SignIn
Kerala Kaumudi Online
Friday, 24 April 2026 4.13 PM IST

സിപിഎം കൗൺസിലർമാർ ആയാലും മേയർ തീരുമാനിക്കും ആര് എന്ത് അറിയണമെന്ന്: ആര്യ രാജേന്ദ്രന് ഏകാധിപത്യമെന്ന് പരാതി, അംഗീകാരം ഒറ്റയ്‌ക്കടിക്കാനുള്ള പദ്ധതിയെന്നും ആക്ഷേപം

Increase Font Size Decrease Font Size Print Page
arya-rajendran

തിരുവനന്തപുരം: സ്വന്തം മുന്നണിയിലെ കൗൺസിലർമാരെ പോലും നഗരസഭയിലെ സംഭവവികാസങ്ങൾ മേയർ അറിയിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. ഇതുകൂടാതെ എൽ.ഡി.എഫ് യോഗത്തിൽ പോലും സംഭവങ്ങൾ ചർച്ച ചെയ്യാത്തതിന്റെ അതൃപ്തി പല അംഗങ്ങളും രേഖപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് നഗരസഭയിലെ കെട്ടിട നമ്പർ തട്ടിപ്പ് സംഭവം.

കേശവദാസപുരത്ത് സ്ഥിരീകരിച്ച നഗരസഭയിലെ ആദ്യത്തെ കെട്ടിടനമ്പർ തട്ടിപ്പ് മേയറും സെക്രട്ടറിയും സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരിൽ ചിലരും മാത്രമാണ് അറിഞ്ഞത്. കേരളകൗമുദി പുറത്തുകൊണ്ടുവന്ന കുന്നുകുഴിയിലെ കെട്ടിട നമ്പർ തട്ടിപ്പ് മേയറും ഭരണനേതൃത്വത്തിലുള്ള ചിലരും രണ്ട് ഉദ്യോഗസ്ഥരും മാത്രമേ അറിഞ്ഞിരുന്നുള്ളൂ. തട്ടിപ്പ് സ്ഥിരീകരിച്ച ശേഷം കൂടിയ എൽ.ഡി.എഫ് യോഗത്തിലും സി.പി.എം കൗൺസിലർമാരുടെ യോഗത്തിലും മേയറും മറ്റുള്ളവരും ഇത് ചർച്ചയാക്കിയില്ല. കൗൺസിലർമാരും മറ്റും അറിഞ്ഞാൽ സംഭവം ചോർന്നുപോകും എന്നതുകൊണ്ടാണ് മേയർ കാര്യങ്ങൾ വെളിപ്പെടുത്താത്തതെന്നാണ് സൂചന. എന്നാൽ ഇതിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരിൽ ചിലരെ മാത്രമാണ് മേയർ കാര്യങ്ങളെല്ലാം അറിയിച്ച് തുടർനടപടികളിലേക്ക് കടക്കുന്നത്. നിലവിൽ പുറത്തുവന്ന പട്ടികജാതി ഫണ്ട് തട്ടിപ്പ് കേസിലെ നടപടികളും മറ്റും മേയർ ചർച്ച ചെയ്തിട്ടില്ല.

മുന്നണിയിൽ അതൃപ്തി

കാര്യങ്ങൾ തങ്ങളെ അറിയിക്കാതെ മേയർ ചെയ്യുന്നതിൽ പല കൗൺസിലർമാർക്കും അതൃപ്തിയുണ്ട്. അംഗീകാരം ഒറ്റയ്ക്ക് പങ്കിടാൻ വേണ്ടിയുള്ള രീതിയിലാണ് ഇപ്പോഴത്തെ കാര്യങ്ങളെന്നും വിമർശനമുണ്ട്. പല കാര്യങ്ങളും തീരുമാനവും മാദ്ധ്യമങ്ങളിലൂടെയും മറ്റുമാണ് കൗൺസിലർമാർ അറിയുന്നത്. മുന്നണിയിലുള്ള പ്രധാന ഘടകകക്ഷിയായ സി.പി.ഐക്ക് പോലും ഇക്കാര്യത്തിൽ വിമർശനമുണ്ട്. എന്നാൽ അവർ മുന്നണി മര്യാദ പാലിച്ച് പരസ്യ വിമർശനത്തിന് മുതിരുന്നില്ല.

ഏകാധിപത്യമോ

നഗരസഭയിലെ സുപ്രധാന തീരുമാനങ്ങളെല്ലാം മേയറും ഭരണനേതൃത്വത്തിലെ ചിലരുമാണ് എടുക്കന്നത്. എല്ലാ തീരുമാനങ്ങളും കൗൺസിലർമാരെ അറിയിക്കണമെന്ന് ചട്ടമില്ല. എന്നാൽ തീരുമാനം എടുത്തുകഴിഞ്ഞ് കൗൺസിലർമാരെ അറിയിക്കാനുള്ള ഉത്തരവാദിത്വം മേയർക്കുണ്ട്. എന്നാൽ അത് നഗരസഭയിൽ കുറേക്കാലമായി നടക്കുന്നില്ല. പ്രശ്നം വഷളാകുന്ന സാഹചര്യത്തിൽ മുന്നണി അടിസ്ഥാനത്തിൽ വിഷയങ്ങളുന്നയിക്കാനുള്ള തയ്യാറെടുപ്പിലാണ് പല കൗൺസിലർമാരും.

TAGS: THIRUVANANTHAPURAM CORPORATION, ARYA RAJENDRAN, MAYOR, CPIM, CPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