SignIn
Kerala Kaumudi Online
Thursday, 02 January 2025 2.19 PM IST

കൺമണിയല്ലിവൾ ,പൊൻമണി

Increase Font Size Decrease Font Size Print Page
kanmani

കൈകളില്ലെങ്കിലും ഒന്നാം റാങ്ക് കൈപ്പിടിയിലാക്കിയ കൺമണിയുടെ ജീവിതം വൈകല്യങ്ങളെ അതിജീവിക്കാനാഗ്രഹിക്കുന്നവർക്ക് ആവേശം പകരും

കാൽ വിരലിൽ പേന മുറുക്കിപ്പിടിച്ചെഴുതിയ ഉത്തരക്കടലാസുകൾക്ക് ഒന്നാം റാങ്കിന്റെ തിളക്കമുണ്ട്. കൈകൊണ്ട് പരീക്ഷയെഴുതിയ എല്ലാവരെയും പിന്നിലാക്കിയാണ് തിരുവനന്തപുരം സ്വാതി തിരുനാൾ ഗവ .സംഗീത കോളേജ് വിദ്യാർത്ഥിനി മാവേലിക്കര അറുന്നൂറ്റിമംഗലം അഷ്ടപദിയിൽ എസ്.കൺമണി (20) ബാച്ചിലർ ഓഫ് പെർഫോമിംഗ് ആർട്ട്സ് (വോക്കൽ) പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ജന്മനാ കൈകളില്ലാത്തത് ഒരു കുറവായല്ല, പല നേട്ടങ്ങളും കൈയടക്കാനുള്ള കരുത്തായാണ് കൺമണി കാണുന്നത്.

കുട്ടിയായിരിക്കേ, സ്കൂൾ അദ്ധ്യാപിക ലോലമ്മ ടീച്ചറാണ് കൈകൾക്ക് പകരം കാൽ വിരലിൽ പേനയും, നിറം കൊടുക്കാൻ തത്തയുടെ ചിത്രവും നൽകിയത്. അവിടെ നിന്ന് പിന്നൊരു തിരിഞ്ഞുനോട്ടമുണ്ടായിട്ടില്ല. എസ്.എസ്.എൽ.സിയും പ്ലസ്ടൂവും സഹായികളില്ലാതെ കാൽ വിരലുകൾ കൊണ്ടെഴുതി ഉയർന്ന മാർക്ക് കരസ്ഥമാക്കി. ഇത്തവണയും സഹായിയെ ആവശ്യമുണ്ടോയെന്ന കോളേജ് അധികൃതരുടെ ചോദ്യത്തിന്, തന്റെ മനക്കരുത്തിന് കൈകളേക്കാൾ ബലമുണ്ടെന്നായിരുന്നു കൺമണിയുടെ മറുപടി. ക്ലാസ് മുറിയിലെ 42 സഹപാഠികൾക്കില്ലാത്ത ഒരു പരിഗണനയും കൺമണി ആഗ്രഹിക്കുന്നില്ല. പഠനത്തിൽ പണ്ടേ മിടുക്കിയാണ്. എങ്കിലും റാങ്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കൺമണി പറയുന്നു. തിയറിയും പ്രാക്ടിക്കലും അടങ്ങുന്നതായിരുന്നു കോഴ്സ്.

ക്ലാസിലെത്താനുള്ള സൗകര്യാർത്ഥമാണ് മാവേലിക്കരയിലെ വീട് വാടകയ്ക്ക് നൽകി, അമ്മ രേഖയെയും, അനുജൻ മണികണ്ഠനെയും കൂട്ടി തിരുവനന്തപുരം പൂജപ്പുരയിലേക്ക് താമസം മാറിയത്. സ്വാതി തിരുനാൾ കോളേജിൽ തന്നെ എം.എയ്ക്ക് ചേരാൻ പദ്ധതിയുള്ളതിനാൽ തിരുവനന്തപുരത്ത് തുടരാനാണ് തീരുമാനം. അച്ഛൻ ശശികുമാർ വിദേശത്താണ്. അനുജൻ മണികണ്ഠൻ ഡിസ്റ്റന്റ് എഡ്യുക്കേഷൻ വഴി പ്ലസ് ടൂ പഠിക്കുകയാണ്. ദിവസവും ക്ലാസിൽ കൊണ്ടെത്തിക്കുന്നത് അമ്മയാണ്. പരമാവധി ഒരു കിലോമീറ്റർ വരെ പരസഹായമില്ലാതെ നടക്കാൻ സാധിക്കുമെന്ന് കൺമണി പറയുന്നു. കൊവിഡ് കാലത്ത് ക്ലാസുകൾ ഓൺലൈനായതോടെ ചേച്ചിയും അനുജനും ചേർന്ന് കൺമണി എന്ന യൂ ടൂബ് ചാനൽ ആരംഭിച്ചിരുന്നു. കൺമണിയുടെ ദിനചര്യകളും വ്യത്യസ്തങ്ങളായ കഴിവുകളുമാണ് ഓരോ വീഡിയോകളായി പോസ്റ്റ് ചെയ്തിരുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ മാറി ക്ലാസുകൾ പുനരാരംഭിച്ചതോടെ യൂ ടൂബിനോട് തൽക്കാലം വിടപറഞ്ഞിരിക്കുകയാണ് ഇരുവരും.

