SignIn
Kerala Kaumudi Online
Tuesday, 22 September 2026 2.45 PM IST

കാണാതായ പ്രവാസി മർദ്ദനമേറ്റ് മരിച്ചു, സ്വർണ്ണക്കടത്ത് ബന്ധമെന്ന് സൂചന

v

മലപ്പുറം: നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ശേഷം ക്രൂരമ‌ർദ്ദനമേറ്റ് അബോധാവസ്ഥയിലായി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്രവാസി മരിച്ച സംഭവത്തിൽ സ്വർണ്ണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് സൂചന. ദേഹമാസകലം മൂർച്ചയേറിയ ആയുധം കൊണ്ട് വരഞ്ഞ മുറിവുകളോടെ അജ്ഞാതൻ ആശുപത്രിയിലെത്തിച്ച പാലക്കാട് അഗളി സ്വദേശി വാക്കിയാതൊടി വീട്ടിൽ അബ്ദുൾ ജലീൽ (42) ആണ് ഇന്നലെ പുലർച്ചെ മരിച്ചത്.

മേയ് 15ന് രാവിലെ 9.45ന് ജിദ്ദയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ ജലീലിനെ 19ന് രാവിലെ ഏഴിന് മേലാറ്റൂർ ആക്കപ്പറമ്പ് സ്വദേശി യഹിയ സ്വിഫ്റ്റ് കാറിൽ എത്തിക്കുന്ന ദൃശ്യം ആശുപത്രിയിലെ സി.സി ടിവിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഒളിവിൽ പോയ യഹിയയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. യഹിയയുമായി ബന്ധമുള്ള മൂന്നുപേരെ പെരിന്തൽമണ്ണ പൊലീസ് കസ്റ്റഡിയിലെടുത്തു.

നെടുമ്പാശ്ശേരിയിലെത്തുന്ന തന്നെ കൂട്ടിക്കൊണ്ടുപോകാൻ വീട്ടുകാർ പെരിന്തൽമണ്ണയിൽ എത്തിയാൽ മതിയെന്നും അതുവരെ സുഹൃത്തുക്കൾക്കൊപ്പം വരാമെന്നും ജലീൽ വീട്ടിലേക്ക് ഇന്റർനെറ്റ് കോളിലൂടെ അറിയിച്ചിരുന്നതായി ബന്ധുവായ അലി അക്ബർ പറഞ്ഞു. ഭാര്യയും മാതാവും മണ്ണാർക്കാട്ടെത്തിയപ്പോൾ ജലീൽ ഭാര്യയെ വിളിച്ച് പെരിന്തൽമണ്ണയിലെത്താൻ വൈകുമെന്നും തിരിച്ചുപോകണമെന്നും നിർദ്ദേശിച്ചു. 16ന് ഉച്ചയായിട്ടും ജലീൽ വീട്ടിലെത്താതായതോടെ വീട്ടുകാർ അഗളി പൊലീസിൽ പരാതി നൽകി. രാത്രി ജലീൽ ഭാര്യയെ വിളിച്ച് 17ന് വീട്ടിലെത്തുമെന്നറിയിച്ചു. പൊലീസിൽ പരാതിപ്പെട്ടത് അറിയിച്ചപ്പോൾ പിൻവലിക്കാനാവശ്യപ്പെട്ടു. 17നും ജലീൽ വീട്ടിലെത്തിയില്ല. 18ന് ജലീൽ ആശുപത്രിയിലാണെന്നറിയിച്ച് ഭാര്യയുടെ മൊബൈലിലേക്ക് അറിയാത്ത ഫോൺനമ്പരിൽ നിന്ന് കാൾ വന്നു. ജലീൽ വിമാനത്താവളത്തിൽ നിന്ന് ഭാര്യയുടെ ഫോണിലേക്ക് വിളിച്ചതും അതേ നമ്പരിൽ നിന്നായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.

പത്തുവർഷമായി ജിദ്ദയിൽ ഹൗസ് ഡ്രൈവറായിരുന്നു ജലീൽ. മൃതദേഹം ഇന്നലെ രാത്രി എട്ടോടെ വീട്ടിലെത്തിച്ച ശേഷം അഗളി ജുമാമസ്ജിദിൽ കബറടക്കി. പിതാവ് പരേതനായ മുഹമ്മദ്. മാതാവ്: ആസിയ, ഭാര്യ :മുബഷിറ. മക്കൾ: അൻസിൽ, അൻഷിദ്, അൻഷിഫ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY