SignIn
Kerala Kaumudi Online
Sunday, 25 September 2022 7.57 PM IST

ചരിത്രത്തിലേക്ക് വെളിച്ചം വീഴുമ്പോൾ

thiruvithamkodu-sasanam
തിരുവിതാംകോട് ശാസനം

ചരിത്രം എന്നും തിരുത്തലുകൾക്കും വാദപ്രതിവാദങ്ങൾക്കും വിധേയമായിരുന്നാൽ മാത്രമേ ചരിത്ര സത്യങ്ങൾക്കു ആധികാരികത കൈവരൂ. ചരിത്രത്തിന്റെ തുടിപ്പ് നിലനിറുത്താൻ ഇവ അനിവാര്യമാണ്. ചരിത്രവസ്തുതകൾ കൂടുതൽ കൃത്യതയോടെ മുന്നിലെത്തുമ്പോൾ അതുവരെ വിശ്വസിച്ച പല ചരിത്ര സംഭവങ്ങളുടെയും വ്യക്തികളുടെയും നിയോഗം ചിലപ്പോൾ മാറ്റിമാറിക്കപ്പെട്ടെന്നു വരും. അങ്ങനെ ചില ചരിത്രസത്യങ്ങൾ പുരാരേഖകളിൽ നിന്നും പുതുവെളിച്ചത്തിലേക്ക് എത്തിനോക്കുന്നു.

ഉമയമ്മ അല്ല ഉമ

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ, ഒന്നാം സ്വാതന്ത്ര്യസമരമെന്നു വാഴ്ത്തപ്പെടുന്ന 1721 ലെ ആറ്റിങ്ങൽ കലാപവും പുനർചിന്തിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് എഴുതപ്പെട്ട ചരിത്രവ്യക്തികളെ സംബന്ധിച്ച് തെറ്റിദ്ധാരണകൾ നിലനില്ക്കുമ്പോൾ. രേഖാപരമായി
1694 ൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയ്ക്കു അഞ്ചുതെങ്ങിൽ പണ്ടകശാല കെട്ടാനും കുരുമുളക് വ്യാപാരം നടത്താനും ആറ്റിങ്ങൽ റാണി അനുവാദം നൽകിയത് മുതലാണ് ഇവിടെ ബ്രിട്ടീഷ് അധിനിവേശത്തിന് അടിസ്ഥാനമായത്. കോട്ടകെട്ടാൻ അനുവാദം നൽകിയെങ്കിലും ഇംഗ്ലീഷുകാരുടെ നടപടികളിൽ അവമതിപ്പുണ്ടായ റാണി കോട്ട നിർമ്മാണം നിറുത്തിവയ്‌ക്കാൻ ഉത്തരവിട്ടു. ഉത്തരവ് ധിക്കരിച്ചു കോട്ടകെട്ടൽ തുടർന്നപ്പോൾ റാണി സൈന്യത്തെ അയയ്‌ക്കുകയും കോട്ടയിലെ ഇംഗ്ലീഷ്‌കാരുമായി സംഘർഷമുണ്ടാവുകയും ചെയ്തു. വിജയം ഇംഗ്ലീഷ്‌കാർക്കായിരുന്നെങ്കിലും വ്യാപാരതാത്‌പര്യം മുൻനിറുത്തി റാണിയുമായി നയപരമായി രമ്യതയിൽ പോകാനായിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് താത്‌പര്യം. റാണിയുടെ പ്രീതി പിടിച്ചുപറ്റാൻ പലപ്പോഴായി വിലപിടിപ്പുള്ള പാരിതോഷികങ്ങൾ കാഴ്ചവയ്‌ക്കുകയും ചെയ്തിരുന്നു. ഇതൊക്കെയായിരുന്നെങ്കിലും 1697 ൽ ചില സ്വകാര്യ ഇംഗ്ലീഷ് വ്യാപാരികളുടെ ഇടപെടൽ മൂലം റാണി വീണ്ടും അഞ്ചുതെങ്ങ് ആക്രമിച്ചു. ഇതിനിടയിൽ അഞ്ചുതെങ്ങിലെ ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥർ തമ്മിൽ ചില അധികാര തർക്കങ്ങളുമുണ്ടായി. ഭാവി പ്രശ്നങ്ങൾക്കു ഇതും കാരണമായി. പ്രാദേശിക വ്യാപാരികളോടും ജനങ്ങളോടും കോട്ടയിലെ ഉദ്യോഗസ്ഥരുടെ ധാർഷ്ട്യപരമായ സമീപനവും പ്രാദേശികവ്യാപാരത്തിലെ കൈകടത്തലും 1720 ൽ സ്‌ഫോടനാത്മകമായ സംഭവങ്ങളിലേക്ക് നയിച്ചു. കമ്പനിയിൽനിന്നും ജനങ്ങൾക്കു നേരിട്ട ദുരനുഭവം കോട്ട ഉപരോധത്തിനു കാരണമായി. ജനങ്ങൾക്കിടയിൽ കമ്പനിക്കെതിരെ കോപം പുകഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കോട്ടയിലെ കമാൻഡർ ഗിഫോർഡ് ആറ്റിങ്ങൽ റാണിക്ക് കാഴ്ചവയ്‌ക്കാനുള്ള പാരിതോഷികങ്ങളുമായി 1721 ഏപ്രിൽ 15 ന് 140 പേരടങ്ങുന്ന സംഘത്തോടൊപ്പം ആറ്റിങ്ങലിലേക്ക് പുറപ്പെടുകയും, തിരികെ വരുന്ന വഴി ആക്രമിക്കപ്പെടുകയും ഭൂരിഭാഗം പേരും വധിക്കപ്പെടുകയും ചെയ്തു.

ആറ്റിങ്ങൽ കലാപമെന്നറിയപ്പെടുന്ന ഈ ചരിത്രസംഭവം നടന്നപ്പോൾ ആറ്റിങ്ങൽ റാണി അഥവാ ആറ്റിങ്ങൽ മൂത്ത തമ്പുരാൻ ഉമയമ്മ റാണിയായിരുന്നു ( അശ്വതി തിരുനാൾ ഉമയമ്മ )എന്ന് പല ചരിത്രപുസ്തകങ്ങളിലും ഗവേഷണ പ്രബന്ധങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ തിരുത്തുണ്ട്. റീജിയന്റായി വേണാട് ഭരിച്ച അശ്വതി തിരുനാൾ ഉമയമ്മ റാണിയുടെ ഭരണകാലം 1677 മുതൽ 1684 വരെയാണ് (കൊല്ലവർഷം 853 - 860). ആറ്റിങ്ങൽ കലാപം നടക്കുമ്പോൾ ആറ്റിങ്ങൽ മൂത്ത തമ്പുരാൻ അഥവാ ആറ്റിങ്ങൽ റാണി സാക്ഷാൽ അനിഴം തിരുനാൾ മാർത്താണ്‌ഡവർമ്മയുടെ മാതാവായ 'ഉമ 'ആയിരുന്നു. ഉമയമ്മ റാണിയല്ല. പേരിലുള്ള സാദൃശ്യം കാരണം ഈ വസ്തുത ഒരു ചരിത്രപ്പിശകായി ഇപ്പോഴും ആവർത്തിക്കപ്പെടുന്നു. അതിനാൽ, ആറ്റിങ്ങൽ കലാപമെന്ന ചരിത്രസംഭവത്തിന് സാക്ഷ്യം വഹിക്കാനുള്ള ചരിത്രനിയോഗം ആറ്റിങ്ങൽ മൂത്തതമ്പുരാനും അനിഴം തിരുനാൾ മാർത്താണ്‌ഡവർമ്മയുടെ മാതാവുമായ ഉമയ്ക്കായിരുന്നു.

അശ്വതി തിരുനാൾ ഉമയമ്മ റാണിയുടെ കാലഘട്ടം കേരളത്തിന്റെ അഥവാ തിരുവിതാംകൂർ ചരിത്രത്തിൽ രാഷ്ടീയപരമായി മാത്രമല്ല സാമൂഹികപരമായും നിർണായകമാണ്. രാജാധികാരത്തിനായുള്ള ഒരു വടംവലിയ്ക്ക് അതിപ്രാചീനമായ ഒരു സാമൂഹിക ദുരാ ചാരത്തെ നിരോധിക്കാനുള്ള നിയോഗമുണ്ടായി.
കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ കറുത്ത ഏടുകളിൽ പെട്ടതാണ് പുലപ്പേടി മണ്ണാപ്പേടി. വർഷത്തിലെ ചില പ്രത്യേക മാസങ്ങളിൽ അല്ലെങ്കിൽ ദിനങ്ങളിൽ മണ്ണാൻ, പുലയൻ, പറയൻ തുടങ്ങിയ അക്കാലത്തെ തീണ്ടൽ ജാതിക്കാർക്കു മേൽജാതിയിൽപ്പെട്ട സ്ത്രീകളെ പിടിച്ചുകൊണ്ടുപോകാൻ അനുവാദം നല്കുന്ന അനാചാരമായിരുന്നു പുലപ്പേടി മണ്ണാപ്പേടി. പിടിച്ചുകൊണ്ടു പോകുന്നതിനാൽ മണ്ണാപ്പിടിയെന്നും പുലപ്പിടിയെന്നും പറയും. മേൽജാതിക്കാരുടെ വീടിന്റെ ചുറ്റുവട്ടത്ത് എവിടെയെങ്കിലും ഒളിച്ചും പതുങ്ങിയും നിന്ന് സ്ത്രീകളെ പിടിക്കാം. തൊട്ടുതീണ്ടണമെന്ന്‌ പോലും നിർബന്ധമില്ല. പകരം ഒരു കല്ലോ കമ്പോ എറിഞ്ഞുകൊള്ളിച്ചാലും തീണ്ടലാവും. ചിലപ്പോൾ ' കണ്ടേ കണ്ടേ ' എന്ന് വിളിച്ചുകൂവിയാൽ മതി തീണ്ടലാവാൻ. അതോടെ തീണ്ടിയ ആൾക്ക് ആ സ്ത്രീ സ്വന്തമായി. അങ്ങനെ തീണ്ടിയ സ്ത്രീയെ പിന്നെ അവരുടെ തറവാട്ടിൽ അകം കൊള്ളിക്കില്ല. മദ്ധ്യകാല കേരളത്തിലെ പല ആചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കൂട്ടത്തിൽ പ്രധാനപെട്ട ഒന്നായി ഇതിനെ കണക്കാക്കുന്നു.

പുലപ്പേടി മണ്ണാപ്പേടി
നിറുത്തലാക്കിയതാര് ?

തിരുവിതാംകോടു ശാസനപ്രകാരം കൊല്ലവർഷം 871 തൈ 25 നു (1696 AD) വീര കേരളവർമ്മയാണ് പുലപ്പേടി മണ്ണാപ്പേടി നിറുത്തലാക്കിയത്. എന്നാൽ പല ചരിത്രകാരന്മാരുടെയും നിഗമനത്തിൽ ഇതു കോട്ടയം കേരളവർമ്മയാണ്.
മതിലകം രേഖകളുടെ അടിസ്ഥാനത്തിൽ ഒന്ന് വിശകലനം ചെയ്യാം.
അശ്വതി തിരുനാൾ ഉമയമ്മ റാണി ബാലനായ മകൻ കാർത്തികതിരുനാൾ ഇരവി വർമ്മയുടെ റീജിയന്റ് ആയിട്ടാണ് കൊല്ലവർഷം 853 ൽ അധികാരത്തിൽ വന്നത്. പെൺവഴി തമ്പുരാക്കന്മാർ ഇല്ലാത്തതിനാൽ അവർ രണ്ടു പെൺകുഞ്ഞുങ്ങളെ ദത്തെടുത്തെങ്കിലും ഇരുവരും മരിച്ചുപോയി. ഉമയമ്മയ്‌ക്ക് ശത്രുക്കൾ ഏറെയുണ്ടായിരുന്നു. വേണാട്ടിൽ തീർത്ഥാടനത്തിനു വന്ന കോട്ടയം കേരള വർമ്മയെ അവർ ദത്തെടുത്തു. അനന്തരാവകാശമില്ലാത്ത ദത്തായിരുന്നു അത്. മറിച്ചായിരുന്നെങ്കിൽ ഉമയമ്മ റാണി റീജിയന്റ് സ്ഥാനം ഒഴിയുകയും കോട്ടയം കേരളവർമ്മയെ മഹാരാജാവായി വാഴിക്കുകയും ചെയ്യുമായിരുന്നു. സ്വന്തം മകനേക്കാൾ കോട്ടയം കേരളവർമ്മയ്ക്കു പ്രായകൂടുതലുണ്ടല്ലോ. അതുണ്ടായില്ല.

ഉമയമ്മ റാണിയുടെ ഭരണത്തിലും നയത്തിലും അപ്രീതിയുണ്ടായിരുന്ന ചിലർ, പേരകം, കൊട്ടാരക്കര രാജശാഖകളിലെ അംഗങ്ങളെ കാണുകയും രാജ്യഭാരം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ പേരകത്താവഴിയിലെ (നെടുമങ്ങാട് ) രോഹിണി തിരുനാൾ വീരകേരളവർമ്മ രാജാധികാരം ഉന്നയിച്ചു. അദ്ദേഹം ചിങ്ങമാസം രോഹിണി നാളിൽ തന്റെ ജന്മദിനത്തിൽ കേരളപുരത്തു പോയി ' തിരുമുടിക്കലശം ' നിർവഹിച്ച് ചിറവമൂപ്പുകൊണ്ടതായും പ്രഖ്യാപിക്കുകയായിരുന്നു. ഇതിനായി പദ്മനാഭസ്വാമി ക്ഷേത്രം തന്ത്രി തരണനല്ലൂർ കേരളപുരത്തെത്തി. ഈ സംഭവത്തിൽ ക്ഷുഭിതയായിട്ടാണ് ഉമയമ്മ റാണി തരണനെല്ലൂരിനെ തന്ത്രിസ്ഥാനത്ത് നിന്നും നീക്കിയത്. ഈ സംഭവങ്ങൾക്കു പിന്നാലെ കുറച്ച് കാലം പകയും ഏറ്റുമുട്ടലും അക്രമങ്ങളും അതിക്രമങ്ങളും നടന്നു.

തിരുവിതാംകോടു ശാസനത്തിൽ വീരകേരളവർമ്മ ചിറവ മൂത്ത തമ്പുരാനാണ് പുലപ്പേടി മണ്ണാപ്പേടി നിറുത്തലാക്കിയതെന്നു പറയുന്നു. ചിറവമൂപ്പു കൊണ്ട വീരകേരളവർമ്മ പേരകതാവഴിയിലെ അംഗമാണ്. സ്വയം മഹാരാജാവായി പ്രഖ്യാപിക്കുകയായിരുന്നു. ഇദ്ദേഹമാണ് പുലപ്പേടി മണ്ണാപ്പേടി എന്ന ദുരാചാരം നിറുത്തലാക്കിയത്. അല്ലാതെ കോട്ടയം കേരള വർമ്മയല്ല. തിരുവിതാംകോട് ശാസനം പ്രകാരം തീണ്ടൽചെയ്ത വ്യക്തിയെ വധശിക്ഷയ്ക്കു വിധേയനാക്കുമെന്നും, തീണ്ടൽ കൊണ്ടുള്ള ദോഷം സ്ത്രീകൾക്ക് കുളത്തിൽ കുളിച്ചു ശുദ്ധിവരുത്തിയാൽ മാറുമെന്നും കൽകുളത്തു ഇരുന്നുകൊണ്ട് വീരകേരള വർമ്മ പുറപ്പെടുവിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു.

860 ൽ ഇരവിവർമ്മ അധികാരത്തിൽ വന്നു. കൊല്ലവർഷം 863 അരിയിട്ട് വാഴ്ച്ച നടന്ന ദിവസം ഇരവിവർമ്മ രണ്ടു പെൺവഴി തമ്പുരാക്കന്മാരെ ദത്തെടുത്തു. ഇവരിൽ മൂത്തതമ്പുരാൻ ഉമയുടെയും തട്ടാരി കോവിലകം (കിളിമാനൂർ കൊട്ടാരം ) രാഘവവർമ്മയുടെയും പുത്രനാണ് കൊല്ലവർഷം 881 ൽ ജനിച്ച അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ.

ജാതിജടിലമായ മദ്ധ്യകാലകേരള സമൂഹത്തിൽ സാമൂഹ്യപരിഷ്‌കാരം കൊണ്ടുവന്ന ഒരു ഉദ്ബുദ്ധ നടപടിയാണ് രോഹിണി തിരുനാൾ വീരകേരളവർമ്മയുടെ ഈ വിളംബരം. ഇതും ചരിത്രനിയോഗം.

( ഡോ. വൈശാഖ്. എ.എസ്. ചെമ്പഴന്തി എസ്.എൻ കോളേജ് ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറും എസ്. ഉമാ മഹേശ്വരി ചരിത്രകാരിയും ഗ്രന്ഥകർത്താവുമാണ് )​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HISTORY
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.