ജനിച്ച നാൾ മുതൽ ഇന്നോളം കൺമണിയുടെ താങ്ങും തണലും അമ്മ രേഖയാണ്. അമ്മയ്ക്ക് ചെറുപ്പത്തിൽ പഠിക്കാൻ സാധിക്കാതെ പോയ സംഗീതവും ചിത്രരചനയും കൺമണിയിലൂടെ യാഥാർത്ഥ്യമാക്കുകയാണെന്ന് രേഖ പറയുന്നു. ദിനചര്യകളെല്ലാം സ്വന്തമായി നിർവഹിക്കാനുള്ള കഴിവ് കൺമണിക്കുണ്ട്. പല്ലുതേയ്ക്കുന്നതും കണ്ണെഴുതി പൊട്ട് തൊടുന്നതുമെല്ലാം സ്വന്തമായാണ് ചെയ്യുന്നത്. വസ്ത്രം ധരിക്കാനും, മുടി ചീകി കെട്ടാനും അമ്മയാണ് താങ്ങാവുന്നത്. അടുക്കളയിൽ കയറാൻ അമ്മ പ്രോത്സാഹിപ്പിക്കാറില്ലെങ്കിലും, സ്വന്തമായി ദോശ ചുടാനുമെല്ലാം കൺമണിക്ക് ഏറെ ഇഷ്ടമാണ്.

വര മുതൽ നെറ്റിപ്പ‌ട്ടം വരെ

കുഞ്ഞുനാളിലെ തുടങ്ങിയതാണ് സംഗീത പഠനം. മാവേലിക്കരയിലെ ഡോ.ശ്രീദേവി രാജഗോപാലും, വീണ ടീച്ചറുമാണ് ഗുരുക്കന്മാർ. ചിത്രരചനയോട് ആഭിമുഖ്യം തോന്നിയതോടെ മാവേലിക്കര ഉണ്ണികൃഷ്ണന് കീഴിൽ പഠനം ആരംഭിച്ചിരുന്നു. സ്കൂൾ കാലത്ത് തന്നെ കലോത്സവങ്ങളിലും കച്ചേരി വേദികളിലും കൺമണി സജീവമായിരുന്നു. രാജ്യത്തിന് അകത്തും പുറത്തുമായി 500ലധികം കച്ചേരികൾ അവതരിപ്പിച്ചു. രാഷ്ട്രപതി ഭവൻ, കുവൈറ്റ് അടക്കം വിവിധ സ്ഥലങ്ങളിൽ ചിത്രപ്രദർശനവും നടത്തി. കൊവിഡ് കാലത്തെ വിശ്രമവേളയിലാണ് നെറ്റിപ്പട്ട നിർമ്മാണത്തിലേക്ക് കടന്നത്. ചിത്രരചനാ ക്ലാസിനൊപ്പം ജോർജ്ജ് എന്ന അദ്ധ്യാപകന് കീഴിൽ നെറ്റിപ്പട്ടം തയാറാക്കാനും പഠിച്ചു. വീട്ടിലെ സ്വീകരണ മുറിയിലേക്കൊരു നെറ്റിപ്പട്ടം സ്വന്തമായി തയാറാക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ യൂ ടൂബ് ചാനലിൽ കാലുപയോഗിച്ച് കൺമണി നെറ്റിപ്പട്ടം നിർമ്മിക്കുന്ന വീഡിയോ വൈറലായതോടെ ആവശ്യക്കാരുടെ എണ്ണം കൂടി. ഒന്നരയടിയുള്ള നെറ്റിപ്പട്ടം 2000 രൂപയ്ക്കും മൂന്നരയടിയുടേത് 5000 രൂപയ്ക്കുമാണ് വിൽപ്പന. തിടമ്പും ആലവട്ടവും തയാറാക്കുന്നുണ്ട്. പോട്ട് വർക്കുകളും, മ്യൂറൽ പെയിന്റിംഗുകളും ചെയ്യുന്നുണ്ട്. ഇതിനിടെ കാൽവിരൽ കൊണ്ട് കണ്ണെഴുതുന്നതും, ദോശ ചുടുന്നതുമടക്കം കൺമണിയു‌ടെ പല വീഡിയോകളും ജനങ്ങൾ ഏറ്റെടുത്തു. കൈകളില്ലാതെ പിറന്നു വീണ മകളുടെ കാഴ്ച്ച ഇരുട്ടു പരത്തിയിരുന്ന അതേ മാതാപിതാക്കളുടെ കണ്ണുകളിൽ ഇന്ന് വിജയത്തിന്റെ പൊൻതിളക്കമാണ് കൺമണി പകരുന്നത്. ശാരീരിക പരിമിതികളുടെ പേരിൽ കുട്ടിക്കാലത്ത് അഡ്മിഷൻ പോലും നിരസിച്ചവർക്ക് മുന്നിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുകയാണ് കൺമണി.

TAGS: KANMANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.