SignIn
Kerala Kaumudi Online
Tuesday, 06 December 2022 5.24 PM IST

ചൈനയുടെ ഇരട്ടത്താപ്പ്

-xi-jinping

ഭീകരാക്രമണത്തിന്റെ തിക്തമായ മുറിപ്പാടുകൾ ഏറ്റുവാങ്ങിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മുംബയ് ഭീകരാക്രമണത്തിൽ ഇരുനൂറോളം നിരപരാധികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പുൽവാമയിൽ നാല്പത്തിരണ്ട് സി.ആർ.പി ഭടന്മാരാണ് ബോംബ് സ്ഫോടനത്തിൽ വീരമൃത്യു വരിച്ചത്. അതിർത്തിയിലും ജമ്മുവിലും പട്ടാളക്യാമ്പുകളിലും മറ്റും നിരവധി തവണ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ പ്രഖ്യാപിത ലക്ഷ്യം തന്നെ ഇന്ത്യയിൽ ഭീകരാക്രമണങ്ങളും വിഘടന പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുക എന്നതാണ്. അന്താരാഷ്ട്ര വേദികളിൽ ഇതിനെതിരെ ഇന്ത്യ ശബ്ദമുയർത്തുമ്പോൾ ഭീകരരെ അമർച്ച ചെയ്യാൻ എല്ലാവരും ഒന്നിക്കണമെന്ന് ലോകത്തെ പ്രധാന രാജ്യങ്ങളെല്ലാം ഏകസ്വരത്തിൽ പറയും. എന്നാൽ പ്രായോഗികതലത്തിൽ വരുമ്പോൾ ചില പ്രമുഖരാജ്യങ്ങൾ തന്നെ ഭീകരരെ സഹായിക്കുന്ന നിലപാടുകളാണ് എടുക്കാറുള്ളത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം യു.എൻ രക്ഷാസമിതിയിൽ ചൈനയുടെ നിലപാടിൽനിന്ന് വ്യക്തമായത്.

പാക് ഭീകര സംഘടനയായ ജയ്‌‌ഷെ മുഹമ്മദിന്റെ ഡെപ്യൂട്ടി ചീഫും ജെയ്‌‌ഷെ മേധാവി മസൂദ് അസ്‌ഹറിന്റെ സഹോദരനുമായ അബ്ദുൾ റൗഫ് അസ്‌ഹറിനെ ആഗോള ഭീകരപട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെയും അമേരിക്കയുടെയും സംയുക്ത ആവശ്യം രക്ഷാസമിതിയിൽ ചൈന തടയുകയുണ്ടായി. ഈ നിർദ്ദേശം വിലയിരുത്താൻ കൂടുതൽസമയം വേണമെന്ന മുട്ടാപ്പോക്ക് ന്യായം പറഞ്ഞാണ് ചൈന എതിർത്തത്. ചൈനയുടെ ഈ നടപടിയെ രാഷ്ട്രീയ അടവെന്ന് കുറ്റപ്പെടുത്തിയ ഇന്ത്യ ഇരട്ടത്താപ്പാണെന്നും വിമർശിച്ചു. 1999-ൽ ഇന്ത്യയിൽ നിന്നുള്ള ഐ.സി - 814 വിമാനം ഹൈജാക്ക് ചെയ്ത് അഫ്ഗാനിസ്ഥാനിലിറക്കി ഇന്ത്യയുമായി വിലപേശി, വിമാനയാത്രക്കാർക്ക് പകരമായി തന്റെ സഹോദരൻ മസൂദ് അസ്‌ഹറിനെ ഇന്ത്യയിലെ ജയിലിൽനിന്നും മോചിപ്പിച്ച ഭീകരനാണ് റൗഫ്. ഇതുകൂടാതെ പാർലമെന്റ് ആക്രമണത്തിന് പിന്നിലും ഇയാൾക്ക് പങ്കുണ്ടായിരുന്നു. പുൽവാമയിലും പത്താൻകോട്ടും നടന്ന ആക്രമണങ്ങൾക്ക് പിന്നിലും ഇയാളുടെ കരങ്ങൾ പ്രവർത്തിച്ചിരുന്നു എന്നതിന്റെ തെളിവുകൾ സഹിതമാണ് ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയുടെ സമിതിയെ സമീപിച്ചത്. ഭീകരനെന്ന് കണ്ട് പാകിസ്ഥാൻ ഇയാളെ 2019-ൽ അറസ്റ്റ് ചെയ്‌ത് ശിക്ഷിച്ചു. ഇപ്പോൾ ഈ ഭീകരൻ എവിടെയാണെന്നതിന് വ്യക്തമായ സ്ഥിരീകരണമില്ല. ഇത്രയും കുപ്രസിദ്ധനായ ഒരു ഭീകരനെ ആഗോള ഭീകരപട്ടികയിൽ ഉൾപ്പെടുത്തുന്നതിന് കൂടുതൽ പഠിക്കാനുണ്ടെന്ന് ചൈന പറഞ്ഞത് ഭീകരരെ തുണയ്ക്കുന്ന ആ രാജ്യത്തിന്റെ സമീപനത്തിന് ഒന്നാന്തരം തെളിവാണ്.

ലഷ്‌കർ ഇ തെയ്‌ബയുടെ ഡെപ്യൂട്ടി ചീഫ് അബ്ദുൾ റഹ്‌മാൻ മക്കിയെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതും രണ്ടുമാസം മുമ്പ് ചൈന ഇതുപോലെ തടഞ്ഞിരുന്നു. ചൈനയുടെ ഈ നിലപാട് ഇന്ത്യയും ആ രാജ്യവും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാനേ ഇടയാക്കൂ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾക്കിടെ കഴിഞ്ഞ ദിവസം ജമ്മുകാശ്മീരിലെ സൈനിക ക്യാമ്പിൽ ലഷ്‌കർ ഭീകരർ നടത്തിയ ചാവേറാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു വരിക്കേണ്ടിവന്നു. ഇന്ത്യയ്ക്കെതിരെ പാകിസ്ഥാനെ പോലെ ചൈനയും ഭീകരരെ ഇളക്കിവിടുന്നതിൽ പങ്കുവഹിച്ചുകൊണ്ടിരിക്കുകയാണെന്ന് സംശയിക്കാനിടയാക്കുന്നു ഈ സംഭവം. ഭീകരർക്ക് താവളം പ്രദാനം ചെയ്യുന്ന ഏതു രാജ്യവും അതിന്റെ തിക്തഫലം അനുഭവിച്ചിട്ടുണ്ടെന്ന ചരിത്രപാഠം ചൈന കാണാതിരിക്കരുത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CHINAS DOUBLE STAND
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.