തിരുവനന്തപുരം: ഇടതു, വലതു മുന്നണികളുടെ ബലാബലത്തിനിടയിൽ പോരാടുന്ന ബി.ജെ.പിക്ക് കിട്ടിയ സുവർണാവസരമാണ് കേരളത്തിൽ കളഞ്ഞുകുളിച്ചത്. മോദിപ്രഭാവത്തിനൊപ്പം വന്ന ശബരിമല വിഷയവും അതിനോടനുബന്ധിച്ചുണ്ടായ സമരങ്ങളും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ ഇടയാക്കിയേക്കുമെന്ന് എതിർപക്ഷത്തുള്ളവർപോലും കരുതിയിരുന്നു. എൻ.എസ്.എസും തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ബി.ഡി.ജെ.എസും സംഘപരിവാർ പ്രസ്ഥാനങ്ങളും ഒത്തുപിടിച്ചിട്ടും ഇൗ സുവർണാവസരത്തിൽ അക്കൗണ്ട് തുറക്കാൻ പാർട്ടിക്കായില്ല.
ശബരിമലയിലെ വീരനായകനായി ജയിൽവാസമനുഭവിച്ച കെ. സുരേന്ദ്രൻ പത്തനംതിട്ടയിൽ, ശബരിമല ഭക്തനായതുകൊണ്ട് മാത്രം മത്സരിക്കാനിറങ്ങിയ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി തൃശൂരിൽ, ശബരിമലയിൽ നിലയ്ക്കൽ പ്രക്ഷോഭം നടത്തിയ നായകൻ കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത്. പാർട്ടിയുടെ ഉറച്ച അക്കൗണ്ട് പ്രതീക്ഷകളായിരുന്നു ഇത് മൂന്നും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് 15,470 വോട്ടിനാണ് ഒ. രാജഗോപാൽ തോറ്റത്. അന്ന് മോദി തരംഗം മാത്രമായിരുന്നു തുണ. എന്നാൽ ഇക്കുറി മോദി തരംഗത്തിന് പുറമെ ശബരിമല പ്രശ്നമുണ്ടായിട്ടും കുമ്മനം രാജേശേഖരൻ തോറ്റത് ഒരുലക്ഷത്തിലേറെ വോട്ടിന്. ഇവിടെ ഏഴിൽ നാല് നിയമസഭാ മണ്ഡലങ്ങളിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ലീഡ് നേടി. ഇക്കുറി ഒന്നായി ചുരുങ്ങി. കുമ്മനം 3,13,925 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തിയതു മാത്രമാണ് ഏക നേട്ടം. തൃശൂരിൽ സുരേഷ് ഗോപി 2,93,882 വോട്ടും പത്തനംതിട്ടയിൽ കെ. സുരേന്ദ്രൻ 2,95,627 വോട്ടും നേടി മൂന്നാം സ്ഥാനത്തെത്തി. വോട്ട് കണക്കിൽ 2014ൽ 10 ശതമാനം വോട്ട് നേടിയെങ്കിൽ ഇക്കുറി ബി.ജെ.പിക്ക് 13.1 ശതമാനവും എൻ.ഡി.എയ്ക്ക് മൊത്തമായി 16 ശതമാനവുമാണ് വോട്ടുനിലയുടെ ഏകദേശകണക്ക്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസുമായി ചേർന്ന് എൻ.ഡി.എ 15 ശതമാനം വോട്ട് നേടിയിരുന്നു. ശബരിമല പ്രശ്നമുണ്ടായിട്ടും പാർട്ടിക്ക് വോട്ട് വളർച്ചയുണ്ടായില്ലെന്ന് ചുരുക്കം.
ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുള്ള ബംഗാളിൽ 2014ൽ ബി.ജെ.പിക്കുണ്ടായിരുന്നത് 2 ശതമാനം വോട്ട്. ഇത്തവണ അവിടെ നേടിയത് 40 ശതമാനം വോട്ടും 18 സീറ്റും. 2014ൽ 10 ശതമാനം വോട്ടുണ്ടായിരുന്ന കേരളത്തിൽ ഇൗ വളർച്ച എന്തുകൊണ്ട് സാധിച്ചില്ലെന്നാണ് കേന്ദ്ര നേതൃത്വം ചോദിക്കുന്നത്. അതിന് സംസ്ഥാന നേതൃത്വത്തിന് മറുപടിയില്ല.
അവിശ്വാസമുണ്ടാക്കിയ പ്രസ്താവനകൾ
ശബരിമല പ്രശ്നത്തിൽ ബി.ജെ.പി നേതൃത്വത്തിന്റെ അനവസരങ്ങളിലുള്ള പ്രസ്താവനകൾ ജനങ്ങളിൽ അവിശ്വാസമുണ്ടാക്കിയെന്നും വ്യക്തതയില്ലാത്ത നിലപാടുകൾ എൻ.എസ്.എസിനെ പോലും അകറ്റിയെന്നുമാണ് പാർട്ടിക്കുള്ളിലെ വിമർശനം. തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ ആളെ ചേർക്കുന്ന നടപടികൾ സജീവമാക്കാനും പാർട്ടിക്കായില്ല. കേന്ദ്രസർക്കാരിന്റെ ഭരണ നേട്ടങ്ങൾ കേരളത്തിൽ കൃത്യമായി എത്തിക്കാനും അതിന് പ്രചാരണം നൽകാനും സംസ്ഥാന നേതൃത്വത്തിനായില്ലെന്നും വിമർശനമുണ്ട്.
സ്ഥാനാർത്ഥി നിർണയത്തിലെ അനാവശ്യ ഇടപെടലുകളാണ് വിജയം തെറിപ്പിച്ചതെന്ന ആക്ഷേപവും ഉണ്ട്. വൻ സാദ്ധ്യതയുള്ള പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളിൽ വൈകിയാണ് സ്ഥാനാർത്ഥികളെ നിർണയിച്ചത്. പ്രചാരണത്തിന് രണ്ടാഴ്ച തികച്ച് കിട്ടിയില്ല. സുരേഷ് ഗോപി സ്ഥാനാർത്ഥിയായത് തുഷാർ വെള്ളാപ്പള്ളി വയനാട്ടിലേക്ക് മാറിയതോടെയാണ്. പ്രചാരണത്തിന് ആർ.എസ്.എസ് നേതൃത്വത്തിന് മേൽകൈ നൽകിയത് പ്രതിസന്ധിയുണ്ടാക്കിയെന്നും ബി.ജെ.പിയിലെ ഒരു വിഭാഗം പറയുന്നുണ്ട്. അക്കൗണ്ട് തുറക്കാനാകാതിരുന്നത് സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയാകുമെന്നും സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |