SignIn
Kerala Kaumudi Online
Friday, 18 September 2026 2.01 AM IST

കെ-റെയിൽ സർവേയ്ക്ക് ബഹളം വേണ്ടായിരുന്നു: ഹൈക്കോടതി

krail

കൊച്ചി: കെ-റെയിൽ സാമൂഹ്യാഘാത പഠനത്തിനായുള്ള സർവേ നിശബ്ദ‌മായി നടത്താമായിരുന്നുവെന്നും, എന്തിനാണ് ഇത്രയും കോലാഹലമുണ്ടാക്കിയതെന്നും സർക്കാരിനോട് ഹൈക്കോടതി.

സർവേയുടെ ഭാഗമായി കെ-റെയിൽ എന്നെഴുതിയ കല്ലുകളിടുന്നതിനെതിരെ കോട്ടയം സ്വദേശി മുരളീ കൃഷ്‌‌ണൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. എതിർപ്പുള്ള സ്ഥലങ്ങളിൽ കല്ലുകൾ സ്ഥാപിക്കില്ലെന്നും ,പകരം ജിയോ ടാഗ് വഴി സർവേ നടത്തുമെന്നും സർക്കാർ വിശദീകരിച്ചു. 'ഒടുവിൽ കോടതിയുടെ നിർദ്ദേശങ്ങൾ ഫലം കണ്ടു തുടങ്ങി'യെന്ന് പറഞ്ഞ സിംഗിൾബെഞ്ച്, ഹർജികൾ ജൂൺ രണ്ടിനു പരിഗണിക്കാൻ മാറ്റി.വലിയ കല്ലുകൾ സ്ഥാപിക്കുന്നതു തടഞ്ഞ സിംഗിൾബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി അനുകൂല ഉത്തരവു വാങ്ങിയിരുന്നു. സാമൂഹ്യാഘാത പഠനം തടയരുതെന്ന് സുപ്രീം കോടതിയും നിർദ്ദേശിച്ചു. പിന്നീടാണ് എതിർപ്പുള്ള സ്ഥലങ്ങളിൽ കല്ലുകൾ സ്ഥാപിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്.

കെ-റെയിൽ എന്നെഴുതിയ കല്ലുകൾ സ്ഥാപിക്കുന്നതു വിലക്കിയ കോടതി ഉത്തരവ് നിലനിൽക്കേ കല്ലുകൾ സ്ഥാപിക്കാൻ അനുമതി നൽകി സർവേ ഡയറക്‌ടർ ഉത്തരവിറക്കിയതിൽ ഹൈക്കോടതി വിശദീകരണം തേടി. കോടതിയുത്തരവു മറികടക്കാൻ എന്തുമാകാമെന്നാണ് ചില ഉദ്യോഗസ്ഥരുടെ ധാരണ. സിംഗിൾബെഞ്ചിനു മേൽ ഡിവിഷൻ ബെഞ്ചും സുപ്രീം കോടതിയുമുണ്ടെന്നാണ് ഇവർ പറയുന്നത്. ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ഹൈക്കോടതി പറഞ്ഞത്

 നിയമപ്രകാരം നടപ്പാക്കുന്ന ഒരു പദ്ധതിയും നിറുത്തി വയ്ക്കേണ്ടി വരില്ല. കേരളത്തിൽ ഇത്തരം നിരവധി പദ്ധതികൾ നടക്കുന്നുണ്ട്.

 സാമൂഹ്യാഘാത പഠനം പൂർത്തിയാകുന്നതിനു മുമ്പ് എന്തിനാണ് സർക്കാർ ഭൂമി ഏറ്റെടുക്കാൻ ഉദ്യോഗസ്ഥരെ നിയമിച്ചത്? അവരിപ്പോൾ എന്തെടുക്കുകയാണ്?

 പോർവിളികളോടെയല്ല പദ്ധതി നടപ്പാക്കേണ്ടത്. ജനങ്ങളെ വിശ്വാസത്തിലെടുക്കണം.

 കല്ലിടുന്നതെന്തിനെന്നാണ് കോടതി ആദ്യം മുതൽ ചോദിക്കുന്നത്. കല്ലിട്ടതോടെ സാമൂഹ്യാഘാത പഠനത്തിന്റെ പേരിൽ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന ധാരണയുണ്ടായി. അതാണ് പ്രശ്നങ്ങൾക്കു കാരണം. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നതിനു പോലും ഇതു തടസമായി.

 കോടതി പദ്ധതിക്ക് എതിരല്ല. സാമൂഹ്യാഘാത പഠനം വലിയ സാമൂഹ്യാഘാതമുണ്ടാക്കുന്ന സ്ഥിതിയായതോടെയാണ് ഇടപെടേണ്ടി വന്നത്.

 അയൽ സംസ്ഥാനങ്ങളിൽ ആറു വരിപ്പാത നിലവിൽ വന്നു കഴിഞ്ഞു. ഇവിടെ എറണാകുളത്തു നിന്ന് തിരുവനന്തപുരത്തെത്താൻ കാറിൽ എട്ടു മണിക്കൂറെടുക്കും. ഇതു മാറേണ്ടത് ആവശ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KRAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA