SignIn
Kerala Kaumudi Online
Monday, 14 July 2025 10.53 AM IST

കേസെടുത്താൽ പോരാ നഷ്ടപരിഹാരവും നൽകണം

Increase Font Size Decrease Font Size Print Page

photo

റോഡും പാലവുമൊക്കെ നിർമ്മിക്കുന്നിടത്ത് അപായ സൂചനയുള്ള ബോർഡ് സ്ഥാപിക്കണമെന്നാണ് നിയമം. എന്നാൽ നിബന്ധന പാലിക്കുന്നതിൽ മരാമത്ത് ഉദ്യോഗസ്ഥരോ കരാർ ഏറ്റെടുക്കുന്നവരോ തയ്യാറാവില്ല. ഇതിന്റെ ഫലമായി നിരവധി അപകടങ്ങളുണ്ടാവുകയും വിലപ്പെട്ട മനുഷ്യജീവനുകൾ നഷ്ടപ്പെടുകയും ചെയ്യുന്നു. തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ നിർമ്മാണം നടക്കുന്ന ഒരു പാലത്തിൽ കഴിഞ്ഞ ശനിയാഴ്ച രാത്രിയുണ്ടായ ബൈക്കപകടത്തിൽ ഇരുപത്തെട്ടുകാരൻ മരണപ്പെട്ട ദാരുണ സംഭവം ഒരിക്കൽക്കൂടി മരാമത്തു ഉദ്യോഗസ്ഥരുടെ വീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നത്. പാലം പണി പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് പണി ആഴ്ചകളായി അങ്ങനെ കിടക്കുകയാണ്. രാത്രിയിൽ അതുവഴി ബൈക്കിലെത്തിയ യുവാക്കൾ മുന്നിൽ പതിയിരുന്ന അപകടം ശ്രദ്ധിച്ചില്ല. പാലവും അപ്രോച്ച് റോഡിനുമിടയ്ക്കുള്ള ഗർത്തത്തിൽ പതിച്ച് ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരണമടഞ്ഞു. സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. തൃപ്പൂണിത്തുറയിലെ അപകടം ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം സംഭവിച്ചതാണ്. പൂർത്തിയാകാത്ത റോഡാണെന്നും അതുവഴി യാത്ര പാടില്ലെന്നും മുന്നറിയിപ്പു നൽകുന്ന ബോർഡുകൾ ഉണ്ടായിരുന്നെങ്കിൽ വാഹനയാത്രക്കാർ ശ്രദ്ധിക്കുമായിരുന്നു. അത്തരമൊരു ബോർഡ് അവിടെ ഒരിടത്തും ഇല്ലായിരുന്നുവെന്നാണ് അപകടശേഷം സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർക്കും ബോദ്ധ്യമായത്. അനാസ്ഥയുടെ പേരിൽ മരാമത്തുവകുപ്പിലെ വനിതാ അസിസ്റ്റന്റ് എൻജിനിയർ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്. ഇവർക്കു പുറമേ എക്സിക്യുട്ടീവ് എൻജിനിയറെയും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറെയും സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. മരാമത്തുവകുപ്പിനു പേരുദോഷമുണ്ടാക്കുന്നതൊന്നും സംഭവിക്കരുതെന്ന് ശഠിക്കുന്ന വകുപ്പുമന്ത്രിയുടെ സത്വര ഇടപെടലിലാണ് കൈയോടെ നടപടികളുണ്ടായിരിക്കുന്നത്.

ആറുമാസം കൊണ്ടു തീർക്കാവുന്ന ചെറിയൊരു പണിപോലും ഇഴഞ്ഞും കിടന്നും വർഷങ്ങൾ നീണ്ടുപോകും. അപ്രോച്ച് റോഡ് പൂർത്തിയാക്കാൻ വേണ്ടി മാത്രം പാലം ഉദ്ഘാടനം വർഷങ്ങൾ നീണ്ടുപോയ ഉദാഹരണങ്ങളുണ്ട്. ആധുനിക യന്ത്രസാമഗ്രികളും യഥേഷ്ടം നിർമ്മാണ വസ്തുക്കളും കൈപ്പിടിയിൽ ഉണ്ടായിട്ടും പണി ഒച്ചിഴയും വേഗത്തിലേ മുന്നോട്ടുപോകൂ. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് മറ്റൊരു കാരണം. മൂന്നോ നാലോ വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിക്കാൻ വേണ്ടി മാത്രം റോഡുപണി മാസങ്ങളോളം നീണ്ടുപോകുന്നത് സർവസാധാരണമാണ്. വൃക്ഷങ്ങൾ വെട്ടിമാറ്റാൻ, റോഡിനടിയിലുള്ള പൈപ്പുകൾ മാറ്റിയിടാൻ, തടസമായി നിൽക്കുന്ന കെട്ടിടങ്ങൾ പൊളിക്കാൻ എന്നുവേണ്ട സകല കാര്യങ്ങൾക്കും വിവിധ വകുപ്പുകൾ കനിയണം.

മരാമത്തു വകുപ്പിന്റെ അനാസ്ഥ മൂലമുണ്ടാകുന്ന റോഡപകടങ്ങൾക്ക് ഉയർന്ന തോതിൽ നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയുണ്ടാകേണ്ടതാണ്. അപകടത്തിനിരയാകുന്നവരുടെ കുടുംബം ഇതിനായി വ്യവഹാരങ്ങൾക്കൊന്നും മുതിരാത്തതാണ് സർക്കാരിന് പലപ്പോഴും രക്ഷയാകുന്നത്. ഈ സ്ഥിതി മാറണം. അപകടത്തിനു കാരണം ഉദ്യോഗസ്ഥ വീഴ്ച മൂലം നിരത്തുകളിലുണ്ടാകുന്ന തകരാറുകളാണെന്നു തീർച്ചയുണ്ടെങ്കിൽ കേസിനു പോവുകതന്നെ വേണം. വാഹനാപകട നഷ്ടപരിഹാരം പോലെ ഇതിനും പ്രത്യേക നിയമം ഉണ്ടാകണം. സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തിൽ ഒരു പങ്ക് ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നു പിടിക്കുകയും വേണം. എങ്കിലേ അവർക്കും ചുമതലാബോധമുണ്ടാവൂ. പൊതുനിരത്തുകൾ ഗതാഗതയോഗ്യമായി നിലനിറുത്തേണ്ട ബാദ്ധ്യത മരാമത്തു വകുപ്പിന്റേതാണ്. വീഴ്ചവരുത്തുന്നവരെ ശിക്ഷിക്കുക തന്നെ വേണം. തൃപ്പൂണിത്തുറയിലെ ബൈക്കപകടത്തിൽ മരണമടഞ്ഞ യുവാവിന്റെ കുടുംബത്തിന് മതിയായ തോതിൽ നഷ്ടപരിഹാരം നൽകാനും നടപടിയെടുക്കണം.

TAGS: ACCIDENT SITE CAUTION BOARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.