SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.18 PM IST

തുടക്കം രണ്ട് പന്നിയിൽ നിന്ന് , ഇപ്പോൾ കൈനിറയെ മീൻ പിടിക്കുന്നു; മെക്കാനിക് ബാബുവിന്റെ വിജയം അൽപ്പം സ്പെഷ്യലാണ്

Increase Font Size Decrease Font Size Print Page
fish

കുമരകം. രണ്ട് പതിറ്റാണ്ട് മുൻപ് വർക് ഷോപ്പിൽ ടൂവീലർ നന്നാക്കുന്നതിനിടയിൽ മെക്കാനിക്കായ ബാബുവിനൊരു തോന്നൽ. രണ്ട് പന്നിക്കുഞ്ഞുങ്ങളെ വളർത്തിയാലോ? വീട്ടിലെ വേസ്റ്റും ഒഴിവാകും. വലുതാകുമ്പോൾ വിറ്റ് കാശാക്കുകയുമാകാം. വീട്ടുവളപ്പിൽ തന്നെ ചെറുകൂടുണ്ടാക്കി രണ്ടു പന്നിക്കുട്ടികളെ വളർത്തി. പെറ്റുപെരുകിയപ്പോൾ സൗകര്യങ്ങൾ വിപുലമാക്കി. പന്നിക്കു പിന്നാലെ മീനും കോഴിയുമായി. അങ്ങിനെ സംയോജിത കൃഷിയിൽ വിജയഗാഥ കൊയ്യുകയാണ് ചെങ്ങളം പാലപ്പറമ്പിൽ ബാബു പി. ജേക്കബ്.

2002 ലാണ് ബാബു കൃഷിയിൽ പരീക്ഷണം തുടങ്ങിയത്. പന്നി വളർത്തൽ വിപുലമാക്കാൻ ഇളങ്ങളത്തുകാട് പാടത്ത് മൂന്നേക്കർ വയലും ചെറിയ പുരയിടവും വാങ്ങി. അവിടെ കൂട് ഉണ്ടാക്കി പന്നിക്കുഞ്ഞുങ്ങളെ മാറ്റി. പെറ്റുപെരുകുന്തോറും കൂടിന്റെ എണ്ണവും കൂട്ടി. വളർച്ചയെത്തിയത് ഇറച്ചിയ്ക്കായും വളർത്തുന്നവർക്ക് കുഞ്ഞുങ്ങൾക്കായും ആവശ്യക്കാരേറെയായി. ഇറച്ചി, ഹോട്ടൽ വേസ്റ്റ് എന്നിവയാണ് പന്നികൾക്കുള്ള തീറ്റ. പന്നി മാലിന്യം കുന്നുകൂടിയതോടെയാണ് കുളമുണ്ടാക്കി മീൻ വളർത്താമെന്ന ആശയം ഉരുത്തിരിഞ്ഞത്. ഫാമിലെ വേസ്റ്റ് മത്സ്യത്തിന് തീറ്റയാക്കി പ്രശ്‌നം പരിഹരിച്ചു. ഒരേക്കറിൽ നിലവിലുള്ള ചുറ്റുബണ്ട് ബലപ്പെടുത്തി. മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ബേക്കറി, ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നെല്ലാം ലഭിച്ച സാധനങ്ങൾ തീറ്റയായി നൽകി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

2018 ലെ മഹാപ്രളയത്തിൽ കുളം കവിഞ്ഞ് മീൻ ഒഴുകി പോയത് സങ്കടമുണ്ടാക്കിയെങ്കിലും പിടിച്ചു നിന്നു. ഇടയ്ക്കിടെ വിളവെടുക്കുന്ന രീതിയിലാണ്. വളർച്ചയെത്തിയതിനെ മാത്രം വിൽക്കും. കൂരിവാളയും തിലോപ്പിയയുമാണ് പ്രധാനം. പ്രകൃതി ദുരിതങ്ങൾ മൂലം നെൽകൃഷിക്കാർ അനുഭവിയ്ക്കുന്ന ടെൻഷനൊന്നും മത്സ്യകൃഷിയ്ക്ക് അനുഭവിക്കേണ്ടിവരില്ലെന്ന് ബാബു പറയുന്നു. ഭാര്യ: അമ്മിണി, മക്കൾ: ജെബിൻ ജേക്കബ്, ജിനു ജേക്കബ്.

TAGS: AGRICULTURE, AGRICULTURE NEWS, AFRICULTURE, BABUSH, PIGS, FARMING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY