഏറിയ ഭാഗവും കെ - റെയിൽ സംബന്ധിച്ച വിവാദങ്ങളാണ് മുഴങ്ങിക്കേട്ടത്. ഇവിടെയും സംസ്ഥാനത്തിന്റെ താത്‌പര്യത്തിനും വികസനത്തിനും ഭാവിയിൽ ഏറ്റവും ഗുണകരമായ പദ്ധതിയാണതെന്ന ഉത്തമബോദ്ധ്യവും വിശ്വാസവും പുലർത്തുന്ന ഉറച്ച സമീപനമാണ് ഇടതുസർക്കാരിന്റേത്. എന്നാൽ അതിനെ ശക്തിയുക്തം എതിർത്തുകൊണ്ട് പ്രക്ഷോഭത്തിലാണ് പ്രതിപക്ഷം. ഇതോടൊപ്പം ചേർത്തുവച്ചാണ് ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടത്. പ്രകൃതിയിൽനിന്ന് വെല്ലുവിളികൾ ഉണ്ടായിരുന്നില്ലെങ്കിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ ഇതിന്റെ നിർമ്മാണം തുടങ്ങാൻ കഴിയുമായിരുന്നു. ദേശീയപാതയുടെ നിർമ്മാണം കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ ഉതകുമെന്ന് എല്ലാവർക്കും ബോദ്ധ്യമായിരിക്കുന്നു. അങ്ങനെയൊരു സർക്കാർ കെ - റെയിൽ നടപ്പാക്കുക തന്നെ ചെയ്യുമെന്ന വിശ്വാസവും ജനങ്ങളിലുണ്ടാകും. ഏറ്റുമുട്ടലിന്റെ പാത ഉപേക്ഷിച്ച് പദ്ധതി നടപ്പാക്കാനുള്ള അവധാനതയാണ് ഇനി കാണിക്കേണ്ടത്. പദ്ധതി പൂർത്തിയാകുന്നതുവരെ എതിർപ്പുകൾ തുടരും. എന്നാൽ അതിന്റെ മുന്നിൽ പതറുകയോ പിന്മാറുകയോ ചെയ്യുന്ന സർക്കാരല്ല ഇതെന്ന വിശ്വാസം പകർന്നുകൊണ്ടാണ് ആദ്യവർഷം പൂർത്തിയാക്കുന്നത്. എതിർപ്പുകളെ അതിജീവിച്ചാണ് 2021-ൽ ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയും പൂർത്തിയാക്കിയത്. 50 ഇനങ്ങളിലായി 900 വാഗ്ദാനങ്ങളാണ് തിരഞ്ഞെടുപ്പ് പത്രികയിൽ ഇടതുമുന്നണി മുന്നോട്ട് വച്ചത്. ഇതിൽ 765-ഓളം ഇനങ്ങളിൽ നടപടികൾ വിവിധ ഘട്ടങ്ങളിൽ എത്തിക്കാൻ ആദ്യവർഷം കഴിഞ്ഞിട്ടുണ്ട്. പൊതുമേഖലയെ സംരക്ഷിക്കാനും സ്വകാര്യനിക്ഷേപം ആകർഷിക്കാനും ടൂറിസം വിപണി ഇരട്ടിയാക്കാനുമുള്ള പദ്ധതികളാരംഭിച്ച് മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞതും നേട്ടമാണ്. കാരുണ്യ പദ്ധതിയിലൂടെ 20 ലക്ഷം കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വരെയുള്ള കിടത്തി ചികിത്സയ്ക്കും ബാക്കിയുള്ളവർക്ക് രണ്ടുലക്ഷം രൂപ വരെയുള്ള ചികിത്സ ഉറപ്പാക്കാനും കഴിഞ്ഞതും എടുത്തുപറയേണ്ട നേട്ടമാണ്. വർഷങ്ങൾക്ക് ശേഷം കെ.എസ്.ഇ.ബിയെ ലാഭത്തിലാക്കാനും കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിന് തുടക്കം കുറിച്ചു. ലൈഫ് പദ്ധതി മുഖേന 12,067 വീടുകൾ നൽകാനായതും 13,534 കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കിയതും 1000 കോടി രൂപയുടെ പ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പിൽ പൂർത്തീകരിക്കാൻ കഴിഞ്ഞതും കഴിഞ്ഞ ഒരുവർഷത്തിനിടയിലാണ്. വികസനത്തിന്റെയും ഭരണത്തിന്റെയും ഒരു ബദൽ മോഡലിന് തുടക്കം കുറിക്കാൻ ഒരു വർഷത്തിനിടെ കഴിഞ്ഞു എന്നതിൽ സർക്കാരിന് അഭിമാനിക്കാം.

അതേസമയം കേരളത്തിന്റെ മൊത്തം കടം നാലുലക്ഷം കോടിയിലേക്ക് അടുക്കുന്നത് വലിയ ആശങ്കയാണ് ഉണർത്തിയിരിക്കുന്നത്. ശമ്പളം കൊടുക്കാൻ പോലും പണമില്ലെന്ന അവസ്ഥയും നിലനിൽക്കുന്നുണ്ട്. മോശമായ ധനസ്ഥിതി സംബന്ധിച്ച് പ്രതിപക്ഷം ഉയർത്തുന്ന മുന്നറിയിപ്പുകൾ സർക്കാർ ഗൗരവമായി പരിഗണിക്കേണ്ടതാണ്. പൊതുവിപണിയിൽ പല കാരണങ്ങളാൽ വിലക്കയറ്റം കുതിക്കുന്നത് ഫലപ്രദമായി തടയാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. അതേസമയം പൊതുവിതരണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനും കാര്യക്ഷമമാക്കാനും കഴിഞ്ഞത് കാണാതിരിക്കാനുമാവില്ല. കെ.എസ്.ആർ.ടി.സിയുടെ ദയനീയമായ പ്രവർത്തനം മറ്റ് പല നേട്ടങ്ങൾക്കിടയിലും സർക്കാരിന് തിരിച്ചടി നൽകുന്നു. കടമെടുത്ത് മാത്രം രക്ഷിക്കാൻ കഴിയുന്ന ഒന്നല്ല കെ.എസ്.ആർ.ടി.സി. ഘടനാപരമായ പരിഷ്‌‌കാരങ്ങളും മാറ്റങ്ങളും കൊണ്ടുവരാനുള്ള ഇച്ഛാശക്തി സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകണം. കർഷക ആത്മഹത്യ പൂർണമായി ഇല്ലാതാക്കാനും കഴിഞ്ഞിട്ടില്ല. ഇടയ്ക്കിടെ ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ ഒഴിവാക്കാൻ എല്ലാവരും ഒരുമിച്ചുനിൽക്കേണ്ടതും അനിവാര്യമാണ്.

ഒരു വർഷം കഴിയുമ്പോൾ സർക്കാർ കേരളത്തെ നയിക്കുന്നത് പ്രതീക്ഷയുടെയും പുരോഗതിയുടെയും പാതയിലാണെന്ന് നിസംശയം പറയാനാകും. സമയനഷ്ടം കൂടാതെ ജനക്ഷേമകരമായ പദ്ധതികൾ പൂർത്തീകരിക്കുന്നതിലാവണം സർക്കാർ കൂടുതൽ ശ്രദ്ധപതിപ്പിക്കേണ്ടത്.

TAGS: FIRST ANNIVERSARY OF THE SECOND LDF GOVERNMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.