SignIn
Kerala Kaumudi Online
Friday, 19 April 2024 10.49 AM IST

സ്റ്റേറ്റ് സെക്യൂരിറ്റി കമ്മിഷൻ ശക്തിപ്പെടുത്തുന്നു - പൊലീസിന് കടിഞ്ഞാൺ

police

അവസാന ആശ്രയമെന്ന നിലയിൽ പൊലീസ് സ്റ്റേഷനുകളിലെത്തുന്ന സാധാരണക്കാരെ തെറിവിളിച്ചും പരാതികൾ അവഗണിച്ചും കേരളത്തിന് നാണക്കേടുണ്ടാക്കുന്ന പൊലീസിന് കടിഞ്ഞാണിടാൻ, ഉന്നതാധികാര സമിതിയായ സംസ്ഥാന സുരക്ഷാ കമ്മിഷനെ (സ്റ്റേറ്റ് സെക്യൂരിറ്റി കമ്മിഷൻ) ശക്തിപ്പെടുത്താനൊരുങ്ങി സർക്കാർ. കമ്മിഷൻ പുന:സംഘടിപ്പിച്ച സർക്കാർ, ആറുമാസത്തിലൊരിക്കൽ കമ്മിഷൻ യോഗം ചേർന്ന് പൊലീസിന്റെ പ്രവർത്തനങ്ങളെല്ലാം വിലയിരുത്താൻ നിർദ്ദേശിച്ചിരിക്കുകയാണ്. പൊലീസിന്റെ അധികാര ദുർവിനിയോഗവും നിയമവിരുദ്ധ നടപടികളുമടക്കം പരിശോധിക്കാനും സേനയുടെ പ്രവർത്തനത്തിന് മാനദണ്ഡം നിശ്ചയിക്കാനുമടക്കം വിപുലമായ അധികാരങ്ങളുള്ളതാണ് കമ്മിഷൻ. പെരുമാറ്റം മാന്യവും മാതൃകാപരവുമായിരിക്കണമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ പലവട്ടം താക്കീത് നൽകിയിട്ടും കാക്കിയുടെ ബലത്തിലുള്ള കൈക്കരുത്ത് കാട്ടൽ പൊലീസ് തുടരുകയാണ്. ഇത് തടഞ്ഞ് കാക്കിപ്പടയ്ക്ക് കടിഞ്ഞാണിടാനാണ് സർക്കാരിന്റെ നീക്കം. ജനങ്ങളോട് മാന്യമായി പെരുമാറിയില്ലെങ്കിലും അതിരുവിട്ട നടപടികളുണ്ടായാലും പൊലീസിന് സെക്യൂരിറ്റി കമ്മിഷനോട് സമാധാനം പറയേണ്ടിവരും. സുപ്രീംകോടതി ഉത്തരവുപ്രകാരം സുരക്ഷാകമ്മിഷന്റെ ഉപദേശമനുസരിച്ചേ പൊലീസിന്റെ ഭരണകാര്യങ്ങളിൽ തീരുമാനമെടുക്കാനാവൂ.

സുപ്രീംകോടതി ഉത്തരവുപ്രകാരം 2011ൽ കമ്മിഷൻ രൂപീകരിച്ചെങ്കിലും ഇതുവരെ നിർജീവമായിരുന്നു. മാറിമാറി വന്ന സർക്കാരുകളൊന്നും സെക്യൂരിറ്റി കമ്മിഷനെ ശക്തിപ്പെടുത്താനുള്ള നടപടികളെടുത്തില്ല. അന്നുമുതൽ ഇതുവരെ മൂന്നുവട്ടമേ യോഗം ചേർന്നിട്ടുള്ളൂ. ഇതിന് പരിഹാരമെന്നോണം മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, മുൻ ചീഫ്സെക്രട്ടറി ലിസി ജേക്കബ്, പ്രോസിക്യൂഷൻ ഡയറക്ടർ ജനറലായിരുന്ന മഞ്ചേരി ശ്രീധരൻനായർ എന്നിവരെ സ്വതന്ത്രഅംഗങ്ങളാക്കി കമ്മിഷൻ പുന:സംഘടിപ്പിച്ച് വിജ്ഞാപനമിറക്കിയിരിക്കുകയാണ് സർക്കാർ.

പൊലീസിന്റെ എല്ലാ മേഖലകളിലുമുള്ള പ്രവർത്തനങ്ങൾ വിലയിരുത്താൻ കമ്മിഷൻ സ്ഥിരമായി യോഗം ചേരണമെന്നാണ് സർക്കാർ നിർദ്ദേശം.

പൊലീസിന്റെ ക്രമസമാധാന പാലനം, ഭരണനിർവഹണം, മനുഷ്യാവകാശം, നിയമം, സാമൂഹ്യസേവനം, കുറ്റകൃത്യങ്ങൾ കുറയ്ക്കൽ അടക്കം സകല പ്രവർത്തനങ്ങളിലും ഇടപെടാനും തിരുത്തൽ വരുത്താനും അധികാരമുള കമ്മിഷന്റെ അദ്ധ്യക്ഷൻ മുഖ്യമന്ത്രിയാണ്. ഹൈക്കോടതി ചീഫ്ജസ്റ്റിസിന്റെ പ്രതിനിധിയായ വിരമിച്ച ജഡ്ജി, ഗവർണർ നാമനിർദ്ദേശം ചെയ്യുന്ന മൂന്ന് അംഗങ്ങളുമുണ്ട്. കമ്മിഷന്റെ നിർദ്ദേശങ്ങൾ അനുസരിക്കാൻ പൊലീസിന് ബാധ്യസ്ഥരാണ്. കമ്മിഷൻ ശക്തമാവുന്നതോടെ, ലോക്കപ്പ് മർദ്ദനവും അനധികൃത കസ്റ്റഡിയുമടക്കമുള്ള പൊലീസിന്റെ മനുഷ്യാവകാശലംഘനം കുറയുമെന്നാണ് വിലയിരുത്തൽ.

പൊലീസ് മേധാവിയെ നിശ്ചയിക്കുന്നതും ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതുമെല്ലാം കമ്മിഷന്റെ സമ്മതത്തോടെയാവണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. നിയമ മന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊലീസ് മേധാവി, ഭരണനിർവഹണത്തിലോ നിയമത്തിലോ അടക്കം പരിചയമുള്ള മൂന്നുപേർ എന്നിവരാണ് സെക്യൂരിറ്റി കമ്മിഷനിലുള്ളത്. പൊലീസ് മേധാവിയാണ് കമ്മിഷൻ സെക്രട്ടറി.

സെക്യൂരിറ്റി കമ്മിഷനുള്ളത് വമ്പൻ അധികാരങ്ങളാണ്. പ്രധാനപ്പെട്ടത് ഇവയാണ്:- പൊലീസിന്റെ പ്രവർത്തനത്തിന് പൊതുവും നയപരവുമായ മാനദണ്ഡം നിശ്ചയിക്കാം. കുറ്റകൃത്യ നിവാരണത്തിന് നിർദ്ദേശം നൽകാം, പൊലീസ് നവീകരണം നിശ്ചയിക്കാം. ഒരുവർഷത്തെ പ്രവർത്തനം വിലയിരുത്തി വരുംവർഷത്തേക്ക് നിർദ്ദേശങ്ങൾ നൽകാം. സേനയുടെ അംഗബലം കൂട്ടാം, പുതിയ വിഭാഗങ്ങൾ രൂപീകരിക്കാം. കേസുകൾ രജിസ്റ്റർ ചെയ്യാതിരിക്കുന്നതും ക്രമസമാധാനം ഭദ്രമാണെന്നു കാട്ടാൻ കേസുകളുടെ എണ്ണം കുറച്ചുകാട്ടുന്നതും തടയാം. സേനയിലെ മനുഷ്യശേഷി വിനിയോഗം, വിഭവവിനിയോഗം എന്നിവ തീരുമാനിക്കാം. പൊലീസിന്റെ കർത്തവ്യ നിർവഹണത്തിന്റെ നിലവാരം നിശ്ചയിക്കാം. ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാം. എന്നാൽ ഈ സെക്യൂരിറ്റി കമ്മിഷന് ചില പോരായാമകളുമുണ്ട്. കമ്മിഷന്റെ ഏത് ശുപാർശയും സർക്കാരിന് പൂർണമായോ ഭാഗികമായോ നിരസിക്കുകയോ രൂപഭേദം വരുത്തുകയോ ചെയ്യാമെന്നതാണ് ആദ്യത്തേത്. ജനങ്ങളിൽ നിന്ന് കമ്മിഷൻ പരാതി സ്വീകരിക്കില്ല. എന്നാൽ മാദ്ധ്യമറിപ്പോർട്ടുകളടക്കം പരിഗണിച്ച് പൊലീസിനെ വിലയിരുത്താമെന്നത് രണ്ടാമത്തേത്.

നോക്കുകുത്തിയാവാനല്ല

സുരക്ഷാ കമ്മിഷൻ

ക്രമസമാധാനം, പൊലീസ് നവീകരണം, കുറ്റാന്വേഷണം, പർച്ചേസ്, അടക്കം പൊലീസിന്റെ മുഴുവൻ നടപടികളും വിലയിരുത്തുകയും തിരുത്തുകയും ചെയ്യാൻ അധികാരമുള്ള സ്റ്റേറ്റ്സുരക്ഷാ കമ്മിഷൻ നോക്കുകുത്തിയാവാനുള്ള സമിതിയല്ല. 2011ലെ സംസ്ഥാന പൊലീസ് ആക്ടിന്റെ ഭാഗമായി നിലവിൽ വന്ന കമ്മിഷന്റെ ഉപദേശ പ്രകാരം മാത്രമേ പൊലീസിന്റെ ഭരണ കാര്യങ്ങളിൽ തീരുമാനമെടുക്കാവൂ. അതേസമയം, സുപ്രീംകോടതി നിർദേശിച്ച പല കാര്യങ്ങളും ഒഴിവാക്കി വിധിയുടെ അന്തസത്ത നഷ്ടപ്പെടുത്തിയാണു സംസ്ഥാനം നിയമം ഉണ്ടാക്കിയതെന്ന ആക്ഷേപവുമുണ്ട്. 1980ൽ ധരംവീർ അദ്ധ്യക്ഷനായ നാഷനൽ പൊലീസ് കമ്മിഷന്റെ (എൻപിസി) അന്തിമ റിപ്പോർട്ടിൽ അമിതമായ രാഷ്ട്രീയ ഇടപെടൽ തടഞ്ഞ് പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ വഴിയൊരുക്കുന്ന സെക്യൂരിറ്റി കമ്മിഷൻ രൂപീകരിക്കാൻ ശുപാർശയുണ്ടായിരുന്നു. സംസ്ഥാന പൊലീസ് മേധാവിയെ നിയമിക്കുന്നതിനും പൊലീസിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനും ഈ കമ്മിഷന് അധികാരം നൽകണമെന്നും എൻ.പി.സി ശുപാർശ ചെയ്തിരുന്നു.

ഉദ്യോഗസ്ഥർക്കു പുറമേ, മുഖ്യമന്ത്രി അല്ലെങ്കിൽ ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി പ്രതിനിധി എന്നിവരായിരിക്കണം കമ്മിഷൻ അംഗങ്ങളെന്നും നിർദേശിച്ചു. പൊലീസിനെ ഭരണകക്ഷി നിയന്ത്റിക്കരുതെന്ന ഉദ്ദേശ്യമായിരുന്നു ഈ ശുപാർശയ്ക്കു പിന്നിൽ. കേന്ദ്രസർക്കാർ ഈ ശുപാർശ പൂഴ്‌ത്തിവച്ചു. 1996ൽ ഉത്തർപ്രദേശിലെ മുൻ ഡിജിപിയായ പ്രകാശ് സിംഗ് സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന് 2006ൽ ചരിത്ര പ്രധാനമായ വിധിയുണ്ടായി. പൊലീസ് സേനയുടെ നവീകരണത്തിനു വേണ്ട നിർദേശങ്ങൾ അടങ്ങിയ ഈ വിധി അടിസ്ഥാനമാക്കിയത് എൻപിസിയുടെ ശുപാർശകളെയായിരുന്നു. എന്നിട്ടും സംസ്ഥാന സർക്കാരുകൾ സുപ്രീംകോടതി ഉത്തരവ് അവഗണിച്ചു. മുഖ്യമന്ത്റിയായിരുന്ന എ.കെ. ആന്റണി 2001ൽ പൊലീസിന്റെ ജോലിയിൽ ഭരണകക്ഷി എംഎൽഎമാർ ഇടപെടരുതെന്ന് ഉത്തരവിട്ടു. എന്നാൽ, സംസ്ഥാന സുരക്ഷാ കമ്മിഷനോ പൊലീസ് കംപ്ലെയ്ന്റ്സ് അതോറി​റ്റിയോ രൂപീകരിച്ചില്ല. ആന്റണി രൂപീകരിച്ച ജസ്​റ്റിസ് കെ.ടി. തോമസ് കമ്മിഷൻ എൻപിസി ശുപാർശകളെ അടിസ്ഥാനപ്പെടുത്തി മുന്നോട്ടുവച്ച നിർദേശങ്ങളിൽനിന്നാണു 2011ൽ പുതിയ കേരള പൊലീസ് ആക്ട് നിലവിൽ വന്നത്. പിന്നീടും സംസ്ഥാന സുരക്ഷാ കമ്മിഷനെ ശക്തിപ്പെടുത്താൻ സർക്കാരുകൾ ശ്രമിച്ചില്ല. 2011 നവംബർ 28 മുതൽ അഞ്ചു വർഷം രണ്ടുവട്ടം മാത്രമാണ് കമ്മിഷൻ യോഗം ചേർന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഒരുവട്ടമേ യോഗം ചേർന്നുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STATE SECURITY COMMISSION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.