SignIn
Kerala Kaumudi Online
Friday, 19 April 2024 1.52 PM IST

നാടൻമീനുകളുടെ നല്ലകാലം

photo

ഇടവപ്പാതി തുടങ്ങും മുൻപേ വേനൽമഴയിൽ പുഴയും തോടുകളും നിറയാൻ തുടങ്ങിയതോടെ വിപണികളിൽ നിറയുന്നത് പുഴകളിലേയും അഴിമുഖങ്ങളിലേയും കായലിലേയും മീനുകൾ. വീടുകളിൽ വളർത്തുന്ന മീനുകൾക്കും ആവശ്യക്കാരേറെയുണ്ട്. തുലാവർഷം നീണ്ടുനിൽക്കുകയും വേനൽമഴ കടുക്കുകയും ചെയ്തതോടെ മുൻകാലങ്ങളെ അപേക്ഷിച്ച് ജലാശയങ്ങൾ ജലസമൃദ്ധമാണ്. മാത്രമല്ല, കാലാവസ്ഥ തകിടം മറിഞ്ഞപ്പോൾ കടൽമീനുകൾക്ക് ക്ഷാമം രൂക്ഷമാകുകയും ചെയ്തു. കാലംതെറ്റി എത്തിയ മഴയും കാറ്റും കാരണം കടലിൽ പോകുന്നതിന് വിലക്കുണ്ടായി. പരിശോധനകളും നടപടികളും കടുത്തിട്ടും വിഷാംശമുള്ള കടൽമീനുകൾ വ്യാപകമാണ്. ഐസിൽ ഫോർമാലിൻ ചേർത്താണ് ഭൂരിഭാഗം മീനുകളുമെത്തുന്നത്. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് വിഷമീനുകളുടെ വില്‌പന പൊടിപൊടിക്കുകയാണ്. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീൻകറി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റതും പച്ചമീൻ കഴിച്ച് പൂച്ചകൾ ചത്തതും വലിയ കോളിളക്കങ്ങൾക്ക് വഴിവെച്ചതും ആഴ്ചകളും കഴിഞ്ഞ് തീൻമേശയിലെത്തുന്ന മീനിന്റെ രുചിക്കുറവും

കൂടിയായപ്പോൾ ജനം മാറിച്ചിന്തിക്കാൻ തുടങ്ങി.

അങ്ങനെയാണ് പുഴമീനുകൾക്ക് ഡിമാൻഡ് കൂടിയത്.

കൊവിഡിന്റെ രണ്ടുവർഷം മറ്റു ജോലികൾ തടസ്സപ്പെട്ടതോടെ മീൻവളർത്തൽ തുടങ്ങിയ നിരവധിപ്പേരുണ്ട്. നേരംപോക്കിന് ഈ കൃഷി തുടങ്ങിയവർ ഇപ്പോൾ അതൊരു വരുമാനമാർഗമാക്കി. വലിയ മുടക്കുമുതലില്ലാതെ സാമാന്യം നല്ല വില ലഭിക്കുന്നു എന്നത് ചെറുപ്പക്കാർക്ക് ആശയും ആവേശവുമായി. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെയും പലരും വീടുകളിൽ കുളം നിർമ്മിച്ച് മീൻ വളർത്തിയിരുന്നു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലും പൊതുജലാശയങ്ങളിലും മറ്റും ലക്ഷക്കണക്കിന് മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വരാൽ, തിരുത, ചെമ്പല്ലി തുടങ്ങി നിരവധി മീനുകൾ ഇങ്ങനെ വിപണിയിലെത്തുന്നുണ്ട്. ഇവയ്‌ക്ക് വിലയും കൂടിയിട്ടുണ്ട്.

നാടനും വേണം സുരക്ഷ

കടൽമീനിനെപ്പോലെ നാടൻമീനുകളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മത്സ്യങ്ങളുടെ പ്രജനന സമയങ്ങളിൽ സഞ്ചാരപാതകളിൽ തടസം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതും നിരോധിച്ചിട്ടുണ്ട്. വ്യാപകമായ കീടനാശിനി പ്രയോഗവും ഭീഷണിയാകുന്നുണ്ട്. ചില പദ്ധതികളുടെ ഭാഗമായി വളർത്തു മത്സ്യങ്ങളെ നദികളിലേക്ക് വിടാൻ തുടങ്ങിയതും നാടൻ മത്സ്യങ്ങൾക്ക് ഭീഷണിയാവുന്നുണ്ട്. നാടൻ മത്സ്യങ്ങളിൽ പലതും വംശനാശത്തിന്റെ വക്കിലായതോടെ സർക്കാർ ഇവയെ സംരക്ഷിക്കാൻ പദ്ധതി കൊണ്ടുവന്നെങ്കിലും അത്ര കാര്യക്ഷമമായില്ല. പ്രളയകാലത്തും നാടൻമീനുകൾക്ക് നാശമുണ്ടായി.

ഇടവപ്പാതി എത്തുമ്പോൾ വയലും തോടുമെല്ലാം പുതുവെള്ളം കയറി ഒന്നാകുന്നു. ഈ സമയത്ത് ഊത്തപിടിത്തമെന്ന് അറിയപ്പെടുന്ന മത്സ്യവേട്ട മത്സ്യ ഇനങ്ങളുടെ വംശനാശത്തിലേക്കാണ് നയിക്കുന്നത്. പുതുവെള്ളത്തിൽ കൂട്ടമായെത്തുന്ന മത്സ്യങ്ങളെ അധികം ബുദ്ധിമുട്ടില്ലാതെ തന്നെ പിടിക്കാനാവുമെന്നതാണ് ഊത്തപിടിത്തത്തിന്റെ പ്രത്യേകത. എന്നാൽ ഊത്തപിടിത്തത്തിലൂടെ മത്സ്യക്കുരുതിയാണ് നടക്കുന്നത്. വയലിലെ പുതുവെള്ളത്തിലേക്ക് മുട്ടയിടാനുള്ള സഞ്ചാരത്തിനിടെയാണ് ഭൂരിഭാഗം മത്സ്യങ്ങളും പിടിയിലാവുന്നത്. കേരളത്തിലെ എല്ലാ പുഴയോരഗ്രാമങ്ങളിലും നഗരങ്ങളിലും ജൂൺമാസത്തിൽ ഈ മത്സ്യപ്രയാണങ്ങൾ കാണാം. പ്രജനനകാലമായതിനാൽ ഓരോ മീൻവേട്ടയും ആയിരക്കണക്കിന് മത്സ്യങ്ങളുടെ നാശത്തിന് കാരണമാകുന്നു. 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും ഊത്തപ്പിടുത്തം വഴി വംശനാശഭീഷണിയിലാണെന്ന് മത്സ്യഗവേഷകരുടെ പഠനം പറയുന്നു.

ആദ്യകാലങ്ങളിൽ അകന്ന കണ്ണികളുള്ള വലകൾ മാത്രമേ മാർക്കറ്റിൽ ലഭ്യമായിരുന്നുള്ളു. അവ കൈകൊണ്ട് നെയ്‌തെടുക്കുന്നവയായിരുന്നു. ഇന്ന് ഫാക്ടറിയിൽ നിന്ന് നിർമ്മിച്ചെടുക്കുന്ന കൊതുകുവലയ്ക്കു സമാനമായ വലകൾ വളരെ വ്യാപകമായി ഉപയോഗിക്കുന്നത് കാണാം. ചെറിയ മീനുകളെപ്പോലും നശിപ്പിക്കുന്ന ഈ വലകൾ നിയമം മൂലം നിരോധിച്ചതാണെങ്കിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ശുദ്ധജല മത്സ്യസമ്പത്തിന് ഗുരുതരനാശം വിതയ്‌ക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്തെ മത്സ്യവേട്ട നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും കടലിൽ ട്രോളിംഗ് പോലെ എളുപ്പമല്ല. അതുകൊണ്ടു തന്നെ നിരോധന പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനൊപ്പം ബോധവത്കരണവും ആവശ്യമാണ്.

സ്പോട്ടിൽ വിൽപ്പന

പിടിക്കുന്ന സ്ഥലത്ത് തന്നെയാണ് പലയിടങ്ങളിലും മീൻ വില്പനയും. രാസവസ്തുക്കളും ഐസും ഇടാതെ അതത് ദിവസം പിടിക്കുന്ന മത്സ്യം കിട്ടുമെന്നതാണ് കായൽ മത്സ്യങ്ങളുടെ പ്രധാന ആകർഷണം. കരിമീൻ മുതൽ വിവിധ നാടൻ മീനുകൾ കായലോര മാർക്കറ്റുകളിൽ സുലഭമാണ്. കരിമീൻ കുറഞ്ഞതോടെ തിലോപ്പിയയോടാണ് കൂടുതൽ പ്രിയം. വിലയും കുറവ്, മികച്ച രുചിയും എന്നതാണ് തിലോപ്പിയയ്ക്ക് ആവശ്യക്കാർ കൂടാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു. പൊടിമീൻ, ചെമ്മീൻ, ഞണ്ട് എന്നിവയ്ക്കും ആവശ്യക്കാരുണ്ട്. കിലോഗ്രാമിന് 150 രൂപ മുതൽ കായൽ മത്സ്യങ്ങൾ ലഭിക്കും.

കടലോരത്തെ മീനും

മറുനാടൻ

കടലിൽ നിന്ന് പിടിച്ചുകൊണ്ടുവരുന്നതാണെന്ന വ്യാജേന കടപ്പുറത്തും മറ്റ് ലോക്കൽ മാർക്കറ്റുകളിലും പഴകിയ മറുനാടൻ മീനെത്തിക്കുന്നുണ്ട്. വാങ്ങുന്നവരെ കബളിപ്പിക്കാനായി മീനിൽ കടൽമണ്ണ് വിതറും. ഈ മീൻ കഴിക്കുന്നവർക്ക് തൊണ്ട ചൊറിച്ചിൽ പോലുള്ള അസ്വസ്ഥത ഉണ്ടാകുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അറവുശാലകളിൽ നിന്നുള്ള രക്തം മീനിന്റെ ചെകിളയിൽ തേച്ചു പിടിപ്പിച്ച് നിറം മാറ്റമുണ്ടാകാതെ വിൽപ്പനയ്‌ക്കെത്തിക്കുന്നതായും പരാതികളുണ്ടായിരുന്നു. മുൻപ് മീനിന്റെ ചെകിളയുടെ നിറം മാറ്റം നോക്കി പഴക്കം കണ്ടെത്താൻ കഴിഞ്ഞിരുന്നു. അതിനെ മറികടക്കാനാണ് രക്തം പുരട്ടുന്നത്.

മീനിന്റെ തിളക്കം കൂട്ടാൻ ചില വില്പനക്കാർ പാറ്റയെ തുരത്തുന്ന ഹിറ്റ് പ്രയോഗം നടത്തുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്. ഫോർമാലിൻ ചേർത്ത മീൻ കഴിച്ചാൽ ദഹനേന്ദ്രിയ വ്യവസ്ഥ, കരൾ, വൃക്ക, ശ്വാസകോശം, ഹൃദയം, കേന്ദ്രനാഡീവ്യൂഹം എന്നിവയ്ക്ക് തകരാറുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FISH HARVESTING
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.