SignIn
Kerala Kaumudi Online
Tuesday, 29 November 2022 8.54 PM IST

ഇടതുകാലത്തെ സ്ത്രീസുരക്ഷ

ttt

ഇരട്ടത്താപ്പ് എന്ന വാക്ക് സി.പി.എമ്മിന് എതിരെ രാഷ്ട്രീയ എതിരാളികൾ സ്ഥിരമായി ഉപയോഗിക്കാറുള്ളതാണ്. പറയുന്നത് ഒന്നും പ്രവർത്തിക്കുന്നത് വേറൊന്നും എന്നതുകൊണ്ടാണ് ഇരട്ടത്താപ്പിന് രാഷ്ട്രീയത്തിൽ ഇങ്ങനെയൊരു വ്യാഖ്യാനം വന്നത്. കേരളത്തിൽ ഇടതുഭരണ കാലത്തേ സ്ത്രീകൾക്ക് രക്ഷയുള്ളൂവെന്ന് വീമ്പ് പറയും. പക്ഷേ, കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ സ്ത്രീകൾക്കു നേരെയുണ്ടായ അതിക്രമ കേസുകളുടെ കണക്കെടുത്താൽ ഗ്രാഫ് മേലോട്ടു കുതിച്ചതു കാണാം. നടൻ ദിലീപ് പ്രതിയായ പീഡനക്കേസിൽ ഇര ഇതുവരെ നീതി കണ്ടിട്ടില്ല. പീഡനക്കേസുകളിലും സ്ത്രീകൾക്കെതിരായ ആക്രമണ കേസുകളിലും ഡി.വൈ.എഫ്.എെക്കാരും സി.പി.എമ്മുകാരും പ്രതികളാകുന്ന കേസുകൾ വർദ്ധിച്ചു വരുന്നു. അടുത്തിടെ പത്തനംതിട്ടയിലുമുണ്ടായി സ്ത്രീകൾക്ക് നേരെയുള്ള കൈയേറ്റം. പുറമറ്റം പഞ്ചായത്തിലുണ്ടായ ചില രാഷ്ട്രീയ തർക്കങ്ങളിൽ അതിക്രമത്തിനിരയായത് എൽ.ഡി.എഫ് തന്നെ തിരഞ്ഞെടുത്ത പഞ്ചായത്ത് പ്രസിഡന്റായ യുവതിയാണ്. പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ പറഞ്ഞതു കേൾക്കാതിരുന്ന സ്വതന്ത്ര അംഗം സൗമ്യ ജോബിയെ കൈകാര്യം ചെയ്യുകയായിരുന്നു.

പഞ്ചായത്ത് ഓഫീസിനു മുന്നിൽ തടഞ്ഞുവച്ച് സി.പി.എം പ്രവർത്തകർ മുടിയിൽ പിടിച്ചുവലിച്ചതായും വസ്ത്രം വലിച്ചുകീറിയതായും സൗമ്യ കോയിപ്രം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സി.പി.എം പഞ്ചായത്ത് അംഗങ്ങളായ സാബു ബഹനാൻ, ഷിജു പി. കുരുവിള, ലോക്കൽ സെക്രട്ടറി അജിത് പ്രസാദ് എന്നിവർക്കെതിരെയാണ് സൗമ്യ പരാതി നൽകിയത്. സംഭവത്തിൽ ഒരു വനിതയടക്കം മൂന്ന് അംഗങ്ങളെ അറസ്റ്റ് ചെയ്തു.

മറുകണ്ടം ചാടിയാൽ

ആക്രമണമോ?

സ്വതന്ത്രയായാണ് സൗമ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. എൽ.ഡി.എഫ് പിന്തുണ നൽകി. പ്രസിഡന്റ് സ്ഥാനത്തേക്ക് സൗമ്യയ്ക്ക് ഒരു വർഷത്തെ കാലാവധിയാണ് പാർട്ടിക്കുള്ളിലെ ധാരണപ്രകാരം പറഞ്ഞിരുന്നത്. ഇതിനുശേഷവും രാജിവയ്ക്കാത്തതിനെ തുടർന്ന് എൽ.ഡി.എഫ് അംഗങ്ങൾ തന്നെ ഇവർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ക്വാറം തികയാത്തതിനാൽ കഴിഞ്ഞദിവസം പ്രമേയം ചർച്ചയ്ക്കെടുത്തില്ല. ഇതിനിടെ, സൗമ്യ യു.ഡി.എഫ് പക്ഷത്തേക്ക് ചാടി. സി.പി.എം പിന്തുണയ്ക്കുന്ന വൈസ് പ്രസിഡന്റ് ശോശാമ്മ തോമസിനെതിരെ സൗമ്യ ജോബിയും ആറ് യു.ഡി.എഫ് അംഗങ്ങളും ചേർന്ന് അവിശ്വാസ പ്രമേയ അവതരണത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതേത്തുടർന്ന് പ്രസിഡന്റിനെതിരെ ആക്രമണം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ പൊലീസ് സംരക്ഷണം ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ ജീപ്പ് സി.പി.എം പ്രവർത്തകർ തല്ലിത്തകർത്തത് പ്രസിഡന്റിനെതിരെ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ ഭാഗമായിരുന്നു. എന്നിട്ടും മതിയായ പൊലീസ് സംരക്ഷണം സൗമ്യക്ക് ലഭിച്ചില്ലെന്ന് ആക്ഷേപമുണ്ടായി. സൗമ്യ പഞ്ചായത്ത് ഒാഫീസിലേക്ക് എത്തിയയുടൻ സി.പി.എം അംഗങ്ങൾ തടയാൻ മുന്നോട്ടാഞ്ഞതാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രകോപനപരമായ മുദ്രാവാക്യം വിളികളോടെ പാഞ്ഞടുത്ത സി.പി.എം പ്രവർത്തകർ നാമമാത്രമായ പൊലീസ് വലയം ഭേദിച്ച് സൗമ്യയ്ക്കടുത്ത് എത്തി. അവർ പഞ്ചായത്ത് ഒാഫീസിലേക്ക് പ്രവേശിക്കാതിരിക്കാൻ ഉപരോധത്തിനെത്തിയ സി.പി.എം പ്രവർത്തകർ അക്രമാസക്തരായി. സൗമ്യയുടെ ഇടത് കൈയ്ക്ക് മർദ്ദനം ഏൽക്കുകയും ചുരീദാറിന്റെ ടോപ്പ് കീറുകയും ചെയ്തു. ഷാൾ സി.പി.എം അംഗങ്ങളുടെ കൈയിലായി. എന്നാൽ, പാർട്ടി പ്രവർത്തകരോ അംഗങ്ങളോ പഞ്ചായത്ത് പ്രസിഡന്റിനെ കൈയേറ്റം ചെയ്തിട്ടില്ലെന്നും പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും സി.പി.എം പുറമറ്റം ലോക്കൽ കമ്മിറ്റി സെക്രട്ടറി അജിത് പ്രസാദ് പറഞ്ഞു. പൊലീസ് വലയത്തിനുള്ളിലാണ് തന്നെ ആക്രമിച്ചതെന്നും വാച്ചും ബാഗും നഷ്ടപ്പെട്ടെന്നും സൗമ്യ പറയുന്നു.

പ്രസിഡന്റായി തുടരാൻ ഇപ്പോൾ യു.ഡി.എഫിലെ ആറ് അംഗങ്ങളും പിന്തുണയ്ക്കുന്നതിനാൽ താൻ രാജി വയ്ക്കില്ലെന്നും സൗമ്യാ ജോബി പറഞ്ഞു. സി.പി.എമ്മുമായി ഉണ്ടാക്കിയ ധാരണപ്രകാരം രാജിവച്ചൊഴിയാതിരുന്ന സൗമ്യയുടെ നിലപാട് തെറ്റാണ്. അവർ രാഷ്ട്രീയ മര്യാദ പ്രകടിപ്പിച്ചില്ല എന്നതുകൊണ്ട് അവരെ ആക്രമിക്കാൻ ഒരുമ്പെട്ടത് നീതീകരിക്കാനാവില്ല.

പുരോഗമനവും

പരാക്രമവും ചേരില്ല

സംസ്ഥാനത്തെമ്പാടു നിന്നും സ്ത്രീകൾ ഇരകളാകുന്ന ഇത്തരം ചെറുതും വലുതുമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ സംഘർഷങ്ങളിൽ പൊതുവേ സ്ത്രീകൾ ആക്രമിക്കപ്പട്ട ചരിത്രമില്ല. ലിംഗസമത്വം മുദ്രാവാക്യമാക്കിയവരിൽ നിന്ന് സ്ത്രീകളെ അവഹേളിക്കുന്ന സംഭവങ്ങൾ പൊതുസമൂഹം പ്രതീക്ഷിക്കുന്നില്ല. ട്രാൻസ്ജെൻഡർമാരെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തി മഹത്തായ മാതൃക സൃഷ്ടിച്ച ഡി.വൈ.എഫ്.എെ സമ്മേളനം നടന്നത് പത്തനംതിട്ടയിലാണ്. എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയ തീരുമാനം എടുത്തവരുടെ പ്രസ്ഥാനം അത് പ്രാവർത്തികമാക്കാനും ബാദ്ധ്യതയുള്ളവരാണ്. യുവതികളായ പുതുമുഖങ്ങളെ പഞ്ചായത്ത് പ്രസിഡന്റുമാരാക്കിയിട്ടുണ്ട് സി.പി.എം. മറ്റൊരു രാഷ്ട്രീയ പാർട്ടിയും ഇങ്ങനെയൊരു ചരിത്രപരമായ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. കാലത്തിനൊത്ത മാറ്റങ്ങൾക്ക് വിധേയമാകുന്ന സി.പി.എം പുരോഗമന പാതയിലൂടെ മുന്നേറുന്നുവെന്നാണ് പറയുന്നത്. എന്നാൽ, പ്രാകൃതമായ ചില പെരുമാറ്റ രീതികൾ അപൂർവം നേതാക്കളിൽ അവശേഷിക്കുന്നുണ്ട്. സ്ത്രീകൾക്ക് ആദരവ് നൽകുന്ന സംസ്കാരവും പാരമ്പര്യവുമാണ് നമ്മുടെ നാടിന്റേത്. അധിവസിക്കുന്ന ഭൂമിയെത്തന്നെ അമ്മയായി കാണുന്ന സങ്കൽപ്പം ലോകത്തിന് സമ്മാനിച്ചത് ഭാരതീയ സംസ്കാരമാണ്. രാജ്യത്തെ ഏറ്റവും പുരോഗമന സംസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ സംസ്ഥാനത്ത് സ്ത്രീകൾ അപമാനിതരാകുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ഭരണത്തിന്റെ അഹംഭാവത്തിലാണ്. ഇത് ചെറുക്കപ്പെട്ടില്ലെങ്കിൽ സാംസ്കാരിക അപചയത്തിന്റെ കാലം വിദൂരമല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PATHANAMTHITTA DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.