24ഇഞ്ച് ബൈസെപ്സും ഒരു സൂപ്പർ ഹീറോയുടെ ശരീരപ്രകൃതിയുമുള്ള ഒരു ഷെഫിനെ പറ്റി കേട്ടിട്ടുണ്ടോ? അമേരിക്കൻ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിലെ പാചകക്കാരനായ ആന്ദ്രേ റഷിനെ പറ്റിയാണ് പറഞ്ഞുവരുന്നത്. ദിവസവും എട്ട് നേരം ഭക്ഷണം കഴിക്കുന്ന അദ്ദേഹം എങ്ങനെയാണ് ശരീരം നിലനിർത്തുന്നത് എന്ന് നോക്കാം.
47കാരനായ ആന്ദ്രേ റഷ് ഒരു ദിവസം 10,000കലോറി അടങ്ങുന്ന ഭക്ഷണമാണ് കഴിക്കുന്നത്. 60ശതമാനം പ്രോട്ടീനും 20ശതമാനം കൊഴുപ്പും, 20ശതമാനം കാർബോഹൈഡ്രേറ്റും അടങ്ങുന്നതാണ് അദ്ദഹത്തിന്റെ ഡയറ്റ്. ആന്ദ്രേ റഷ് വെളുപ്പിന് മൂന്ന് മണിക്ക് എഴുന്നേൽക്കും. കുറച്ച് സമയം ധ്യാനിക്കും. അതിന് ശേഷമാണ് വ്യായാമം ആരംഭിക്കുന്നത്. 2,222 പുഷ് അപ്പുകൾ ആണ് ആദ്യം ചെയ്യുന്നത് പിന്നീട് മറ്റ് വർക്കൗട്ടുകൾ ചെയ്യും അതിനു ശേഷം കുറച്ച് സമയം വിശ്രമിക്കും എന്നിട്ട് ഭക്ഷണം കഴിക്കും.
ആദ്യം പ്രോട്ടീൻ ഷേക്ക് ആണ് കഴിക്കുന്നത്. പീനട്ട് ബട്ടർ, ഓട്സ് എന്നിവയാണ് ഷേക്കിന്റെ പ്രധാന ചേരുവകൾ. ശേഷം ബീഫും 24വേവിച്ച മുട്ടയും കഴിക്കും. 20മുട്ടയ മഞ്ഞക്കരു ഇല്ലാതെയും നാലെണ്ണം മുഴുവനായുമാണ് കഴിക്കുന്നത്. രാവിലെ ആറ് മണിക്ക് ലഘു ഭക്ഷണമായി ബനാന സാന്റ്‌വിച്ച് കഴിക്കും. പിന്നീട് കുറച്ച് മണിക്കൂറുകൾ കഴിഞ്ഞ് തക്കാളി, നാരങ്ങാ നീര്, കുരുമുളക്,വെളുത്തുള്ളി എന്നിവ ചേർത്ത ബീഫ് കഴിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചിക്കനും ചോറും കഴിക്കും. വൈകിട്ട് ആറ് മണിക്കാണ് അത്താഴം കഴിക്കുന്നത്. മധുരക്കിഴങ്ങ്, ബ്രോക്കോളി, ചിക്കൻ എന്നിവയാണ് ഭക്ഷണം. രാത്രി പത്ത് മണിക്ക് ഒരു ഷേക്ക് കൂടി കഴിച്ചാണ് അദ്ദേഹത്തിന്റെ ഒരു ദിവസത്തെ ഭക്ഷണം അവസാനിപ്പിക്കുന്നത്. പഴം, തൈര് എന്നിവ ചേർത്തതാണ് ഈ ഷേക്ക്.
റഷിന്റെ അഭിപ്രായത്തിൽ ഭക്ഷണം കഴിക്കുന്നതോ വ്യായാമം ചെയ്യുന്നതിലോ മാത്രമല്ല കാര്യം. മറിച്ച് ഇവ കൃത്യമായി പിന്തുടരുക എന്നതിലാണ്. ശരിയായ രീതിയിൽ പരിശ്രമിച്ചാൽ ആർക്കും തങ്ങളുടെ ശരീരം ആഗ്രഹിക്കുന്നതുപോലെ ആക്കാമെന്നും അദ്ദേഹം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |