SignIn
Kerala Kaumudi Online
Thursday, 19 February 2026 8.45 AM IST

'എസ് സി എസ് ടി നിയമത്തെ ദുരുപയോഗം ചെയ്യുന്നു', 'ഞാനൊരു പുഴുവിനെയും കണ്ടില്ല'; പുഴു സിനിമക്കെതിരെ രാഹുൽ  ഈശ്വറും മേജർ  രവിയും

Increase Font Size Decrease Font Size Print Page
-major-ravi

മമ്മൂട്ടി- പാർവതി തിരുവോത്ത് ചിത്രം പുഴു ബ്രാഹ്മണ വിരോധം ഒളിച്ചുകടത്തുകയാണെന്ന ആരോപണവുമായി രാഹുൽ ഈശ്വർ. സിനിമയിൽ ദളിത്- പിന്നാക്ക വിഭാഗ സംരക്ഷണ നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും രാഹുൽ ഈശ്വർ ആരോപിച്ചു. ജാതിവെറിയും ദുരഭിമാനകൊലയും വിഷയമായ നിരവധി നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം മേയ് 12നാണ് റിലീസ് ചെയ്തത്.

'സിനിമയിൽ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാൽ സിനിമ ബ്രാഹ്മണ സമൂഹം മുഴുവൻ മോശക്കാരാണെന്ന് ചിത്രീകരിക്കുകയാണ്. എല്ലാ സമുദായങ്ങളിലും തീവ്രസ്വഭാവക്കാരുണ്ട്. ഒരു തീവ്ര ബ്രാഹ്മണിക്കൽ സ്വഭാവമുള്ള വ്യക്തിയാണ് ഗോഡ്‌സെ. എന്നാൽ ഗോഡ്‌സെയെ 99 ശതമാനം ബ്രാഹ്മണരും അനുകൂലിക്കുന്നില്ല. പുഴു സിനിമ ബ്രാഹ്മണ വിരോധം ഒളിച്ചുകടത്തുകയാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ സാധിക്കുമോ'- രാഹുൽ ഈശ്വർ ചോദിക്കുന്നു.

'പുഴുവിൽ ഒരു രംഗമുണ്ട്. അതിലെ കഥാപാത്രം പറയുന്നത് എസ് സി, എസ് ടി ആക്ട് പ്രകാരം വേണമെങ്കിൽ കേസ് കൊടുക്കാമെന്നാണ്. അതിനർത്ഥം വേണമെങ്കിൽ കള്ളക്കേസ് കൊടുക്കാമെന്ന്. ഇദ്ദേഹത്തിന്റെയും പാർവതിയുടെ കഥാപാത്രത്തിന്റെയും സൗന്ദര്യത്തെവച്ച് മാര്യേജ് ഓഫീസർ സംസാരിക്കുമ്പോൾ അയാളെ അടിക്കുകയും അതിന് ശേഷം തന്റെ ജാതികാരണമാണെന്ന് പറ‌ഞ്ഞ് കള്ളക്കേസ് കൊടുക്കുന്നതിൽ അഭിമാനിക്കുകയും ചെയ്യുന്നത് എസ് സി, എസ് സി ആക്ടിന്റെ ദുരുപയോഗമാണ്. മമ്മൂട്ടി ഗംഭീരമായി ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ ബ്രാഹ്മണിക്കൽ പൊതുബോധമെന്ന പേരിൽ എല്ലാ ഹിന്ദുക്കളെയും ബ്രാഹ്മണരെയും കരിവാരിത്തേക്കുന്നത് ശരിയല്ല'- രാഹുൽ ഈശ്വർ വ്യക്തമാക്കുന്നു.

അതേസമയം, പുഴു സിനിമയ്ക്കെതിരെ സംവിധായകൻ മേജർ രവിയും രംഗത്തെത്തി. വലതുരാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ പുഴു സിനിമയ്ക്കെതിരെ ഫേസ്ബുക്കിൽ പങ്കുവച്ച വിമർശന കുറിപ്പിൽ സംവിധായകൻ പരിഹാസ കമന്റ് പോസ്റ്റ് ചെയ്യുകയായിരുന്നു. ഒച്ച് എന്നൊരു സിനിമയെടുക്കാൻ ആഗ്രഹിക്കുന്നു എന്ന ആമുഖത്തോടെ തുടങ്ങുന്ന കുറിപ്പിലാണ് പരിഹാസ രൂപേണ സംവിധായകൻ കമന്റ് ചെയ്തത്. പോസ്റ്റിനോട് പൂർണമായി യോജിക്കുന്നുവെന്നും താൻ ബോംബെയിൽ സംസ്‌കാർ ഭാരതിയുടെ സെമിനാറിലാണെന്നും അതുകൊണ്ട് ഒരു പുഴുവിനെയും കണ്ടില്ലെന്നുമാണ് മേജർ രവി പറഞ്ഞത്. മുംബൈ സർവകലാശാലയുടെ കലിന ക്യാമ്പസിൽ നടന്ന ദേശീയ സെമിനാറിൽ പ്രാസംഗികനായിട്ടാണ് മേജർ രവി പങ്കെടുത്തത്.

TAGS: MAJOR RAVI, RAHUL EASWAR, PUZHU, MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY