SignIn
Kerala Kaumudi Online
Saturday, 01 October 2022 4.21 AM IST

തെങ്ങിൻതോപ്പുകളിലൂടെ വ്യാപകമായി അവരത് കേരളത്തിൽ എത്തിക്കുന്നു, ഓണത്തിന് മലയാളി ഉണ്ണാൻ പോകുന്നത് തമിഴ്‌നാട്ടുകാർ ചോറിന് ഉപയോഗിക്കാത്ത അരി

rice

ഗോവിന്ദാപുരം മുതൽ വാളയാർ വരെയും അവിടെനിന്ന് ആനക്കട്ടിവരെയും നീളുന്ന സംസ്ഥാനാതിർത്തി കള്ളക്കടത്തിന് പണ്ടേ പ്രസിദ്ധമാണ്. കോഴിയും സ്പിരിറ്റുമായിരുന്നു ആദ്യകാലങ്ങളിൽ അതിർത്തിവഴി കേരളത്തിലേക്ക് എത്തിയിരുന്നതെങ്കിൽ ഇപ്പോഴത് റേഷൻ അരി വരെയായി. തമിഴ്നാട്ടിൽ സൗജന്യമായും ഒരു രൂപയ്ക്കും മറ്റും കിട്ടുന്ന അരി അതിർത്തി കടത്തി പോളിഷ് ചെയ്ത് ഉയർന്ന വിലയ്ക്ക് വിൽക്കുന്ന മാഫിയകൾ ഇരുസംസ്ഥാനങ്ങളിലും സജീവമാണ്.

കോഴിക്കടത്തിലൂടെ ലക്ഷങ്ങൾ സമ്പാദിച്ച നിരവധിയാളുകളുണ്ട് സംസ്ഥാന അതിർത്തിയിൽ. ഏജന്റുമാരായും വഴികാട്ടികളായും കമ്മിഷൻ വാങ്ങി അതിർത്തിയിലെ തെങ്ങിൻതോപ്പിലൂടെ വണ്ടി കടത്തിവിട്ടുമാണ് ഇവർ ലക്ഷങ്ങൾ കീശയിലാക്കിയത്. ഇതേ വഴികളിലൂടെ തന്നെയാണ് സ്പിരിറ്റ് കടത്ത് തുടർന്നുകൊണ്ടിരിക്കുന്നതും. ഇപ്പോഴത് അരി കടത്തലിലേക്ക് വ്യാപിച്ചിരിക്കുകയാണ്.

പാലക്കാട്ടെയും പൊള്ളാച്ചി, കോയമ്പത്തൂർ, തിരുപ്പൂർ എന്നിവിടങ്ങളിലെയും അതിർത്തി ഭാഗങ്ങളിലുള്ളവരുടെ വരുമാനമാർഗമാണ് ഈ അനധികൃത അരിക്കടത്ത്. മേയ് ജൂൺ മാസങ്ങളിൽ കേരളത്തിലേക്ക് അരി കടത്താൻ ശ്രമിച്ചതിന് തമിഴ്നാട്ടിൽ മാത്രം 2853 കേസുകളാണ് രജിസ്റ്റ‌ർ ചെയ്തിരിക്കുന്നത്. അരികടത്താൻ ഉപയോഗിച്ച 901 വണ്ടികളും പിടികൂടി. 50 ദിവസംകൊണ്ട് 2853 കേസുകളെന്ന് പറയുമ്പോൾ ദിവസം ശരാശരി 57 കേസുകൾ. ചെക്ക്‌പോസ്റ്റുകളെയും അധികൃതരെയും വെട്ടിച്ച് രാപകലില്ലാതെ കടത്തുന്ന അരിയുടെ പകുതിപോലും പിടിക്കപ്പെടുന്നില്ലെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു.

രണ്ടാഴ്ചയ്ക്കിടെ എത്തിയത് 22,663 കിലോ അരി

ഓണക്കാലം ലക്ഷ്യമിട്ട് കേരളത്തിലേക്ക് തമിഴ്നാട് റേഷനരിയുടെ ഒഴുക്കാണ്. രണ്ടാഴ്ചയ്ക്കിടെ അതിർത്തികടന്ന് കേരളത്തിലെത്തിയത് 22,663 കിലോ അരി. സിവിൽസപ്ലൈസ് വകുപ്പ് ജൂലായ് 27 മുതൽ നടത്തുന്ന പ്രത്യേക പരിശോധനയിലാണ് ഇത്രയും അരി പിടിച്ചെടുത്തത്.

ചെക്‌പോസ്റ്റുകളിലൂടെയും ഊടുവഴികളിലൂടെയുമെല്ലാം ഇരുചക്രവാഹനങ്ങൾ മുതൽ ടിപ്പർവരെ അരിക്കടത്തിന് ഉപയോഗിക്കുന്നു. കൊവിഡിനുശേഷം സർവീസുകൾ പഴയനിലയിലായ തീവണ്ടികളിലൂടെയും കടത്ത് സജീവമാണ്. അരി ഇവിടെയെത്തിച്ച് പോളിഷ് ചെയ്താണ് വില്പന. വിവിധ ബ്രാൻഡ് നാമങ്ങളിൽ സംസ്ഥാനത്തെ വിപണിയിലെത്തിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു.

കിലോയ്ക്ക് ഒരു രൂപയ്ക്ക് തമിഴ്നാട്ടിൽ നിന്നുവാങ്ങുന്ന അരി ഇവിടെ 30 - 35 രൂപവരെ വിലയ്ക്കാണ് വിറ്റുപോവുന്നത്. ഈ കൊള്ളലാഭം ലക്ഷ്യമിട്ടാണ് ഇടനിലക്കാരുടെ കടത്ത്. സിവിൽസപ്ലൈസ് മന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം ജില്ലാതാലൂക്ക് സപ്ലൈ ഓഫീസറുടെകീഴിൽ പ്രത്യേകസംഘത്തെ നിയോഗിച്ചാണ് അന്വേഷണം നടത്തുന്നത്.

അരിയായും പൊടിയായും വിപണിയിലേക്ക്

തമിഴ്നാട്ടിൽ നിന്നും അതിർത്തി ചെക്ക്‌പോസ്റ്റിലൂടെ കേരളത്തിലേക്ക് റേഷനരി കടത്തുന്നത് തടയാൻ ഇരുസംസ്ഥാനങ്ങളും സംയുക്തമായി പരിശോധന തുടരുകയാണ്. ഇതിനിടയിലും റേഷനരി കടത്ത് വൻതോതിൽ തുടരുന്നുണ്ട്. തമിഴ്നാട്ടിൽ ഒരു റേഷൻ കാർഡുടമയ്ക്ക് 15 കിലോ വരെ അരിയാണ് ഒരു രൂപ നിരക്കിൽ മാസംതോറും നൽകുന്നത്. ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ട് തമിഴ്നാട് സർക്കാർ നടപ്പാക്കുന്ന പദ്ധതികൊണ്ട് ലക്ഷങ്ങൾ കൊയ്യുന്നത് തമിഴ്നാട്ടിലെയും കേരളത്തിലെയും കരിഞ്ചന്തക്കാരാണ്. പൊള്ളാച്ചിയിലെ അരിമില്ലുകൾ കേന്ദ്രീകരിച്ചാണ് തമിഴ്നാട് റേഷനരി അരിയായും പൊടിയായും അതിർത്തികടന്ന് കേരളത്തിലെത്തുന്നത്. അരി കടത്ത് സംഘത്തിന് കേരളത്തിലും സുരക്ഷിത താവളങ്ങളുണ്ട്.

റേഷനരികടത്ത് സംഘങ്ങളുടെ സുരക്ഷിത താവളങ്ങളിലൊന്നാണ് വാളയാറാണ്. ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് മുഖ്യധാരാ രാഷ്ട്രീയ പാർടികളുടെ പ്രാദേശിക നേതാക്കളാണ്. എത്ര ക്വിന്റൽ അരിവേണമെങ്കിലും സുരക്ഷിതമായി പാലക്കാട് ജില്ല കടത്തിത്തരാമെന്നാണ് ഇവരുടെ വാഗ്ദാനം. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രതിമാസം ഒന്നരലക്ഷം രൂപ കൈക്കൂലി നൽകിയാണ് അരികടത്ത് നിർബാധം തുടരുന്നത്.

സാമ്പിൾ കണ്ട് ഇടപാട് ഉറപ്പിക്കാം

നൂറ് ടൺ അരി വേണമെങ്കിലും തരാമെന്ന് അരി മാഫിയ ഉറപ്പു നൽകും. ഇതൊരു ഉപജീവനമാർഗമായി സ്വീകരിച്ച യുവാക്കൾ നിരവധിയുണ്ട് അതിർത്തി മേഖലകളിൽ. ഒരു കിലോ അരിക്ക് പതിനെട്ട് രൂപയാണ് ഈ സംഘം ഇടപാടുകാരിൽ നിന്ന് ഈടാക്കുന്നത്. അരിയുടെ ഫോട്ടോ വാട്സാപ്പിൽ അയച്ചുതരും. ആവശ്യപ്പെടുന്നത് അനുസരിച്ച് സാമ്പിളുമായി ആളെത്തും. ശേഷം വിലയുറപ്പിക്കലും തൂക്കം നിശ്ചയിക്കലുമാണ്.

ദിവസവും പത്തുമുതൽ പന്ത്രണ്ട് ടൺ അരിവരെ കേരളത്തിലേക്ക് കടത്തുന്നുണ്ട്.

സൗജന്യ അരിയുടെ വരവ്

തമിഴ്‌നാട്ടിൽ റേഷൻകാർഡിലെ ഓരോ അംഗത്തിനും അഞ്ചുകിലോ അരി ലഭിക്കും. നല്ല വെളുത്ത,​ നീളത്തിലുള്ള പുഴുക്കലരി. തമിഴ്‌നാട്ടുകാർ പുഴുക്കലരി ചോറിനായി ഉപയോഗിക്കാറില്ല. പലഹാരങ്ങളുണ്ടാക്കും. ചോറിന് പൊന്നിയരിയാണ്. ഓരോ വീട്ടിലും കുറഞ്ഞത് 15 കിലോ അരി ലഭിക്കും.

ഇടത്തരക്കാർ മുതൽ മുകളിലേക്കുള്ളവർ റേഷനരി ഉപയോഗിക്കാറേയില്ല. ഇവരിൽനിന്നാണ് ഏജന്റുമാർ വഴി അരിവാങ്ങുന്നത്. സൗജന്യ അരി റേഷൻ കടയിൽനിന്ന് വാങ്ങുന്ന മുറയ്ക്കുതന്നെ ഏജന്റുമാർ വീടുകളിലെത്തും. കിലോയ്ക്ക് നാലും അഞ്ചും രൂപ നൽകി ഇവർ അരിവാങ്ങും. റേഷനരി വാങ്ങാത്തവരുടെ പേരിൽ കടക്കാർതന്നെ അരി വാങ്ങി മറിച്ചുവിൽക്കുന്നതും വ്യാപകമാണ്. ഓരോ ദിവസവും വാങ്ങുന്ന അരി ശേഖരിച്ചുവെച്ചാണ് വലിയ വണ്ടികളിലും മറ്റും അതിർത്തി കടത്തുന്നത്.

കടത്താൻ മൊപ്പെഡ് മുതൽ ട്രെയിൻ വരെ

തമിഴ്‌നാടിന്റെ അതിർത്തിജില്ലകളിലെ 41 ചെക്‌പോസ്റ്റുകൾ വഴിയാണ് റേഷനരി പാലക്കാടെത്തുന്നത്. പല വഴികളിലൂടെ വാളയാറും കഞ്ചിക്കോടും എത്തിക്കുന്ന അരി വൻകിട ഏജന്റുമാർ കിലോയ്ക്ക് 15 മുതൽ 20 രൂപ വരെ നൽകി വാങ്ങും.

മൊപ്പെഡും ഓട്ടോയും മിനിവാനും വഴിയാണ് കൂടുതലായും അരി കടത്തുന്നത്. ട്രെയിനുകളിൽ പാസഞ്ചർവഴിയും രാത്രിയിലെ എക്‌സ്പ്രസ് വണ്ടികൾ വഴിയും അരിയെത്തുന്നുണ്ട്. ചാക്കിൽനിറച്ച് കടത്തുന്ന അരി വാളയാർ, കഞ്ചിക്കോട് സ്റ്റേഷനുകൾക്ക് സമീപം ട്രെയിനിൽനിന്ന് തള്ളിയിടുകയാണ് പതിവ്. ഇത് പിന്നെ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റും. ട്രെയിനിൽനിന്ന് അരി പിടിച്ചാലും ഉടമസ്ഥരെ കിട്ടാറില്ല.

തമിഴ്‌നാട് റേഷനരി വാങ്ങാൻ കേരളത്തിൽ ആവശ്യക്കാരേറെയുണ്ട്. നല്ല പുഴുക്കലരി കിലോയ്ക്ക് 40 രൂപയ്ക്ക് മുകളിൽ വിലയുള്ളപ്പോൾ 25, 30 രൂപയ്ക്ക് കിട്ടുന്ന അരി വാങ്ങാൻ ആവശ്യക്കാർ കൂടുതലുണ്ടാവും.

റേഷനരി കിട്ടാത്ത മറുനാടൻ തൊഴിലാളികൾ, ഹോട്ടലുകാർ, അരി മില്ലുകാർ എന്നിവരാണ് അരി വാങ്ങുന്നത്. സാധാരണക്കാർക്ക് ചില്ലറയായും അരി വിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കടത്തുകാർക്ക് വിപണി കണ്ടെത്തൽ ഒരു വിഷയമേയല്ല. എത്ര അരി കൊണ്ടുവന്നാലും അത് വിറ്റുപോകും.

പിടികൂടിയാലും ശിക്ഷയില്ല

കടത്തിക്കൊണ്ടുവരുന്ന റേഷനരി സംഭരിക്കുന്നത് ചിറ്റൂർ, പാലക്കാട് താലൂക്കുകൾ കേന്ദ്രീകരിച്ചാണ്. നിസാര തുകയ്ക്ക് തമിഴ്‌നാട്ടിൽ നിന്നും വാങ്ങുന്ന അരി പോളിഷ് ചെയ്തും അല്ലാതെയും പുതിയ ചാക്കുകളിലാക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നു. പോളിഷ് ചെയ്ത അരി കിലോയ്ക്ക് 35 രൂപയ്ക്ക് മുകളിലാണ് വിൽക്കുന്നത്.

പാലക്കാട്ട് കൊണ്ടുവരുന്ന അരി പുതിയ ചാക്കുകളിലാക്കിയാൽ പിന്നെ തമിഴ്‌നാട് റേഷനരിയാണെന്ന് തെളിയിക്കാൻ ഏറെ ബുദ്ധിമുട്ടാണെന്ന് ജില്ലാ സപ്ലൈ ഓഫീസ് അധികൃതർ പറയുന്നു. കോടതിയിൽ കേസ് നിൽക്കണമെങ്കിൽ റേഷനരിയാണെന്ന് തെളിയിക്കണം. ഇത് പലപ്പോഴും സാധിക്കാത്തതിനാൽ അരി കടത്തുന്നവർക്ക് വലിയ ശിക്ഷയും കിട്ടാറില്ല. പിടിക്കുന്ന അരി സിവിൽസപ്ലൈസ് ഡിപ്പോകളിൽ സൂക്ഷിച്ച് റേഷൻകടവഴി വിതരണം ചെയ്യലാണ് ആകെ നടക്കുന്നത്.

നേരത്തേ റേഷനരി കടത്തുന്നത് പിടിക്കുമായിരുന്നെങ്കിലും കാര്യമായ നടപടികളുണ്ടായിരുന്നില്ല. പക്ഷേ, കേസുകൾ കൂടിയതോടെ സിവിൽ സപ്ലൈസ് വകുപ്പിന്റെ ശുപാർശ പരിഗണിച്ച്, കേസുകൾ രജിസ്റ്റർചെയ്ത് നടപടിയെടുക്കാൻ രണ്ടുമാസം മുമ്പ് ജില്ലാ പൊലീസ് സൂപ്രണ്ട് നിർദ്ദേശം നൽകിയിട്ടുണ്ട്. എങ്കിലും കേരളത്തിൽ അരികടത്തലിൽ നടപടികളും ശിക്ഷയും കുറവാണ്. അതുതന്നെയാണ് റേഷനരികടത്ത് തുടരാനുള്ള കാരണവും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RICE, TAMILNADU RATION RICE, KERALA, ONAM, POLISHED RICE, RICE SMUGGLING
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.