SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.23 PM IST

മന്ത്രിസഭാ യോഗ ശേഷം മുഖ്യമന്ത്രിയെ കണ്ട് രാജി

Increase Font Size Decrease Font Size Print Page
saji

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ നിന്ന് ഇറങ്ങി മുഖ്യമന്ത്രിയെ കണ്ടതോടെയാണ് സജി ചെറിയാന്റെ രാജി സൂചന പുറത്തേക്ക് പരക്കുന്നത്. രാജി എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്ന അഭ്യൂഹം രാവിലെ മുതൽ ശക്തമായിരുന്നു. സി.പി.എം അഖിലേന്ത്യാ നേതൃത്വം തള്ളിപ്പറഞ്ഞതോടെ ഇന്നലെ വൈകിട്ടോ ഇന്ന് രാവിലെയോ രാജി സംഭവിക്കാമെന്നായിരുന്നു സൂചന. എന്നാൽ രാവിലെ എ.കെ.ജി സെന്ററിൽ സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞിറങ്ങിയ സജി,​ രാജി എന്തിന് എന്ന് ചോദിച്ചതോടെ ആശയക്കുഴപ്പമായി.

വൈകിട്ട് നാലിനായിരുന്നു മന്ത്രിസഭായോഗം. രാഷ്ട്രീയ പിരിമുറുക്കങ്ങളുടെ സൂചനകളൊന്നും മന്ത്രിസഭായോഗത്തിൽ പ്രകടമായിരുന്നില്ല. സജി ചെറിയാൻ പതിവുപോലെയെത്തി. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ എൻട്രി കേഡർ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതുൾപ്പെടെ സജിയുടെ വകുപ്പുകളിലെ രണ്ട് അജൻഡകളും യോഗം പാസാക്കി.

മന്ത്രിയുടെ വിവാദപ്രസംഗമൊന്നും ആരും ഉന്നയിച്ചില്ല. മന്ത്രിമാരിൽ പലരും രാജിതീരുമാനം അറിഞ്ഞത് പിന്നീടാണ്. മന്ത്രിസഭായോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് സജി ചെറിയാൻ മുഖ്യമന്ത്രിയുടെ ചേംബറിൽ എത്തിയത്. ഈ കൂടിക്കാഴ്‌ചയിലാണ് വാർത്താസമ്മേളനം വിളിച്ച് രാജിതീരുമാനം അറിയിക്കാനുള്ള തീരുമാനവുമുണ്ടായത്. അതിനിടെ മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവരും സജി ചെറിയാനും തമ്മിലും ആശയവിനിമയമുണ്ടായി.

എട്ടാം നമ്പർ കാർ വിട്ടു, കവടിയാർ വസതി ഒഴിയും

തിരുവനന്തപുരം: രാവിലെ കവടിയാർ ഹൗസിൽ നിന്നും സജി ചെറിയാൻ നിയമസഭയിലേക്ക് പുറപ്പെട്ടത് എട്ടാം നമ്പർ ഔദ്യോഗിക കാറിൽ. വൈകിട്ട് ആറോടെ തിരിച്ചെത്തിയത് മറ്റൊരു കാറിലും. സെക്രട്ടേറിയറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രിപദവി രാജി വച്ചതായി അറിയിച്ച ശേഷം ഔദ്യോഗിക കാർ ഉപേക്ഷിച്ചാണ് സജി മടങ്ങിയത്. വൈകാതെ ഔദ്യോഗിക വസതിയും ഒഴിയും. മല്ലപ്പള്ളിയിൽ ഭരണഘടനയെ അവഹേളിച്ച് നടത്തിയ പ്രസംഗം വിവാദമായത് ചൊവ്വാഴ്ചയായിരുന്നു. അന്ന് നിയമസഭയിലായിരുന്ന സജി ചെറിയാനെ അവിടത്തെ ഓഫീസിലേക്ക് മുഖ്യമന്ത്രി വിളിച്ചു വരുത്തിയിരുന്നു. വൈകിട്ട് ധനാഭ്യർത്ഥനയ്ക്കു മറുപടി പറയനായി സജി ചെറിയാൻ എണീറ്റപ്പോൾ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം ഒന്നടങ്കം എണീക്കുകയും മന്ത്രി സ്ഥാനത്ത് സജി ചെറിയാൻ തുടരാൻ പാടില്ലെന്നു പറ‌ഞ്ഞ് ഇറങ്ങി പോവുകയും ചെയ്തു. തുടർന്ന് തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്ന് വിശദീരിച്ച സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ച ശേഷമാണ് ധനാഭ്യർത്ഥനയ്ക്ക് മറുപടി പറഞ്ഞത്. ഇന്നലെ നിയമസഭ ചേർന്നപ്പോൾ തന്നെ പ്രഷുബ്ധമായി. എട്ടു മിനുട്ടിൽ സഭ പിരിഞ്ഞപ്പോൾ സജി ചെറിയാൻ നേരെ പോയത് സെക്രട്ടേറിയറ്റിലെ ഓഫീസിലേക്കായിരുന്നു. അവിടെ നിന്ന് അവെയ്‌ലബിൾ സെക്രട്ടേറിയറ്റ് യോഗം നടക്കുന്ന എ.കെ.ജി സെന്ററിലേക്കും. വീണ്ടും സെക്രട്ടേറിയറ്റിലേക്ക് എത്തിയ സജി ചെറിയാൻ ഫിഷറീസ്,​ സാസ്കാരിക വകുപ്പുകളുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ച ശേഷമാണ് മന്ത്രിസഭാ യോഗത്തിനെത്തിയത്.

ചെറിയാന്റെ ടോയ്‌ലെറ്റിന് 4.10 ലക്ഷം

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ സെക്രട്ടേറിയറ്റിലെ ഓഫീസിൽ പുതിയ ടോയ്ലെറ്റ് നിർമ്മിക്കാൻ 4.10ലക്ഷം രൂപ അനുവദിച്ചത് വൻ വിവാദമായിരുന്നു. ലൈഫ് പദ്ധതിയിൽ പാവപ്പെട്ടവന് നാലു ലക്ഷം രൂപ നൽകി അതുകൊണ്ട് വീട് വയ്ക്കണമെന്ന് പറയുന്ന സർക്കാരാണ് ഇതും ചെയ്തത്. സെക്രട്ടേറിയറ്റിന്റെ ഒന്നാം അനക്സിലായിരുന്നു സജി ചെറിയാന്റെ ഓഫീസ്. തന്റെ ഓഫീസിൽ ടോയ്‌ലെറ്റ് ഇല്ലായിരുന്നെന്നും എത്ര രൂപയാണ് ശുചിമുറി പണിയുന്നതിനായി അനുവദിച്ചതെന്നും ശ്രദ്ധിച്ചിട്ടില്ലെന്നുമായിരുന്നു ചെറിയാന്റെ പ്രതികരണം. സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം നട്ടം തിരിയവേയാണ് അത്യാധുനിക ടോയ്ലെറ്റ് നിർമ്മിക്കാൻ ഭരണാനുമതി നൽകിയത്.

TAGS: SAJI CHERIAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY