തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആരുടെ വോട്ടാണ് ബി.ജെ.പിക്ക് പോയതെന്ന് ആത്മപരിശോധന നടത്താൻ സി.പി.എം തയ്യാറാവുമോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യം. ബംഗാളിന്റെ കാര്യത്തിലും ഇത്തരത്തിൽ ആത്മപരിശോധനയ്‌ക്ക് സി.പി.എം തയ്യാറാവുമോ എന്നും പ്രസ് ക്ളബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ അദ്ദേഹം ചോദിച്ചു. പ്രസ് ക്ളബ് സെക്രട്ടറി എം. രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു.
സി.പി.എമ്മിനും സി.പി.ഐക്കുമാണ് വൻതോതിൽ വോട്ട് നഷ്ടമായത്. യു.ഡി.എഫിനെതിരെ കോ-ലീ-ബി സഖ്യമെന്ന് ആക്ഷേപിച്ചവർ സ്വയം പരിശോധന നടത്തണം. 16 മന്ത്രിമാർക്കും സ്‌പീക്കർക്കും ഡെപ്യൂട്ടി സ്‌പീക്കർക്കും ജനപിന്തുണ നഷ്ടമായി. 123 നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫിനാണ് ഭൂരിപക്ഷം. ധാർമ്മികമായി നോക്കിയാൽ മുഖ്യമന്ത്രിക്ക് രാജിവയ്‌ക്കാൻ പറ്റിയ അവസരമാണ്. എ.കെ. ആന്റണിയുടെ മാതൃക പിണറായി വിജയൻ പിന്തുടരണം. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുണ്ടായ തകർച്ച സ്വയംകൃതാനർത്ഥമാണ്. സി.പി.എം കേരള നേതൃത്വം യെച്ചൂരിയുടെ വഴി ചിന്തിക്കണമായിരുന്നു. ബി.ജെ.പിയുടെ വർഗീയതയെ പ്രതിരോധിക്കാൻ കഴിഞ്ഞത് യു.ഡി.എഫിനാണ്. ന്യൂനപക്ഷ - ഭൂരിപക്ഷ വ്യത്യാസമില്ലാതെയുള്ള ജനപിന്തുണയാണ് യു.ഡി.എഫിന് കിട്ടിയത്.
ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്ക് ദുഷ്ടബുദ്ധിയുണ്ടായിരുന്നു. ബി.ജെ.പി ശബരിമലയെ രാഷ്ട്രീയ അവസരമാക്കി കണ്ടു. യു.ഡി.എഫ് എന്നും വിശ്വാസി സമൂഹത്തിനൊപ്പമാണ് നിന്നിട്ടുള്ളത്. മോദി - പിണറായി സർക്കാരുകൾക്കെതിരായ വികാരവും രാഹുൽ തരംഗവുമാണ് യു.ഡി.എഫിന് മികച്ച വിജയം നൽകിയത്. ആലപ്പുഴയിലെ പരാജയം പരിശോധിക്കും. അമേതിയിലെ രാഹുലിന്റെ പരാജയത്തെക്കുറിച്ചുള്ള ചോദ്യത്തിന് 'വടക്കേ ഇന്ത്യയിൽ എല്ലായിടത്തും പരാജയപ്പെട്ടില്ലേ" എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |