ന്യൂഡൽഹി: എറണാകുളം മരട് മുനിസിപ്പാലിറ്റിയിൽ തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കാനുള്ള കാലാവധി നീട്ടണമെന്ന ഫ്ലാറ്റുടമകളുടെ ആവശ്യം സുപ്രീംകോടതി തള്ളി. പരിസ്ഥിതി നിയമം ലംഘിക്കുന്നവരോട് കോടതികളും മറ്റ് അതോറിട്ടികളും കർശനനിലപാട് സ്വീകരിക്കേണ്ട കാലം അതിക്രമിച്ചെന്നും ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ അവധിക്കാല ബെഞ്ച് പറഞ്ഞു. ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരത്തിനായി അനുയോജ്യ വേദികളെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
തീരദേശപരിപാലന നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്‌ത്ത്, ജയിൻ ഹൗസിംഗ്, കായലോരം അപ്പാർട്ട്മെന്റ്, ആൽഫ വെഞ്ച്വേഴ്സ് എന്നീ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാനാണ് മേയ് 8ന് കോടതി ഉത്തരവിട്ടത്. ഒരുമാസത്തിനുള്ളിൽ ഉത്തരവ് നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും അനധികൃത നിർമ്മാണങ്ങൾ കാരണം ഇനിയും കേരളത്തിന് പ്രളയം താങ്ങാനാവില്ലെന്നും ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു. ബദൽ സംവിധാമൊരുക്കാനായി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം ഫ്ലാറ്റുടമകൾ അവധിക്കാല ബെഞ്ചിനെ സമീപിച്ചത്.
കെട്ടിടങ്ങൾ നിർമ്മിച്ചത് തീരദേശ പരിപാലന ചട്ടം ലംഘിച്ചാണെന്ന് കണ്ടെത്തിയായിരുന്നു സുപ്രീംകോടതി വിധി. 2006ൽ മരട് പഞ്ചായത്തായിരിക്കെ സി.ആർ സോൺ 3 ൽ ഉൾപ്പെട്ട പ്രദേശത്താണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. പിന്നീട് മരട് മുനിസിപ്പാലിറ്റിയായി. നിലവിൽ അപ്പാർട്ട്മെന്റുകളുള്ള സ്ഥലം സി.ആർ സോൺ രണ്ടിലാണെന്നും ഇവിടത്തെ നിർമ്മാണങ്ങൾക്ക് തീരദേശ പരിപാലന അതോറിട്ടിയുടെ അനുമതി ആവശ്യമില്ലെന്നുമുള്ള കെട്ടിട ഉടമകളുടെ വാദം കോടതി തള്ളുകയായിരുന്നു. 500 കോടിയോളം രൂപ മൂല്യമുള്ളതാണ് ഫ്ലാറ്റുകൾ. പൊളിക്കേണ്ട അഞ്ച് സമുച്ചയങ്ങളിൽ ഒരെണ്ണം കേസ് ആരംഭിച്ചതോടെ നിർമ്മാണം നിറുത്തിയിരുന്നു. മറ്റു ഫ്ലാറ്റുകളിലായി നൂറോളം കുടുംബങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |