SignIn
Kerala Kaumudi Online
Monday, 07 July 2025 11.12 AM IST

പരീക്ഷ പരീക്ഷണമാവില്ല

Increase Font Size Decrease Font Size Print Page

exam-results

പരീക്ഷ കഴിഞ്ഞ് ഒരു കൊല്ലമായാലും ഫലം പ്രസിദ്ധീകരിക്കാതെയും കോഴ്സ് തീർന്ന് രണ്ടുകൊല്ലമായാലും ബിരുദ സർട്ടിഫിക്കറ്റ് നൽകാതെയും വിദ്യാർത്ഥികളെ വലയ്ക്കുന്ന സർവകലാശാലകൾക്ക് പൂട്ടിടുകയാണ് സർക്കാർ. ബിരുദ, ബിരുദാനന്തര പരീക്ഷകൾ കഴിഞ്ഞ് മുപ്പത് ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കണമെന്നും പിന്നാലെ സർട്ടിഫിക്കറ്റ് നൽകണമെന്നും പുതിയ വ്യവസ്ഥ ഉടൻ നിലവിൽ വരും. ഇതിനായി എല്ലാ സർവകലാശാലകളുടെയും ആക്ടും സ്റ്റാറ്റ്യൂട്ടും ഭേദഗതി ചെയ്യും. എം.ജി സർവകലാശാലാ പി.വി.സി ഡോ.സി.ടി.അരവിന്ദകുമാർ അദ്ധ്യക്ഷനായ പരീക്ഷാപരിഷ്കരണ സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ച ഉന്നതവിദ്യാഭ്യാസ വകുപ്പ്, അതിലെ ശുപാർശകളെല്ലാം നടപ്പാക്കാൻ ഒരു കർമ്മപദ്ധതി ആസൂത്രണം ചെയ്യുകയാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ ഗുണമേന്മ വർദ്ധിപ്പിക്കാൻ മന്ത്രി ബിന്ദുവിന്റെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതികളുടെ നിർണായക ഘട്ടമാണിത്.

സർവകലാശാലാ പരീക്ഷകൾ ഓർമ്മപരിശോധനയിൽ നിന്ന് അറിവ് പരിശോധനയിലേക്ക് മാറ്റാനാണ് തീരുമാനം. സർവകലാശാലകളിൽ പഠന ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ പദ്ധതി (ഔട്ട് കം ബേസ്ഡ് എഡ്യൂക്കേഷൻ) നടപ്പാക്കണം. പാഠ്യപദ്ധതിയും ചട്ടങ്ങളും സർവകലാശാലകൾ രൂപീകരിക്കണം. ഭാവിയിൽ സിലബസും മൂല്യനിർണയ രീതികളും കോളേജുകൾ വികസിപ്പിക്കണം. കോഴ്സുകളുടെ പ്രത്യേക പഠനലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി നവീന മൂല്യനിർണയ രീതികൾ നടപ്പാക്കണം. പാഠ്യപദ്ധതി രൂപകല്പന മുതൽ മൂല്യനിർണയത്തിനു വരെ അദ്ധ്യാപകർക്ക് പരിശീലനം നൽകണം. എല്ലാ സർവകലാശാലകളും പാഠ്യപദ്ധതി വികസനകേന്ദ്രം സ്ഥാപിക്കണം. വിദ്യാർത്ഥിയെ അദ്ധ്യാപകൻ നിരന്തരമായി വിലയിരുത്തുന്ന കണ്ടിന്യുവസ് ഇവാല്യുവേഷൻ സംവിധാനവും നിലവിൽ വരും.

വിദ്യാർത്ഥികളുടെ പ്രവേശനത്തിലും മാറ്റംവരും. ബിരുദ, ബിരുദാനന്തര പ്രവേശനം ജൂൺ, ജൂലായ് മാസത്തിൽ പൂർത്തിയാക്കണം. സർവകലാശാലാ വകുപ്പുകളിലും കോളേജുകളിലും പി.ജി പ്രവേശനത്തിന് ദേശീയതലത്തിൽ വിജ്ഞാപനം ചെയ്ത് പ്രവേശനപരീക്ഷ വേണം. പ്രവേശനത്തിനുള്ള യോഗ്യതകൾ ഉദാരമാക്കണം. പ്രവേശനത്തിന് ടി.സി നിർബന്ധമാക്കരുത്. പ്രവേശനം നേടുന്നവർക്കെല്ലാം യുണീക്ക് സ്റ്റുഡന്റ് ഐഡി നൽകണം. സർവകലാശാലകളിൽ സ്റ്റുഡന്റ് പോർട്ടൽ വേണം. പഠന കാലയളവിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും തയ്യാറാക്കാനും പ്രാപ്തമാക്കുന്ന ഉപകരണങ്ങളും സേവനങ്ങളും ഇതിലുണ്ടാവണം. വിദ്യാർത്ഥികളും സർവകലാശാലയും തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഫലപ്രദമായ മാർഗ്ഗമായി ഇത് മാറണം. അക്കാഡമിക് ക്രെഡിറ്റുകൾ കൈമാറ്റം ചെയ്യാനുള്ള ഏകീകൃത സംവിധാനം സർവകലാശാലകൾ നടപ്പാക്കണം. അതായത് കേരള സർവകലാശാലയിൽ നിശ്ചിത ക്രെഡിറ്റുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് ശേഷിക്കുന്ന ക്രെഡിറ്റുകൾ സംസ്ഥാനത്തെ മറ്റേതെങ്കിലും സർവകലാശാലയിൽ പൂർത്തിയാക്കിയാൽ മതി.

ഇന്റേണൽ മാർക്കിലെ

കുരുക്കഴിയും

ഇന്റേണൽ മാർക്ക് നൽകുന്നതിലും ഏറെ മാറ്റങ്ങൾ വരും. ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ ഇന്റേണൽ മാർക്ക് കുറഞ്ഞത് 40ശതമാനമാക്കണം. ഇന്റേണൽ പരീക്ഷ കോളേജുകളിൽ സമ്മേറ്റീവ്, ഫോർമേറ്റീവ് രീതിയിലൂടെ നടത്തണം. 40 ശതമാനം ഇന്റേണൽ അസസ്‌മെന്റിൽ 50 ശതമാനം എഴുത്തുപരീക്ഷയിലൂടെ വേണം. ഇതിൽ വിദ്യാർത്ഥികളുടെ ഉയർന്ന ചിന്താശേഷി പരിശോധിക്കുന്നതിനുള്ള ഘടകങ്ങളുണ്ടാവണം. ക്ലാസ്റൂം അറ്റന്റൻസ് മൂല്യനിർണയ മാനദണ്ഡമാക്കേണ്ടതില്ല. അതിനാൽ ക്ലാസ് ഹാജറിന് വെയിറ്റേജ് നൽകുന്ന രീതി നിറുത്തണം. ഇന്റേണൽ അസസ്‌മെന്റിന്റെ ഫലം അവസാന സെമസ്റ്റർ പരീക്ഷ ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പ് പ്രസിദ്ധീകരിക്കണം. പരാതി പരിഹരിക്കാൻ സർവകലാശാലാ തലത്തിൽ വകുപ്പ്, കോളേജ്, സർവകലാശാല എന്നിങ്ങനെ ത്രിതലസംവിധാനം വേണം.

പരീക്ഷാ നടത്തിപ്പിലുമുണ്ടാവും മാറ്റങ്ങളേറെ. പി.ജി പ്രോഗ്രാമുകളുടെ ഒന്ന്, മൂന്ന് സെമസ്റ്റർ, ബിരുദ കോഴ്സുകളിലെ ഒന്ന്, രണ്ട് സെമസ്റ്ററുകൾ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെ 1,2,5,6 സെമസ്റ്റർ പരീക്ഷകൾ എന്നിവയുടെ മൂല്യനിർണയം അതത് പരീക്ഷാ കേന്ദ്രങ്ങളിൽ തന്നെ നടത്തണം. ഇന്റേണൽ, എക്‌സ്റ്റേണൽ മാർക്കുകളിലെ വലിയ വ്യത്യാസം പരിശോധിക്കുന്നതിന് സംവിധാനം വേണം. കോഴ്സുകളുടെ ക്രെഡിറ്റ് അനുസരിച്ച് സർവകലാശാലകൾ നടത്തുന്ന സെമസ്റ്റർ എക്‌സ്റ്റേണൽ പരീക്ഷകളുടെ ദൈർഘ്യം നിശ്ചയിക്കണം. നാല് ക്രെഡിറ്റുകളും അതിനുമുകളിലുമുള്ള കോഴ്സുകൾക്ക് മൂന്ന് മണിക്കൂർ, മൂന്ന് ക്രെഡിറ്റ് കോഴ്സിന് രണ്ടരമണിക്കൂർ, രണ്ട് ക്രെഡിറ്റ് കോഴ്സിന് രണ്ട് മണിക്കൂർ, ഒരു ക്രെഡിറ്റ് കോഴ്സിന് ഒന്നരമണിക്കൂർ എന്നിങ്ങനെയാക്കണം. പ്രായോഗിക, പ്രോജക്ട് വർക്കുകളുടെ മൂല്യനിർണയത്തിന് പരീക്ഷ ഒഴിവാക്കണം. മൂല്യനിർണയവും വൈവാവോസിയും കോളേജ് നിയമിക്കുന്ന എക്സാമിനർ നടത്തി വിശദാംശങ്ങൾ സർവകലാശാലയെ അറിയിക്കണം. ഇന്റേണൽ അസസ്‌മെന്റിൽ വിജയിക്കുന്നതിന് മിനിമം മാർക്ക് വ്യവസ്ഥ വേണ്ട. അവസാന സെമസ്റ്റർ പരീക്ഷയ്ക്കും കോഴ്സുകളിലെ വിജയത്തിനും മിനിമം നിശ്ചയിക്കാം. മുൻ സെമസ്റ്റർ പരീക്ഷകൾ വിജയിച്ച്, അവസാന സെമസ്റ്റർ പരീക്ഷകളിൽ രണ്ട് പരീക്ഷകളിൽ പരാജയപ്പെടുന്നവർക്കായി പ്രത്യേക സപ്ലിമെന്ററി പരീക്ഷ നടത്താം. ഒരു വർഷം നഷ്ടപ്പെടാതിരിക്കാൻ ഇത് സഹായിക്കും. പ്രകൃതിക്ഷോഭം കാരണമല്ലാതെ പരീക്ഷകൾ മാറ്റരുത്. പരീക്ഷാകേന്ദ്രങ്ങളിൽ ഡിജിറ്റൽ നിരീക്ഷണ സംവിധാനം വേണം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൗൺസലിംഗ് സെന്റർ വേണം. എല്ലാ സർവകലാശാലകളും ഡിജിറ്റൽ ചോദ്യബാങ്കും ഓൺലൈൻ ചോദ്യപേപ്പർ കൈമാറ്റവും നടപ്പാക്കണം.

അദ്ധ്യാപകർക്കും

യുണീക്ക് ഐ.ഡി

അദ്ധ്യാപകർക്കും ആധാറുമായി ബന്ധിപ്പിച്ച് യുണീക്ക് ടീച്ചർ ഐഡി നൽകണം. ഉത്തരക്കടലാസുകളിൽ ഫാൾസ് നമ്പറിടുന്നത് അടക്കം പരമ്പരാഗത മൂല്യനിർണയരീതി മാറണം. ഇതിനു പകരം ക്യു.ആർ കോഡ്, ബാർകോഡ് എന്നിവ പതിപ്പിക്കാം. മാർക്കും ഗ്രേഡും സർവകലാശാലാ വെബ്പോർട്ടലിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യണം. മോഡറേഷൻ ഒഴിവാക്കണം. ഗ്രേസ് മാർക്കിന്റെ ഇരട്ട ആനുകൂല്യം ഒഴിവാക്കണം. എല്ലാ പരീക്ഷകളുടെയും ഫലം 30 ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കണം. സ്റ്റുഡന്റ് പോർട്ടൽ വഴി വിദ്യാർത്ഥികൾക്ക് ഉടൻ ലഭ്യമാക്കണം. പരീക്ഷാ ഓഡിറ്റിംഗ് നടപ്പാക്കണം. പ്രൊവിഷണൽ ബിരുദ സർട്ടിഫിക്കറ്റടക്കം 15 ദിവസത്തിനകം ലഭ്യമാക്കണം. 30 ദിവസത്തിനകം ബിരുദ സർട്ടിഫിക്കറ്റ് നൽകണം. റെഗുലർ പഠനം നടത്തിയ കോളേജിന്റെ പേരും രേഖപ്പെടുത്താം. സർട്ടിഫിക്കറ്രുകൾ ഡിജിലോക്കറിൽ സൂക്ഷിക്കാനാവണം. വിദ്യാർത്ഥി സേവനങ്ങൾക്കുള്ള അപേക്ഷകൾ ഓൺലൈനാക്കണം. ഓൺസ്ക്രീൻ മൂല്യനിർണയം നടപ്പാക്കണം. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചാൽ ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത പതിപ്പ് വിദ്യാർത്ഥിക്ക് നൽകണം. പരീക്ഷകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അഭിപ്രായം അറിയിക്കാം. സർവകലാശാലകളിൽ അക്കാഡമിക്, പരീക്ഷാ ഉദ്യോഗസ്ഥർക്ക് പരിശീലന കേന്ദ്രം വേണം. ഡോക്ടറൽ തീസിസിന്റെ മൂല്യനിർണയം 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം. ഇത്തരം മാറ്റങ്ങൾ നടപ്പാവുന്നതോടെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഗുണമേന്മേ ഉയരും.

TAGS: RESULTS WITHIN A MONTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.